പണിമുടക്കിലെ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് കോടിയേരി
തിരുവനന്തപുരം: ഹര്‍ത്താലുകളുടെയും പണിമുടക്കുകളുടെയും മറവില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. എത്രത്തോളം അക്രമമുണ്ടായെന്ന് നോക്കിയല്ല സമരങ്ങളുടെ വിജയം തീരുമാനിക്കേണ്ടതെന്നും മറിച്ച് എത്രത്തോളം ജനപിന്തുണയുണ്ടായെന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് എതിരായി നില്‍ക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കോടിയേരി വ്യക്തമാക്കി.
അതേസമയം ഒറ്റപ്പെട്ട ചില അക്രമങ്ങള്‍ ഒഴിച്ച് നിറുത്തിയാല്‍ പണിമുടക്ക് പൂര്‍ണ വിജയത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ചതാണ് ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തി സമരങ്ങളെ ദുര്‍ബലമാക്കുന്ന ഒരു പ്രവണതയുണ്ട്. വന്‍ ജനരോക്ഷമാണ് ഇതിലൂടെ പാര്‍ട്ടികള്‍ക്ക് സംഭവിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പണിമുടക്കില്‍ മഹാഭൂരിപക്ഷം കടകളും സ്വമേധയാ അടച്ച് ആളുകള്‍ നമ്മുടെ സമരത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ഒരു സംഘടനയുടെ പ്രകടനത്തില്‍ ആരെങ്കിലും ഒരാള്‍ പിന്നില്‍ നിന്ന് കല്ലെറിഞ്ഞാല്‍ പ്രകടനത്തിന്റെ ഉദ്ദേശം ആ ഒറ്റക്കാരണത്താല്‍ അപ്രസക്തമാകും. ആ സംഘടന അറിഞ്ഞിട്ടാവില്ല ഒരു പക്ഷേ ആ അക്രമം. കല്ലെറിയുന്നവരും സമരക്കാരും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ല. സമരത്തിന്റെ ഉദ്ദേശം ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ സമാധാനപരമായിരിക്കണം. നമ്മള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഇതിന് മുന്‍കൈ എടുക്കണമെന്നും കോടിയേരി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."