അനുമതിക്കായി പി.എസ്.സി വീണ്ടും സര്‍ക്കാരിനെ സമീപിക്കുന്നു
തിരുവനന്തപുരം: പരീക്ഷ എഴുതുന്നതിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് നിശ്ചിത തുക ഫീസായി ഈടാക്കാന്‍ അനുമതി തേടി പി.എസ്.സി വീണ്ടും സര്‍ക്കാരിനെ സമീപിക്കുന്നു. പി.എസ്.സിയുടെ ഈ ആവശ്യം നേരത്തെ സര്‍ക്കാരും മുഖ്യമന്ത്രിയും തള്ളിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തില്‍ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടാണ് പി.എസ്.സിയുടെ പുതിയ നീക്കം. പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയിട്ടും എഴുതാതിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് പി.എസ്.സിക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. ഈ സാഹചര്യംകൂടി കണ്ടാണ് ഇക്കാര്യം വീണ്ടും ആവശ്യപ്പെടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനമെടുത്തത്.
യൂണിവേഴ്‌സിറ്റികളും യു.പി.എസ്.സിയും പരീക്ഷക്ക് ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. നിലവില്‍ പി.എസ്.സിയുടെ വകുപ്പുതല പരീക്ഷകള്‍ ഓണ്‍ലൈനിലേക്ക് മാറിക്കഴിഞ്ഞു. ഭാവിയില്‍ മറ്റ് പരീക്ഷകളും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തില്‍ ഫീസായി ചെറിയൊരു തുക ഈടാക്കണമെന്ന ആവശ്യം ബജറ്റ് നിര്‍ദേശത്തിലും ധന വകുപ്പ് മുന്‍പാകെ സമര്‍പ്പിക്കാനാണ് പി.എസ്.സി ലക്ഷ്യമിടുന്നത്.
പരീക്ഷ എഴുതാന്‍ തയാറുള്ള അപേക്ഷകരില്‍നിന്ന് ഉറപ്പുവാങ്ങുന്ന കണ്‍ഫര്‍മേഷന്‍ സമ്പ്രദായം പി.എസ്.സി നടപ്പാക്കിയത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമായിരുന്നു. എന്നിട്ടും സാമ്പത്തികനഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നടന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ (വി.ഇ.ഒ) പരീക്ഷക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയ കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 1,92,409 പേരില്‍ ഹാജരായത് 97,498 പേര്‍ മാത്രമായിരുന്നു. തിരുവനന്തപുരം, വയനാട് ജില്ലകളില്‍ ഒക്ടോബര്‍ 12ന് നടത്തിയ പരീക്ഷയില്‍ 2,04,444 പേര്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയെങ്കിലും പകുതിപ്പേരേ എത്തിയുള്ളൂ. ഇത്തരത്തില്‍ വി.ഇ.ഒ പരീക്ഷക്ക് മാത്രം പി.എസ്.സിക്ക് നാല് കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."