അഞ്ജുവും സംഘവും പുറത്തേക്ക്; ടി.പി ദാസനെ പ്രസിഡന്റാക്കാന്‍ നീക്കം
ആലപ്പുഴ: അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍നിന്നു പുറത്തേക്ക്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന നിയമനങ്ങളിലെല്ലാം മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലും അഴിച്ചു പണി വരുന്നത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് അഞ്ജുവിനെ നീക്കുന്നതിനൊപ്പം ഭരണസമിതിയെ ഒന്നാകെ പിരിച്ചു വിടും. രണ്ടു ദിവസത്തിനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
നിലവില്‍ അഞ്ജു അടക്കമുള്ള ഭരണസമിതി അംഗങ്ങളെല്ലാം തന്നെ യു.ഡി.എഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതാണ്. ജില്ലാ ഭരണ സമിതികളും നോമിനേറ്റഡ് അംഗങ്ങളാണ്. നോമിനേഷന് പകരം ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടു വന്നേക്കും. കുത്തഴിഞ്ഞു കിടന്നിരുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്തേക്ക് കെ.ബി ഗണേശ്കുമാര്‍ മന്ത്രിയായിരുന്നപ്പോഴാണ് കായികതാരം പത്മിനി തോമസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.
പിന്നീട് പുതിയ കായിക നയം ഓര്‍ഡിനന്‍സായി പുറത്തിറക്കിയതിന് പിന്നാലെ പത്മിനിയെ മാറ്റി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഞ്ജു ബോബി ജോര്‍ജിനെ കൗണ്‍സില്‍ അധ്യക്ഷയാക്കി. എന്നാല്‍, കായിക താരങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്ത് എത്തിയിട്ടും വഴിവിട്ട നിയമനങ്ങള്‍ക്കും ധൂര്‍ത്തിനും കുറവുണ്ടായില്ല.
വിമാന യാത്ര ടിക്കറ്റ് വിവാദവും സഹോദരന്റെ നിയമനവും ഉള്‍പ്പടെ വിവാദങ്ങളില്‍ പെട്ടതോടെ അഞ്ജുവും മുന്‍ഗാമികളുടെ വഴിയെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഭരണം നടത്തുന്നതെന്ന പ്രതീതി കായിക രംഗത്തും കേരളീയ സമൂഹത്തിലും ഉയരുന്നതിന് കാരണമായി.
ഇതിന് പുറമേ ബംഗ്ലൂരിലെ സ്വന്തം അക്കാദമിയിലേക്ക് കേരളത്തില്‍ നിന്നും കായിക താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതെന്നും വിമര്‍ശനമുണ്ടായി. കേരളത്തിലെ കായിക രംഗത്ത് താരങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കി നല്‍കാന്‍ ബാധ്യതയുള്ള അധ്യക്ഷ സ്വന്തം സ്ഥാപനത്തിലേക്ക് താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു എന്ന ആരോപണവും ഉയര്‍ന്നു.
ഭരണ രംഗത്ത് കഴിവ് തെളിയിക്കാന്‍ കായിക താരങ്ങള്‍ക്ക് കഴിയില്ലെന്നതിന്റെ തെളിവായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്തെത്തിയ കായിക താരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. സ്‌പോര്‍ട്‌സ് കൗണ്‍സിസില്‍ നടന്ന വഴിവിട്ട നിയമനങ്ങളും അഴിമതിയും സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ തെളിവുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ശക്തമായ വിജിലന്‍സ് അന്വേഷണത്തിലൂടെ അഴിമതി ഉള്‍പ്പടെ പുറത്തു കൊണ്ടു വരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതിന്റെ മുന്നോടിയായാണ് അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചു വിടാന്‍ ഒരുങ്ങുന്നത്. മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ ടി.പി ദാസനെ പുതിയ പ്രസിഡന്റാക്കാനാണ് നീക്കം. തന്റെ സേവനം വേണ്ടെങ്കില്‍ പുറത്താക്കൂവെന്ന നിലപാടിലാണ് അഞ്ജു. എന്നാല്‍, പുറത്താക്കുന്നതിന് മുന്‍പ് മാന്യമായി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്. മാന്യമായി അഞ്ജു അധ്യക്ഷ സ്ഥാനം രാജിവച്ചു പോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."