തളിപ്പറമ്പില്‍ പണിമുടക്ക് ഹര്‍ത്താലായി
തളിപ്പറമ്പ്: ദേശീയ പണിമുടക്കില്‍ തളിപ്പറമ്പില്‍ ഹര്‍ത്താല്‍ പ്രതീതി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ദേശീയ തലത്തില്‍ തുടരുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിനം തളിപ്പറമ്പ് നിശ്ചലമായി. പൊതുഗതാഗത സര്‍വിസ് ഒന്നുംതന്നെ നടന്നില്ല. വ്യാപാര സ്ഥാപനങ്ങളും മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പൊതു കമ്പോളവും അടഞ്ഞുകിടന്നു. നിര്‍ബന്ധിച്ച് കട അടപ്പിക്കരുതെന്ന് വ്യാപാരികള്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. അതിനാല്‍ തളിപ്പറമ്പിലെ വ്യാപാരികള്‍ കട തുറന്നേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ പണിമുടക്കിന്റെ ആദ്യദിനം ആരും കട തുറക്കാന്‍ തയാറായില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ രാവിലെ നഗരത്തില്‍ പ്രകടനവും നടന്നു. ധര്‍മ്മശാലയില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പറശ്ശിനിക്കടവ്, ഒഴക്രോം, കടമ്പേരി, കാനൂല്‍ എന്നിവിടങ്ങളില്‍ നിന്നുവന്ന പ്രകടനങ്ങള്‍ ധര്‍മ്മശാലയില്‍ സംഗമിച്ചു. തുടര്‍ന്ന് പൊതുയോഗം സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ചെങ്കല്‍ തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റിയംഗം മണിയമ്പാറ കുഞ്ഞമ്പു അധ്യക്ഷനായി. കെ. സന്തോഷ്, എം.വി ജനാര്‍ദനന്‍, കെ. കുഞ്ഞപ്പ, കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."