സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ബാസ്‌ക്കറ്റ് ബോള്‍ പരിശീലന പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി സംസ്ഥാന കായിക യുവജന കാര്യാലയം നടപ്പാക്കുന്ന ബാസ്‌ക്കറ്റ് ബോള്‍ പരിശീലന പദ്ധതിയായ 'ഹൂപ്പ്‌സിന്' തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു.
വിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ച് വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫുട്‌ബോള്‍, നീന്തല്‍, അത്‌ലറ്റിക്‌സ് എന്നിവയുടെ പരിശീലനത്തിനായി ഇതിനകം പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന കിക്ക് ഓഫ് പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനായി 1000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഫിറ്റ്‌നസ് സെന്ററുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൂപ്‌സ് പദ്ധതിയുടെ ലോഗോയും വെബ്‌സൈറ്റും മന്ത്രി പ്രകാശനം ചെയ്തു. ഒന്‍പത്് മുതല്‍ 12 വയസ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 10 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
40 കുട്ടികള്‍ വീതമുള്ള മൂന്ന് ബാച്ചുകളാണ് ഓരോ പരിശീലന കേന്ദ്രത്തിലും ഉണ്ടാവുക. രണ്ടാംഘട്ടം അടുത്ത സാമ്പത്തികവര്‍ഷം നടപ്പാക്കും. പരിശീലന പദ്ധതി വിലയിരുത്തുന്നതിന് സെന്റര്‍ തലത്തിലും സംസ്ഥാനതലത്തിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂനെയിലെ കിന്റര്‍ സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ബാസ്‌ക്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ് മുഖ്യാതിഥി ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."