ചക്കംകണ്ടത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവം: പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചത് മുനിസിപ്പല്‍ അധികൃതരുടെ ഇരട്ടത്താപ്പ് മൂലമെന്ന് ആരോപണം
ചാവക്കാട്: ചക്കംകണ്ടത്ത് കുടിവെള്ള സ്രോതസുകള്‍ മലിനമാകുന്ന വിധത്തില്‍ കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ട് വന്ന് തള്ളിയ സംഭവത്തില്‍ പ്രതികള്‍ക്ക് നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കിയത് ചാവക്കാട് മുനിസിപ്പല്‍ അധികൃതരുടെ ഇരട്ടത്താപ്പ് മൂലമാണെന്ന് എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. 40 വര്‍ഷത്തോളമായി ചക്കംകണ്ടം പരിസരവാസികള്‍ അനുഭവിക്കുന്ന മാലിന്യപ്രശ്‌നം അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന സമയത്താണ് ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ വന്നത് നാട്ടുകാര്‍ കൈയോടെ പിടികൂടിയത്. വിവരമറിഞ്ഞെത്തിയ ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കുറ്റക്കാര്‍ക്കെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ പൊലിസില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഒരുമനയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും, സി പി എം ലോക്കല്‍ കമ്മറ്റിയംഗവുമായ വനിത സഖാവിന്റെ മകനാണ് കക്കൂസ് മാലിന്യം തള്ളാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ടാങ്കര്‍ ലോറിയുടെ ഉടമ എന്നതിനാലാണ് ചാവക്കാട് മുനിസിപ്പല്‍ അധികൃതര്‍ സംഭവത്തില്‍ അനാസ്ഥ കാട്ടിയത്. കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം ജല സ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം മുനിസിപ്പാലിറ്റിക്ക് തന്നെ നേരിട്ട് കോടതി മുഖാന്തിരം നടപടി സ്വീകരിക്കാന്‍ ശക്തമായ നിയമം നില നില്‍ക്കെ അത് ഉപയോഗപ്പെടുത്താതെ നിസാരവകുപ്പു ചുമത്തി പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് നഗരസഭ ഒരുക്കി കൊടുക്കുകയായിരുന്നു. കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറി ഉടമസ്ഥനും, സ്ഥാപനങ്ങള്‍ക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ നഗരസഭ തയാറായില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികളുമായി എസ്ഡിപിഐ മുന്നോട്ട് പോകുമെന്ന് ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് ടി എം അക്ബര്‍ പറഞ്ഞു. യോഗത്തില്‍ മണ്ഡലം സെക്രട്ടറി കെ എച്ച് ഷാജഹാന്‍, കരീം ചെറായി, ഫാമിസ് അബൂബക്കര്‍, ഷിഹാബ് പുന്നയൂര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."