ഒരു യുവതി കൂടി ശബരിമലയില്‍ ദര്‍ശനം നടത്തി
ശബരിമല: ഒരു യുവതി കൂടി ശബരിമലയില്‍ ദര്‍ശനം നടത്തി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയും ദലിത് ഫെഡറേഷന് നേതാവുമായ 36കാരിയായ എസ്.പി മഞ്ജുവാണ് ചൊവ്വാഴ്ച രാവിലെ 7.30 ഓടെ ദര്‍ശനം നടത്തിയത്. മഞ്ജു തന്നെ തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പൊലിസിന്റെ സഹായമില്ലാതെയാണ് താന്‍ മല കയറിയതെന്ന് മഞ്ജു പറഞ്ഞു. ഉച്ചത്തില്‍ ശരണം വിളി കേള്‍ക്കുമ്പോഴെല്ലാം തന്നെ കണ്ടിട്ടാണോയെന്ന് സംശയിച്ചെങ്കിലും അയ്യപ്പന്റെ അനുഗ്രഹത്താല്‍ ഒന്നും സംഭവിക്കുകയുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. ഇവര്‍ മുമ്പൊരു തവണ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചിരുന്നെങ്കിലും അക്രമികള്‍ തടഞ്ഞതിനാല്‍ സാധിച്ചിരുന്നില്ല.
സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുമുടിക്കെട്ടുമായി നില്ക്കുന്ന ഫോട്ടോയും വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ''രണ്ടു മണിക്കൂര്‍ സന്നിധാനത്തുണ്ടായിരുന്ന താന്‍ വഴിപാട് കഴിപ്പിച്ച ശേഷമാണ് മടങ്ങിയത്. ആരുടെ ഭാഗത്തു നിന്നും ഒരു എതിര്‍പ്പുമുണ്ടായില്ല''- മഞ്ജു പറഞ്ഞു.
കനകദുര്‍ഗ, ബിന്ദു അമ്മിണി, ശ്രീലങ്കന്‍ സ്വദേശിനി ശശികല എന്നിവര്‍ക്കു പിന്നാലെ ശബരിമലയിലെത്തുന്ന യുവതിയാണ് മഞ്ജു. പുലര്‍ച്ചെ നാലോടെയാണ് പമ്പയിലെത്തിയത്. പൊലിസ് സംരക്ഷണം തേടിയിരുന്നില്ല. രാവിലെ 7.30ന് ദര്‍ശനം നടത്തി. അയ്യപ്പഭക്തരും, അയ്യപ്പ സേവാസംഘവും എല്ലാ സഹായങ്ങളും ചെയ്തുവെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇതേപ്പറ്റി ഒന്നും അറിയില്ലെന്ന് അയ്യപ്പ സേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് പി. ബാലന് അറിയിച്ചു.
[video width="220" height="400" mp4="http://suprabhaatham.com/wp-content/uploads/2019/01/manju.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."