നഞ്ചന്‍കോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത: പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരണം ത്വരിതപ്പെടുത്തണം
കല്‍പ്പറ്റ: നഞ്ചന്‍കോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ പ്രത്യേക ഉദ്ദേശ്യ കമ്പനി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാതക്ക് കേന്ദ്ര അനുമതി ലഭ്യമാക്കാനായത്. ബാക്കിയുള്ള പദ്ധതികള്‍ക്കു കൂടി അംഗീകാരം ലഭിക്കാനായി കാത്തിരുന്നാല്‍ കാലതാമസമുണ്ടാകുമെന്നതിനാല്‍ അംഗീകാരം ലഭിച്ച പദ്ധതിയുടെ തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണം.
സംയുക്ത സംരംഭമായി നടപ്പാക്കാന്‍ കേരളം നിര്‍ദേശിച്ച എട്ട് റെയില്‍വേ പദ്ധതികളില്‍ നഞ്ചന്‍കോഡ്-നിലമ്പൂര്‍ റെയില്‍പാതക്ക് മാത്രമാണ് കേന്ദ്രാനുമതി ലഭിച്ചത്. ഈ പാതയുടെ ചിലവിന്റെ പകുതി വഹിക്കാമെന്നും സംസ്ഥാനം വഹിക്കേണ്ട ബാക്കി തുക പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിച്ച ശേഷം ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയായോ സ്വകാര്യ മൂലധനമായോ സമാഹരിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
പാതയില്‍ നിന്നുള്ള വരുമാനം കൊണ്ട് വായ്പ തിരിച്ചടച്ച ശേഷം കമ്പനി പാത റയില്‍വേയെ തിരിച്ചേല്‍പ്പിക്കുകയാണ് ചെയ്യുക. രാജ്യത്തൊട്ടാകെ 30 റെയില്‍വേ പദ്ധതികള്‍ക്കാണ് ഇപ്രകാരം അനുമതി ലഭിച്ചത്. ഈ പദ്ധതികള്‍ നടപ്പാക്കാനുള്ള ഫണ്ട് കഴിഞ്ഞ പൊതുബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. നിര്‍മാണം തുടങ്ങാനായി നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാത പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാതയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും അന്തിമസ്ഥല നിര്‍ണയ സര്‍വേയും ഇ ശ്രീധരന്റെ നേതൃത്വത്തില്‍ തയാറാക്കുന്നുണ്ട്. ഇപ്പോള്‍ത്തന്നെ പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരണ നടപടികള്‍ ആരംഭിച്ചാല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തിയായാലുടന്‍ പാതയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളും ടെണ്ടര്‍ നടപടികളും ആരംഭിക്കാം. ജനപ്രതിനിധികളുടെ കോഡിനേഷന്‍ കമ്മിറ്റി കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നഞ്ചന്‍കോഡ്-നിലമ്പൂര്‍ റെയില്‍പാതയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അതീവ താല്‍പ്പര്യമാണ് പ്രകടിപ്പിച്ചത്. ബാംഗ്ലൂരില്‍ നിന്നും ഏഴ് മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്താവുന്ന ഈ റെയില്‍പാത രണ്ട് സംസ്ഥാനങ്ങളുടേയും വികസനത്തിന് നിര്‍ണായകമാണ്.
കേരളത്തിനും കര്‍ണാടകക്കും ഇടയിലെ വനത്തില്‍ കടന്നുപോകുന്ന 11 കി.മീ ദൂരം തുരങ്കപാതയായി നിര്‍മിക്കാനാണ് ഇ ശ്രീധരന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
പ്രത്യേക ഉദ്ദേശ്യ കമ്പനിയുടെ രൂപീകരണനടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രി തോമസ് ഐസക്കിനും നിവേദനം നല്‍കിയിട്ടുണ്ട്.
ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കണ്‍വീനര്‍ അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി.വൈ മത്തായി, വി മോഹനന്‍, എം.എ അസൈനാര്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ഫാ. ടോണി കോഴിമണ്ണില്‍, ജേക്കബ് ബത്തേരി, നാസര്‍ കാസിം, അനില്‍, സംഷാദ്, സല്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."