ലോകാവസാനം: രണ്ടര മിനിറ്റും വിശുദ്ധ ഖുര്‍ആനിന്റെ മുന്നറിയിപ്പും
ലോകം അന്ത്യദിനത്തിലേക്ക് അടുത്തുവെന്ന് ആണവശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് വാര്‍ത്താമാധ്യമങ്ങള്‍ ഏറെ ഗൗരവത്തോടെ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ലോകം നേരിടുന്ന കടുത്തഭീഷണികളുടെ ഗൗരവത്തെ ഭരണാധികാരികളുടെയും ലോകനേതാക്കളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനായി തയാറാക്കിയ പ്രതീകാത്മക അന്ത്യദിനഘടികാരത്തിന്റെ (ഡൂംസ്‌ഡെ ക്ലോക്ക്) സൂചി അര്‍ധരാത്രിയോടു രണ്ടരമിനിറ്റു മാത്രം അകലെയാണിപ്പോള്‍ ശാസ്ത്രജ്ഞര്‍ നിര്‍ണയിച്ചിരിക്കുന്നത്.
അന്ത്യനാളിന്റെ പ്രവചനത്തെക്കുറിച്ചു മുന്‍പും ശാസ്ത്രലോകം മുന്നറയിപ്പു നല്‍കിയിട്ടുണ്ട്. 2007 ല്‍ ഇതേക്കുറിച്ചു കൂടുതല്‍ തെളിവുകളുമായി രംഗത്തുവന്ന പ്രമുഖ ശാസ്ത്രജ്ഞനാണു സ്റ്റീഫന്‍ ഹോക്കിങ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഈയിടെ ആവര്‍ത്തിക്കുകയുണ്ടായി. അന്ത്യനാളിനു വിവിധ കാരണങ്ങളാണു ശാസ്ത്രലോകം പറയുന്നത്. കാലാവസ്ഥാവ്യതിയാനവും ആണവായുധ ഭീഷണികളുമാണ് അവയില്‍ പ്രധാനം. ഭാവിയില്‍ മനുഷ്യന്റെ നിലനില്‍പ്പിന് ഏറ്റവും വലിയ ഭീഷണിയായി ഇവ രണ്ടും മാറുമെന്നാണ് ഹോക്കിങ് പറയുന്നത്.
1945ല്‍ അമേരിക്കയില്‍ വച്ച് ആദ്യമായി അണുബോംബ് നിര്‍മിച്ച സംഘത്തില്‍ പ്രവര്‍ത്തിച്ചവരുടെ 'ബുള്ളറ്റിന്‍ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്' എന്ന പ്രസിദ്ധീകരണത്തിലെ അംഗങ്ങളാണു 1947ല്‍ അന്ത്യദിനഘടികാരത്തിനു രൂപം നല്‍കിയത്. അന്ത്യദിനഘടികാര സങ്കല്‍പ്പത്തില്‍ സമയസൂചികകള്‍ അര്‍ധരാത്രിക്ക് അഞ്ചു മിനിറ്റു മാത്രമേയുളളൂവെന്നായിരുന്നു അന്നു പറഞ്ഞിരുന്നത്.
1953 ല്‍ സോവിയറ്റ് യൂനിയന്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചപ്പോഴാണ് ഘടികാരം അര്‍ധരാത്രിയോട് ഏറ്റവും അടുത്തത്. പിന്നീടത് ഏഴുമിനിറ്റിലേക്കു കൊണ്ടുവന്നു. 1991 ല്‍ സോവിയറ്റ് യൂനിയന്റെ പതനത്തോടെ ക്ലോക്ക് അര്‍ധരാത്രിയില്‍നിന്നു 17 മിനിറ്റ് അകലെയായി.
ലോകം കുറച്ചുകൂടി വേഗത്തില്‍ സഞ്ചരിച്ചു. അണുബോംബുകളുണ്ടാക്കാന്‍ പലരും മത്സരിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ അണുബോംബുകള്‍ സൂക്ഷിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ റഷ്യയും അമേരിക്കയുമാണ്. തൊട്ടടുത്ത് അണുബോംബുകള്‍ക്കു മേല്‍ അടയിരിക്കുന്നു ഇസ്‌റാഈല്‍.
അനിയന്ത്രിതമായി കാര്യങ്ങള്‍ നീങ്ങുകയും ലോകം മുഴുവനും പൊട്ടിത്തെറിയുടെ വക്കിലേക്കു നീങ്ങാന്‍ ഏറെ സഹായകമാവുന്ന രീതിയില്‍ സ്വേച്ഛാധിപതിയും വംശീയ വെറിയനും രാഷ്ട്രീയപരിചയമില്ലാത്തവനുമായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ വരുകയും ആണവായുധ മൊത്തക്കച്ചവടക്കാര്‍ ഒന്നിക്കുകയും ചെയ്തതും സര്‍വനാശങ്ങള്‍ക്കു കാരണമാകുന്ന അണുബോംബുകളുടെ വ്യാപനത്തെക്കുറിച്ചു മുമ്പ് ട്രംപ് പ്രസ്താവിച്ചതും കൂട്ടി വായിച്ചാണ് ലോകാവസാനത്തിന് ഇനി രണ്ടരമിനിറ്റ് എന്നുപറഞ്ഞു ബുള്ളറ്റിന്‍ ഇറക്കിയത്.
ലോകം വലിയൊരു പൊട്ടിത്തെറിയിലേക്കു നീങ്ങുകയാണെന്നതിനു വലിയ ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല. മനുഷ്യര്‍ മനുഷ്യരെയും ലോകത്തെതന്നെയും നശിപ്പിച്ചുകളയാന്‍ കണ്ടുപിടിച്ച ആണവായുധങ്ങള്‍ എത്രമാത്രം വിനാശകാരിയാണെന്നതിനു തെളിവാണ് രണ്ടാംലോകയുദ്ധകാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബു വര്‍ഷം. അമേരിക്കയാണ് അന്നു നാശം വിതച്ചത്.
ഡൈനാമിറ്റ് എന്ന സ്‌ഫോടകവസ്തു ലോകത്തുവരുത്തിവച്ച നാശം ഏറെ വലുതായിരുന്നു. ഡൈനാമിറ്റിന്റെ സംഹാരശേഷി അമേരിക്കയെപ്പോലുളള യുദ്ധക്കൊതിയന്മാരെ അതിലേക്ക് ആകര്‍ഷിച്ചു. 1871 ല്‍ ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ നടന്ന യുദ്ധത്തില്‍ വ്യാപകമായി ഇവ ഉപയോഗിക്കപ്പെടുകയും ധാരാളമാളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധങ്ങള്‍ക്കു മാത്രമല്ല വിപ്ലവങ്ങള്‍ക്കും ഇത് ആയുധമാക്കി മാറ്റി. ഡൈനാമിറ്റ് വരുത്തിവച്ച നാശം വിവരണാതീതമാണ്.
ലോകജനത ജീവനും സമാധാനത്തിനും വേണ്ടി പരക്കം പായുമ്പോള്‍ കൂട്ടിയിട്ട അണ്വായുധങ്ങള്‍ ചെലവഴിക്കാന്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ മിസൈലുകള്‍ വര്‍ഷിച്ച് കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണത്തിനു കൈയുംകണക്കുമില്ല. ആണവായുധം ലോകത്തിന്റെ നിലനില്‍പ്പിന് എന്നും ഭീഷണിയാണ്.
ലോകനാശത്തിന്റെ മറ്റൊരു കാരണം കാലാവസ്ഥാ വ്യതിയാനമാണ്. ഇതിന്റെ പ്രധാന കാരണം ലോകത്തെമ്പാടുമുള്ള സ്‌ഫോടനങ്ങളും അന്തരീക്ഷ മലിനീകരണങ്ങളും പ്രകൃതി ചൂഷണവുമാണെന്നു ശാസ്ത്രലോകം വിലയിരുത്തുന്നു. ആഗോളതാപനം കൂടിക്കൂടിവരുകയാണ്. മനുഷ്യര്‍ക്കും സസ്യങ്ങള്‍ക്കും ഹാനികരമെന്നു കരുതുന്ന അള്‍ട്രാ വയലറ്റ് ബി രശ്മി വികിരണം (യു.വി.ബി) റേഡിയേഷന്‍ ഭൂമിയില്‍ പതിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഭൗമാന്തരീക്ഷത്തിലെ ഓസോണ്‍ പാളികള്‍ക്കുണ്ടായ വിള്ളലാണ് ഈ വികിരണം ഭൂമിയില്‍ പതിക്കാന്‍ കാരണമെന്നും മനുഷ്യരാശിയെ ഒന്നടങ്കം ബാധിക്കുന്ന വിവിധ മാരകരോഗങ്ങള്‍ക്ക് അള്‍ട്രാവയലറ്റ് ബി രശ്മി കാരണമായേക്കുമെന്നും ശാസ്ത്രം വര്‍ഷങ്ങള്‍ക്കു മുന്‍പു വെളിപ്പെടുത്തിയിരുന്നു. ഇന്നതു യാഥാര്‍ഥ്യമായിരിക്കുന്നു. ഭൂമിയില്‍ മുന്‍പുള്ളതിനേക്കാള്‍ മാരകരോഗങ്ങള്‍ എത്രയോ മടങ്ങു വര്‍ധിച്ചിരിക്കുന്നു.
കാലാവസ്ഥാമാറ്റം മൂലം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കോടിക്കണക്കിനു മനുഷ്യര്‍ പട്ടിണിയിലാകുമെന്നും കുടിവെള്ളക്ഷാമം രൂക്ഷമാവുന്നതിനാല്‍ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും നിലനില്‍ക്കാന്‍ സാധിക്കാതെ വരുമെന്നും അതു ഭൂമിയുടെ അന്ത്യം കുറിക്കുമെന്നും ഈയടുത്തായി വന്ന ശാസ്ത്രക്കുറിപ്പുകളും സൂചിപ്പിക്കുന്നു. 2080 ആകുന്നതോടെ അന്തരീക്ഷ ഊഷ്മാവ് മൂന്നു സെല്‍ഷ്യസ് വരെ ഉയരാമെന്നും അതുമൂലം ലോകത്തിലെ ജനങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നപോലെ 20 മുതല്‍ 60 കോടിവരെയുള്ള ജനങ്ങള്‍ ഭക്ഷ്യക്ഷാമം നേരിട്ടു ഘട്ടങ്ങളായി മരിക്കുമെന്നും കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനലിന്റെ റിപ്പോര്‍ട്ടിലും പറയുന്നു.
അന്ത്യനാളിനെക്കുറിച്ചു ശാസ്ത്രത്തിന്റെ മുന്നറിയിപ്പും കണ്ടുപിടിത്തങ്ങളും വിലയിരുത്തലുകളും എന്തുതന്നെയായാലും ഈ ഭൂമിയും അതിലുള്ളതുമെല്ലാം സമീപഭാവിയില്‍ നശിച്ചുപോകുമെന്ന് ഇസ്‌ലാം മുന്നറിയിപ്പു നല്‍കുന്നു. അതു ഗോളങ്ങള്‍ കൂട്ടിയിടിച്ചോ വന്‍ദുരന്തങ്ങള്‍ സംഭവിച്ചോ പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമൂലമോ ആയിരിക്കാം. വ്യാഖ്യാനങ്ങള്‍ പലതും നല്‍കപ്പെടുന്നു. അതിന്റെ ലക്ഷണങ്ങള്‍ പൂര്‍ണമാകുമ്പോള്‍ അന്ത്യം സംഭവിക്കുമെന്നു ഖുര്‍ആന്‍ പറയുന്നു. അല്ലാഹു മനുഷ്യരുടെ നിലനില്‍പ്പിനുവേണ്ടി സജ്ജീകരിച്ച പലതിലും മനുഷ്യര്‍ കൈയേറ്റം നടത്തുകയും കൃത്രിമം കാണിക്കുകയും അതിര്‍വരമ്പുകള്‍ പൊളിച്ചുമാറ്റുകയും ചെയ്തിരിക്കുകയാണിന്ന്. അതിനാല്‍ വന്‍ദുരന്തങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നു.
ഭൂമിയില്‍ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും അത്യധികം അപകടങ്ങളായ ആണവായുധമത്സരവും കണക്കുതീര്‍ക്കലും ലോകത്തിന്റെ ശാന്തമായ അന്തരീക്ഷത്തെ തകിടം മറിക്കുകയും അതുമൂലം അസമാധാനത്തിന്റെയും അസ്വസ്ഥതയുടെയും ലോകത്തിലായി മാത്രം മനുഷ്യര്‍ കഴിഞ്ഞു കൂടുകയും ചെയ്യുന്നതോടുകൂടി എല്ലാം അനിയന്ത്രിതമായി തീരുകയും അതോടെ എല്ലാത്തിന്റെയും അവസാനം കുറിക്കുകയും ചെയ്യുമെന്നാണു ശാസ്ത്രലോകം ഈ അന്ത്യനാള്‍ കൊണ്ടുദ്ദേശിക്കുന്നത്.
അള്‍ട്രാവയലറ്റ് ബി രശ്മി ഭൂമിയില്‍ പതിക്കാന്‍ കാരണം കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളാണ്. കാലാവസ്ഥാമാറ്റത്തിന്റെ പ്രധാന കാരണങ്ങള്‍ മനുഷ്യരുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഭൗമാന്തരീക്ഷത്തെ ഭൂമിയുടെ മേല്‍ക്കൂരയായിട്ടാണ് അല്ലാഹു സംവിധാനിച്ചത്. മനുഷ്യര്‍ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ ദുരന്തമാണിന്ന് അനുഭവിക്കുന്നത്. മനുഷ്യനാശത്തിനു ഹേതുവാകുന്നതൊന്നും സൃഷ്ടിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യരുതെന്നു ഖുര്‍ആന്‍ പറയുന്നു. 'മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും കടലിലും കുഴപ്പങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആശ്വസിപ്പിക്കാന്‍ വേണ്ടിയത്രേ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം.' (ഖുര്‍ആന്‍ : 30:41).
'സ്വന്തം കൈകൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ നാശത്തിലേക്ക് എറിയരുത് ' (ഖുര്‍ആന്‍ : 2). എല്ലാം ഒരു വ്യവസ്ഥയിലൂടെ മാത്രമാണു ചലിച്ചുകൊണ്ടിരിക്കുന്നതെന്നു ഖുര്‍ആന്‍ പറയുന്നു. അവയുടെ പാത മാറുന്നതോടെ വ്യവസ്ഥകള്‍ക്കും മാറ്റം സംഭവിക്കുന്നു. ഇതുതന്നെയാണ് ഇസ്‌ലാം മുന്നറിയിപ്പു നല്‍കുന്ന അന്ത്യനാള്‍.
പ്രപഞ്ചത്തിന്റെ ഘടനയ്ക്കും വ്യവസ്ഥകള്‍ക്കും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നു നേരത്തേ ശാസ്ത്രം മുന്നറിയിപ്പു നല്‍കിയതാണല്ലോ. ഈ മാറ്റങ്ങളാണ് അന്ത്യദിനത്തിലേക്കു ലോകത്തെ നയിക്കുന്നതെന്നു ശാസ്ത്രം വെളിപ്പെടുത്തിയത്. അന്ത്യനാളിനെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു. 'ഒരൊറ്റഘോര ശബ്ദം മാത്രമാണ് അവര്‍ കാത്തിരിക്കുന്നത്. അവര്‍ അന്യോന്യം തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും.' (ഖുര്‍ആന്‍ : 36:49).
'ആകാശം പൊട്ടിപ്പിളര്‍ന്നു വെണ്‍മേഘപടലം പുറത്തുവരുകയും മലക്കുകള്‍ ശക്തിയായി ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം ഓര്‍ക്കുക.' (ഖുര്‍ആന്‍ : 2525).
'അതു നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും ഭൂമി വിണ്ടുകീറുകയും പര്‍വതങ്ങള്‍ തകര്‍ന്നുവീഴുകയും ചെയ്യും.' (ഖുര്‍ആന്‍ :19:90).
'മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുവിന്‍. തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരുകാര്യം തന്നെയാകുന്നു.' (ഖുര്‍ആന്‍ : 22:1).
'അന്ത്യസമയം വരുകതന്നെ ചെയ്യും അതില്‍ യാതൊരു സംശയവുമില്ല. ഖബറുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുനേല്‍പ്പിക്കുകയും ചെയ്യും.' (ഖുര്‍ആന്‍ : 22: 6)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."