ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
ജിദ്ദ: സഊദിയടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലേക്ക് താഴ്ന്നു.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ എണ്ണയാവശ്യത്തിന്റെ 84 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ കൊല്ലം എണ്ണ ഇറക്കുമതിയുടെ 60 ശതമാനം മാത്രമാണ് ഇന്ത്യ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് നടത്തിയത്. 2018 ൽ എണ്ണ ഇറക്കുമതിയുടെ 65 ശതമാനത്തിനും മധ്യപൗരസ്ത്യദേശ രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. 2015 നു ശേഷം ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഇത്രയും കുറയുന്നത് ആദ്യമാണ്.
അമേരിക്ക, റഷ്യ പോലുള്ള രാജ്യങ്ങൾ എണ്ണയുൽപാദനം റെക്കോർഡ് നിലയിൽ വർധിപ്പിച്ചത് മറ്റു ഉറവിടങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യൻ ഇറക്കുമതിക്കാർക്ക് അവസരം ലഭ്യമാക്കി. കഴിഞ്ഞ വർഷം ഗൾഫിൽ നിന്ന് പ്രതിദിനം 26.8 ലക്ഷം ബാരൽ എണ്ണ തോതിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2018 നെ അപേക്ഷിച്ച് പത്തു ശതമാനം കുറവാണിത്. കഴിഞ്ഞ കൊല്ലം പ്രതിദിനം 18 ലക്ഷം ബാരൽ എണ്ണ തോതിൽ മറ്റു മേഖലകളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തു.
ഒപെക്കും സഖ്യരാജ്യങ്ങളും പ്രതീക്ഷിച്ചതിൽ കൂടുതലായി ഉൽപാദനം കുറച്ചതും അമേരിക്കൻ ഉപരോധം മൂലം ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞതും മധ്യപൗരസ്ത്യ ദേശത്തു നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറയാൻ ഇടയാക്കിയ ഘടകങ്ങളാണ്. അമേരിക്കയുടെ ഉപരോധങ്ങളുടെയും ഒപെക്കും സഖ്യരാജ്യങ്ങളും ഉൽപാദനം വെട്ടിക്കുറച്ചതിന്റെയും ഫലമായി ഒപെക് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഉൽപാദനത്തിൽ കഴിഞ്ഞ വർഷം പ്രതിദിനം 19 ലക്ഷം ബാരലിന്റെ വീതം കുറവുണ്ടായി.
ഇതേസമയം, ഒപെക് പ്ലസിനു പുറത്തുള്ള രാജ്യങ്ങളുടെ പ്രതിദിന ഉൽപാദനം 20 ലക്ഷം ബാരൽ തോതിൽ വർധിക്കുകയും ചെയ്തു. ഈ വർഷം ഒപെക് പ്ലസിനു പുറത്തുള്ള രാജ്യങ്ങൾ പ്രതിദിന ഉൽപാദനത്തിൽ 21 ലക്ഷം ബാരലിന്റെ വർധനവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യപൗരസ്ത്യ ദേശത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിന് ലക്ഷ്യമിട്ട് എണ്ണ ലഭ്യതാ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിന് ഇന്ത്യ ശ്രമിച്ചുവരികയാണെന്ന് ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."