പോളിടെക്‌നിക്കുകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍പരിശീലനം നിര്‍ത്താന്‍ നീക്കം
കാസര്‍കോട്: രാജ്യത്തെ 550 പോളിടെക്‌നിക്കുകള്‍ മുഖേന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടപ്പിലാക്കുന്ന സാമൂഹികവികസന പദ്ധതി നിര്‍ത്തലാക്കാന്‍ നീക്കം. 2016 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനത്തിനുള്ള ഫണ്ട് രണ്ടുമാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. രാജ്യത്തെ പോളിടെക്‌നിക്കുകളിലെ പദ്ധതി നടത്തിപ്പുകാര്‍ 2016 വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ച പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഇതേവരെ അനുവദിക്കാത്തത് പദ്ധതി നിര്‍ത്താലാക്കാനുള്ള നീക്കമാണെന്ന സൂചനയാണു നല്‍കുന്നത്. പദ്ധതി നിര്‍ത്തലാക്കിയാല്‍ പ്രതിവര്‍ഷം രാജ്യത്തെ ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ലക്ഷക്കണക്കിനുവരുന്ന യുവതി-യുവാക്കളുടെ തൊഴില്‍ പരിശീലനം നിലയ്ക്കും.
രാജ്യത്തെ പോളിടെക്‌നിക്കുകള്‍ വഴി ഗ്രാമീണ മേഖലയിലെ യുവതി-യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി അവര്‍ക്ക് സ്വയംതൊഴില്‍ തുടങ്ങാന്‍ സാധ്യമാക്കുന്നതിന് 2010ലാണു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സാമൂഹ്യവികസന പദ്ധതി തുടങ്ങിയത്. ഇതുവഴി തൊഴില്‍ പരിശീലനത്തിന് തയാറാകുന്നവര്‍ക്ക് ഗ്രാമീണ മേഖലയിലെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തൊഴില്‍ പരിശീലനം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി വഴി ഇതുവരെ ലക്ഷക്കണക്കിന് യുവതി-യുവാക്കള്‍ ഇന്നു തൊഴില്‍ രംഗത്ത് സജീവമാണ്. പോളിടെക്‌നിക്കുകള്‍ വര്‍ഷാവര്‍ഷം സമര്‍പിക്കുന്ന പദ്ധതി അംഗീകരിച്ചശേഷം ഫണ്ട് അനുവദിക്കാറാണ് പതിവ്. എന്നാല്‍ ഇക്കുറി പദ്ധതി അംഗീകരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ഫണ്ട് അനുവദിച്ചിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത് ബൃഹത്പദ്ധതിയാണെന്നതിനാല്‍ രാജ്യത്തെ പോളിടെക്‌നിക്കുകളില്‍ പദ്ധതി നടത്തിപ്പിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇവരാണ് പോളിടെക്‌നിക്കുകളുടെ കീഴില്‍ ഈ പദ്ധതി നടത്തിയിരുന്നത്.
പദ്ധതി നിര്‍ത്തലാക്കുന്നതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തൊഴില്‍ രഹിതരാകും. പോളിടെക്‌നിക്കുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കാണ് മേല്‍നോട്ട ചുമതല. ഒരു വര്‍ഷം ചുരുങ്ങിയത് 20 ലക്ഷംരൂപ വരെ പദ്ധതി നടത്തിപ്പിനായി ഒരു പോളി ടെക്‌നിക്കിന് അനുവദിച്ചിരുന്നു. എന്നാല്‍ ഇക്കുറി ഫണ്ടനുവദിക്കുന്നതു സംബന്ധിച്ച് ഒരുത്തരവും എത്താത്തത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ നീക്കം നടത്തുന്നതായ സൂചനയാണ് നല്‍കുന്നത്.
അഞ്ചു മേഖലകളിലായി ബ്യൂട്ടിഷ്യന്‍, തയ്യല്‍, കൃഷി തുടങ്ങി നിരവധി ഇനങ്ങളില്‍ യുവതി-യുവാക്കളെ സ്വയം തൊഴില്‍ സജ്ജരാക്കുന്ന പദ്ധതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഒരുവശത്ത് തൊഴില്‍ രഹിതരായ യുവതി-യുവാക്കളുടെ തൊഴില്‍ പരിശീലന സാധ്യത ഇല്ലാതാകുമ്പോള്‍ അഞ്ചു വര്‍ഷമായി ഈ മേഖലയില്‍ രാജ്യത്താകമാനം ജോലിചെയ്യുന്നവര്‍ തൊഴില്‍രഹിതരുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."