അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ നടപടി തുടങ്ങി
തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. കഴിഞ്ഞ ദിവസം കൂടിയ തൊഴിലാളി പ്രധിനിതികളും തൊഴില്‍ ഉടമകളും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്.
കശുവണ്ടി വ്യവസായ രംഗത്ത് നിലവിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിച്ച് കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് തൊഴിലാളികളും തൊഴില്‍ ഉടമകളും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ അടിയന്തിരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ജൂണ്‍ എട്ടിന് കൂടിയ കശുവണ്ടി വ്യവസായ ബന്ധ സമിതി ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.
കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രി ഐ.ആര്‍.സി യോഗത്തില്‍ വിശദീകരിച്ചു. യോഗത്തില്‍ മുന്‍ തൊഴില്‍ വകുപ്പ് മന്ത്രിയായ പി.കെ ഗുരുദാസന്‍, വ്യവസായികളായ പി. സുന്ദരന്‍, ബാബു ഉമ്മന്‍, പി.സോമരാജന്‍, ശിവശങ്കരപിള്ള, അബ്ദുറാഹിമാന്‍ കുഞ്ഞ്, ജോബ്രാന്‍ ജി.വര്‍ഗീസ് എന്നിവരും അഡ്വ. ജി. ലാലു, എ.എ അസീസ്, വി. സത്യശീലന്‍, ഇ.കാസിം തുടങ്ങിയ തൊഴിലാളി യൂണിയന്‍ നേതാക്കളും കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. ബിജു, മാനേജിങ് ഡയറക്ടര്‍ ജീവന്‍ ബാബു, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ഡോ. ജി.എന്‍ മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംയുക്തയോഗം ഈ മാസം 18 ന് മന്ത്രിയുടെ ചേംബറില്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."