ഉറുഗ്വെ പുറത്ത്
ഫിലാഡല്‍ഫിയ: തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഉറുഗ്വെ കോപ്പ അമേരിക്കയില്‍ നിന്ന് പുറത്തായി. രണ്ടാം മത്സരത്തില്‍ വെനസ്വെലയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഉറുഗ്വെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. അതേസമയം ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനും ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്താനും വെനസ്വെലയ്ക്ക് സാധിച്ചു. ടീമിന് ആറു പോയിന്റാണുള്ളത്.
മെക്‌സിക്കോയോട് തോറ്റ ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഉറുഗ്വെ കളത്തിലിറങ്ങിയത്. ക്രിസ്റ്റ്യന്‍ സ്റ്റുവാനി, ഗാസ്റ്റന്‍ റാമിറസ്, ആല്‍വാരോ ഗോണ്‍സാലസ്, ഗാസ്റ്റന്‍ സില്‍വ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. വെനസ്വെല നിരയില്‍ സെയ്ജാസിന് പകരം അഡാല്‍ബര്‍ട്ടോ പെനറാന്‍ഡയെ ഉള്‍പ്പെടുത്തി. ഈ മാറ്റം വെനസ്വെലയ്ക്ക് ഗുണം ചെയ്യുന്നതാണ് തുടക്കം മുതല്‍ കണ്ടത്. നിരന്തരം മുന്നേറ്റം നടത്തിയ വെനസ്വെല ഉറുഗ്വെയെ പ്രതിരോധത്തിലാഴ്ത്തി. എന്നാല്‍ പതുക്കെ ഉറുഗ്വെ മത്സരത്തിലേക്ക് തിരിച്ചുവന്നു. 15ാം മിനുട്ടില്‍ ഗോണ്‍സാലസ് ഒരുക്കികൊടുത്ത അവസരത്തില്‍ എഡിന്‍സന്‍ കവാനി ഷോട്ടുതീര്‍ത്തെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. അധികം വൈകാതെ റാമിറസ് എടുത്ത ഫ്രീകിക്കില്‍ നിന്ന് കവാനി ഗോള്‍ നേടുമെന്ന് കരുതിയെങ്കിലും ആ അവസരവും താരം നഷ്ടപ്പെടുത്തി.
36ാം മിനുട്ടില്‍ വെനസ്വെല വിജയഗോള്‍ നേടി. അഡ്വാന്‍സ് ചെയ്തു നിന്ന് ഉറുഗ്വെ ഗോളി ഫെര്‍ണാണ്ടോ മുസ്‌ലേരയെ മുകളിലൂടെ അലക്‌സാന്ദ്രോ ഗ്വെര ഷോട്ടുതിര്‍ത്തെങ്കിലും മുസ്‌ലേര കഷ്ടപ്പെട്ട് ഷോട്ട് കുത്തിയകറ്റി. എന്നാല്‍ റീബൗണ്ടില്‍ പന്ത് ലഭിച്ച സലോമന്‍ റോന്‍ഡന്‍ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഗോള്‍ വഴങ്ങിയതോടെ ഏതു വിധേനയും തിരിച്ചടിക്കാന്‍ ഉറുഗ്വെ ശ്രമിച്ചു. രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ ടീമിന് ലഭിക്കുകയും ചെയ്തു. കവാനിയുടെ തകര്‍പ്പനൊരു പാസ് റാമിറസിന് ലഭിച്ചെങ്കിലും അത് പുറത്തേക്ക് പോയി. 52ാം മിനുട്ടില്‍ സ്റ്റുവാനി ഗോള്‍ ഉറപ്പിച്ച ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല. ഗോളടിക്കാനുള്ള ശ്രമത്തിനിടെ പ്രതിരോധത്തില്‍ വീഴ്ച്ച വരുത്തിയ ടീമിനെ പെനറാന്‍ഡ ഞെട്ടിച്ചെങ്കിലും മുസ്‌ലേരയുടെ സേവുകള്‍ ടീമിനെ വമ്പന്‍ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം ആക്രമണം കടുപ്പിച്ച ഉറുഗ്വെ രണ്ടു സുവര്‍ണാവസരം കളഞ്ഞു കുളിച്ചു. 89ാം മിനുട്ടില്‍ ലഭിച്ച തുറന്ന അവസരം കവാനി പുറത്തേക്ക് അടിച്ചു കളയുകയായിരുന്നു. തൊട്ടടുത്ത നിമിഷം ലഭിച്ച അവസരം വെനസ്വെല ഗോളി ഡാനിയല്‍ ഹെര്‍ണാണ്ടസ് സേവ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."