സഊദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധയെന്ന് റിപ്പോർട്ട്
റിയാദ്: സഊദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധയേറ്റതായി റിപ്പോർട്ട്. നാട്ടിലെ ബന്ധുക്കളാണ് ജോലിക്കിടെ യുവതിക്ക് കൊറോണ വൈറസ് ബാധയേറ്റതായി വെളിപ്പെടുത്തിയത്. സഊദിയിലെ അബഹ അൽ ഹയാത് നാഷണൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് വൈറസ് ബാധയേറ്റതായി ബന്ധുക്കൾ വ്യക്തമാക്കിയത്. മലയാളി നഴ്‌സിനെ കൂടാതെ ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫിലിപ്പൈൻസ് രാജ്യക്കാരിയായ നഴ്‌സിനും വൈറസ് ബാധയേറ്റതായാണ് റിപ്പോർട്ടുകൾ. അതേസമയം, സഊദി ആരോഗ്യ മന്ത്രാലയമോ അധികൃതരോ ഇക്കാര്യത്തിൽ സ്ഥിരീകരണം പുറത്ത് വിട്ടിട്ടില്ല.
ഫിലിപ്പൈൻ സ്വദേശിക്കാണ് വൈറസ് ബാധ ആദ്യം പിടിപെട്ടതെന്ന് ഇതേ ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാർ വെളിപ്പെടുത്തി. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിക്ക് വൈറസ് പടര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ പത്ത് പേർക്കാണ് വൈറസ് ബാധയേറ്റതെന്നും ഇതിൽ എട്ടു പേരും മലയാളി നഴ്‌സുമാരുമാന്നെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് ചികിത്സകളും മറ്റു സൗകര്യങ്ങളുമൊരുക്കാൻ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ടു ആന്റോ ആന്റണി എംപി വിദേശ കാര്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്തിൽ തീരുമാനമെടുക്കാൻ ലോകാരോഗ്യ സംഘടന ജനീവയിൽ യോഗം ചേരുന്നുണ്ട്.
സഊദിയിൽ നേരത്തെയും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2012 സെപ്തംബർ മുതലാണ് സഊദിയിൽ മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം) കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 2016 ജൂൺ വരെ 600 ഓളം പേർ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടതായാണ് കണക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."