ജില്ലയില്‍ കരിമീന്‍ കൃഷിക്ക് നല്ലകാലം
ചെറുവത്തൂര്‍: കരിമീന്‍ നാട്ടില്‍ കിട്ടുമെങ്കിലും കൃഷിക്കായി കുഞ്ഞുങ്ങളെ ലഭിക്കണമെങ്കില്‍ കര്‍ഷകര്‍ക്ക് മലപ്പുറത്തും പൊന്നാനിയിലുമൊക്കെ പോകണമായിരുന്നു. എന്നാല്‍, ജില്ലയില്‍ തന്നെ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചു തുടങ്ങിയതോടെ കരിമീന്‍ കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ തെക്കേക്കാട് കവ്വായി കായലില്‍ ഒരു കൂട്ടം കര്‍ഷകര്‍ മത്സ്യകൃഷി വിജയകരമായി നടത്തിവരുന്നുണ്ട്. ഇതില്‍ തെക്കേക്കാട്ടെ കെ പ്രിയദാസനാണ് കരിമീന്‍ ഹാച്ചറി ഒരുക്കിയിരിക്കുന്നത്.
ഓരുജലത്തിലും ശുദ്ധജലത്തിലും ഒരുപോലെ വളരുമെന്നതിനാല്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ നിരവധിപേര്‍ കരിമീന്‍ കൃഷിയിലും സജീവമാവുകയാണ്. എട്ടുവര്‍ഷമായി മത്സ്യകൃഷി രംഗത്തുള്ള പ്രിയദാസന്‍ ഒരുവര്‍ഷം മുന്‍പാണ് കരിമീന്‍ ഹാച്ചറി ഒരുക്കിയത്. ആറായിരത്തോളം കുഞ്ഞുങ്ങളെ ഇതിനോടകം ആവശ്യക്കാര്‍ക്ക് നല്‍കികഴിഞ്ഞു. മധ്യകേരളത്തില്‍ നിന്നും 18 രൂപവരെ നല്‍കിയാണ് കര്‍ഷകര്‍ കുഞ്ഞുങ്ങളെ വാങ്ങിയിരുന്നത്. 10 രൂപയ്ക്ക് ഇപ്പോള്‍ ജില്ലയില്‍ തന്നെ മത്സ്യകുഞ്ഞുങ്ങളെ ലഭിച്ചു തുടങ്ങി. മൂവായിരത്തോളം കുഞ്ഞുങ്ങള്‍ ഇപ്പോള്‍ വില്‍പനയ്ക്ക് തയാറായിട്ടുണ്ട്. മത്സ്യ കൃഷി മേഖലയിലെ സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ നൂതന മത്സ്യ കര്‍ഷക അവാര്‍ഡ് നേടിയിട്ടുണ്ട് ഇദ്ദേഹം. കായലിന്റെ ഓരത്തുള്ള ജലാശയത്തില്‍ രണ്ട് മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലും പൈപ്പ്, കവുങ്ങ് എന്നിവ സ്ഥാപിച്ച് പ്രത്യേകം വല ഉപയോഗിച്ചുള്ള കൂടുകള്‍ നിര്‍മിച്ചാണ് മത്സ്യകൃഷിയെങ്കില്‍ പുഴയോരത്ത് പ്രത്യേകം തയാറാക്കിയ ചെറിയ ജലാശയത്തിലാണ് കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നത്. കളാഞ്ചി, ചെമ്പല്ലി, വറ്റ, വളോടി തുടങ്ങിയ മീനുകളും കൃഷി ചെയ്യുന്നുണ്ട്. 450 രൂപ മുതല്‍ ഒരു കിലോ മീനിന് ലഭിക്കും. മഴക്കാലമായാലും വേനല്‍ക്കാലമായാലും കൃഷി രീതിക്ക് മാറ്റമില്ല. നീല വിപ്ലവം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ സഹകരണത്തോടെയാണ് കര്‍ഷകര്‍ ഓരു ജലാശയ കൂട് മത്സ്യ കൃഷി ഒരുക്കുന്നത്. എന്നാല്‍, ഹാച്ചറിക്ക് പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."