റമദാന്‍ പ്രഭ: പരിശീലനമാകണം റമദാന്‍
നോമ്പ്‌കൊണ്ട് അല്ലാഹു സൃഷ്ടികളില്‍ നിന്നും ഉദ്ദേശിക്കുന്നത് സംശുദ്ധമായ ജീവിതത്തിന് അവരെ പാകപ്പെടുത്തലാണ്. 'വാക്കിലും നോക്കിലും പ്രവൃത്തികളിലും നിയന്ത്രണം പാലിക്കാത്തവര്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പട്ടിണി കിടന്നാല്‍ അത് നോമ്പ് ആകുകയില്ല. ഹൃദയം കൊണ്ടു കൂടി ആചരിക്കാത്ത നോമ്പ് അല്ലാഹുവിന് ആവശ്യമില്ല'. ആരെങ്കിലും കള്ളവാക്കുകളും അതിനാലുള്ള പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്റെ നോമ്പ് സ്വീകാര്യമേയല്ലെന്ന് പ്രവാചക തിരുമേനി (സ) വിവരിച്ചിട്ടുണ്ട്.
റമദാന്‍ സത്യസന്ധതയുടെ പരിശീലന കളരിയാണ്. വിശ്വാസികളുടെ അടയാളമാണ് സത്യസന്ധത. നബി(സ) പറഞ്ഞു: 'ഒരു കപട വിശ്വാസിയുടെ അടയാളം മൂന്നാണ്. അവന്‍ സംസാരിച്ചാല്‍ കള്ളം പറയും. വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ വഞ്ചിക്കും'. കാപട്യമുള്ളവരാണ് കളവ് പറയുന്നത്.
സത്യസന്ധരാവുക അത്ര എളുപ്പമല്ല. നാമുള്‍കൊള്ളുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് സത്യസന്ധത. എല്ലാ രംഗത്തും അതു തെളിഞ്ഞു നില്‍ക്കണം. അപകടാവസ്ഥയില്‍ പോലും സത്യസന്ധത മുറുകെ പിടിക്കണമെന്നാണ് നബി(സ)യുടെ ഉദ്‌ബോധനം. വാക്കും പ്രവൃത്തിയും ചിന്തയും സത്യസന്ധമായിരിക്കണം. ഭൗതികമായ പല പ്രലോഭനങ്ങളും നമ്മെ സത്യസന്ധതയില്‍ നിന്ന് വഴിതെറ്റിക്കുന്ന ഘടകങ്ങളാണ്. തമാശക്ക് പോലും മനുഷ്യന്‍ കള്ളം പറയുന്നുണ്ട്. താല്‍കാലിക ലാഭേച്ഛയാണിതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
നബി(സ) പറഞ്ഞു: ''ജനങ്ങളെ ചിരിപ്പിക്കാനായി സംസാരത്തിനിടെ കള്ളം പറയുന്നവന് നാശം, അവന് നാശം, അവന് നാശം'' (അബൂദാവൂദ്). ചെറിയ കള്ളം പോലും നിസാരമാക്കാന്‍ പാടില്ല. ഒരു കള്ളം പറഞ്ഞാല്‍ അതിനെ സ്ഥാപിക്കാന്‍ നിരവധി കള്ളങ്ങള്‍ പറയേണ്ടി വരും. നാം നിസാരമായി ഗണിക്കുന്ന കൊച്ചുകൊച്ചു കളവുകളായി മാറുന്നതെന്നത് വിസ്മരിക്കരുത്. പലതുള്ളി പെരുവെള്ളമെന്നാണല്ലോ തത്വം.
കുട്ടികളോടു പോലും കളവ് പറയരുതെന്നാണ് നബി(സ) പഠിപ്പിച്ചത്. അബ്ദുല്ലാഹിബ്‌നു ആമിര്‍(റ) പറയുന്നു: ''ഒരു ദിവസം പ്രവാചകന്‍ ഞങ്ങളുടെ വീട്ടിലിരിക്കെ, എന്റെ ഉമ്മ എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു: 'ഇവിടെ വാ നിനക്ക് ഒരു സാധനം തരാം.' അപ്പോള്‍ നബി(സ) ചോദിച്ചു: 'നിങ്ങള്‍ എന്താണ് അവന് കൊടുക്കാന്‍ ഉദ്ദേശിച്ചത്?' ഉമ്മ പറഞ്ഞു: 'ഒരു കാരക്ക.' നബി(സ) പറഞ്ഞു: നിങ്ങള്‍ അവന് ഒന്നും കൊടുത്തിരുന്നില്ലെങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു കള്ളം രേഖപ്പെടുത്തപ്പെടും'' (അബൂദാവൂദ്).
നമ്മുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും എല്ലാം സ്രഷ്ടാവ് നിരീക്ഷിക്കുന്നുണ്ട്. ഈ ചിന്തയിലായിരിക്കണം നമ്മുടെ ഓരോ കര്‍മങ്ങളും. അതിനുള്ള പരിശീലനം കൂടിയാകണം നമുക്ക് റമദാന്‍. ആത്മീയ ഉന്നതിക്കായുള്ള പരിശീലനത്തിനായി നാം ഈ അവസരം മുതലാക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."