മാടക്കാല്‍ പുഴയിലെ പായല്‍ പ്രശ്‌നം: ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു
തൃക്കരിപ്പൂര്‍: മാടക്കാല്‍ പുഴയില്‍ നീരൊഴുക്കു നിലച്ചതിനാല്‍ പായല്‍ നിറഞ്ഞു ദുര്‍ഗന്ധം വമിക്കുന്നതു തടയാന്‍ പായല്‍ നീക്കം ചെയ്യാനുള്ള പദ്ധതി തയാറാക്കുന്നു. ഇന്നലെ ബണ്ടു പരിസരവും പായല്‍ നിറഞ്ഞ പുഴയും ജലവിഭവ വികസന മാനേജ്‌മെന്റ് സെന്റര്‍ ഉദ്യോഗസ്ഥരും മേജര്‍ ഇറിഗേഷന്‍ വകുപ്പ് അസി. എന്‍ജിനിയറും അടങ്ങുന്ന സംഘം പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
മാടക്കാല്‍ മുതല്‍ വയലോടി വരെയുള്ള പുഴയിലെ മണ്ണും പായലും നീക്കം ചെയ്യാനാണ് നിലവില്‍ പദ്ധതി തയാറാക്കുന്നത്. പായല്‍ നീക്കാമെങ്കിലും ഇതു ശാശ്വത പരിഹാരമല്ലെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തല്‍. 315 മീറ്റര്‍ നീളമുള്ള ബണ്ടില്‍ പത്തുമീറ്റര്‍ ഇടവിട്ട് മിനി ക്രോസ് ബാറുകള്‍ സ്ഥാപിക്കലാണ് അഭികാമ്യമെന്ന് 2001 മുതല്‍ കവ്വായിക്കായല്‍ നിരീക്ഷിക്കുന്ന ജലവിഭവ വികസന മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടൊപ്പം തന്നെ കൊവ്വപ്പുഴ തോട്, നാപ്പയില്‍ തോടും കെട്ടി സംരക്ഷിച്ച് ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്.
പതിറ്റണ്ടുകള്‍ക്ക് മുന്‍പ് മാടക്കാല്‍ പുഴയെ കീറിമുറിച്ച് ബണ്ട് നിര്‍മിച്ചതിനാല്‍ നീരൊഴുക്ക് നിലച്ചു. ആദ്യകാലങ്ങളില്‍ പായല്‍ പ്രശ്‌നമുണ്ടായില്ലെങ്കിലും ഏതാനും വര്‍ഷങ്ങളായി പുഴയില്‍ പായല്‍ അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നതിനൊപ്പം പരിസരവാസികള്‍ക്ക് അതിസാരം പിടിപെടുകയും പുഴയിലെ വെള്ളം ശരീരത്തില്‍ തട്ടിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയുമുണ്ടായി. കൂടാതെ പ്രത്യേക തരം പ്രാണികളും ഇവിടെ വ്യാപകമായുണ്ട്.
മത്സ്യ ബന്ധനം നടത്താന്‍ കഴിയാത്തതിനൊപ്പം ദുര്‍ഗന്ധം രൂക്ഷമായതും കാരണം മൂന്നു വര്‍ഷം മുന്‍പ് ബണ്ട് മുറിച്ച് കലുങ്കു കെട്ടിയിരുന്നെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. കഴിഞ്ഞ വര്‍ഷം ലക്ഷങ്ങള്‍ ചെലവഴിച്ച് ബണ്ട് നവീകരിക്കുന്ന അവസരത്തില്‍ ഒരു പൈപ്പ് കലുങ്കുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ശാശ്വത പരിഹാരമായില്ല. ഇതിനെ തുടര്‍ന്ന് കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചത്.
ജലവിഭവ വികസന മാനേജ്‌മെന്റ് സാങ്കേതിക വിദഗ്ധന്‍ ശശിധരന്‍ പള്ളിക്കുഴി, റിസര്‍ച്ച് അസിസ്റ്റന്റുമാരായ ഫൈസല്‍, സുധീഷ്, മേജര്‍ ഇറിഗേഷന്‍ അസി. എന്‍ജിനിയര്‍ എ അലി എന്നിവര്‍ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ ബാവ, എം അബ്ദുല്ല ഹാജി, വി.ടി ശാഹുല്‍ ഹമീദ് സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."