ആത്മഹത്യ ചെയ്യാന്‍ കാത്തിരുന്ന യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു വിളിച്ച് പൊലിസ്
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന് സമീപമുള്ള റെയില്‍ പാളത്തില്‍ ആത്മഹത്യ ചെയ്യാന്‍ കാത്തിരുന്ന 28 കാരന് പൊലിസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ജീവിതത്തിലേക്ക് മടക്കം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയാണ് ജീവിത നൈരാശ്യത്തെ തുടര്‍ന്ന് മരണത്തെ പുല്കാന് രാത്രിയില്‍ റെയില്‍ പാളത്തിലെത്തിയത്.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് ഒരു ഇന്റര്‍വ്യൂവിന് പുറപ്പെട്ടതായിരുന്നു യുവാവ്. തുടര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തത്. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് മാതാവിനെ വിളിച്ചറിയിച്ചു. സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കലാമണ്ഡലത്തിന് സമീപത്തെ പൊന്തക്കാട്ടിലൊളിപ്പിച്ചു. റെയില്‍ പാളത്തില്‍ കയറി. യുവാവ് എത്തുമ്പോഴേയ്ക്കും ഒരു ട്രെയിന്‍ കടന്ന് പോയി. അടുത്ത ട്രെയിന്‍ വേണ്ടി കാത്തിരിക്കുന്നതിനിടയില്‍ പൊലിസിന്റെ സമയോചിതമായ ഇടപെടല്‍ ഉണ്ടായി. യുവാവിന്റെ അമ്മയുടെ ഫോണിലൂടെയുള്ള പരാതിയെ തുടര്‍ന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ച പൊലിസ് സൈബര്‍ സെല്ലിന്റ സഹായത്തോടെ യുവാവ് ഏത് ഭാഗത്താണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കലാമണ്ഡലം പരിസരത്ത് രാത്രിയില്‍ പാളത്തിലൂടെയുള്ള തിരച്ചിലിനൊടുവിലാണ് പൊന്ത കാട്ടിനുള്ളില്‍ നിന്ന് യുവാവിനെ കണ്ടെത്തിയത്.
ബന്ധുക്കളെ വിളിച്ച് വരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചു. അഡീഷണല്‍ എസ്.ഐ ഷെയ്ക്ക് ഹമീദ്, ഹോം ഗാര്‍ഡ് എസ്. ഉസ്മാന് , സി.പി. ഒ പി.സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."