'വംശം നോക്കിയില്ല, മനുഷ്യനെന്നതാണ് പ്രധാനം' -കന്‍സാസ് വെടിവെപ്പില്‍ നായകനായി അമേരിക്കന്‍ യുവാവ്
കന്‍സാസ്, യു.എസ്: വംശീയവെറിക്കിരയായി ഇന്ത്യക്കാരനായ എഞ്ചിനീയര്‍ യു.എസില്‍ കൊല്ലപ്പെട്ട ദുരന്തവാര്‍ത്തയില്‍ നായകനായി ഒരു അമേരിക്കക്കാരന്‍. ജീവന്‍ പണയം വെച്ച് ഇന്ത്യന്‍ പൗരന്‍മാരെ രക്ഷിക്കാന്‍ ശ്രമിച്ച ഇയാന്‍ ഗ്രിലോട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുന്നത്. ഇതിനിടെ ഇയാനും പരുക്കേറ്റിട്ടുണ്ട്. കയ്യിലലും നെഞ്ചിലും വെടിയേറ്റ ഇയാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ബാറിലെ സന്ദര്‍ശകര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയുടെ കയ്യില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങാനായിരുന്നു ഇയാന്റെ ശ്രമം. അതിനിടെ വെടിയേല്‍ക്കുകയായിരുന്നു. ഇങ്ങനെ പ്രശംസിക്കാന്‍ മാത്രം താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഇയാന്‍ വിനയാന്വിതനാവുന്നു. ' സാധാരണ എല്ലാ മനുഷ്യരും ചെയ്യുന്നതു മാത്രമേ ചെയ്തിട്ടുള്ളു. ഇര ഏത് നാട്ടുകാരനാണെന്നതോ അയാളുടെ വംശം ഏതാണെന്നതോ അല്ല പ്രശ്‌നം. നാമെല്ലാം മനുഷ്യരാണ്. മനുഷ്യത്വത്തിന്റെ പേരിലാണ് അക്രമിയെ നേരിട്ടത്' ഇയാന്‍ പറയുന്നു.
ആശുപത്രിയില്‍ കിടക്കുന്ന ഇയാന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. കഴുത്തില്‍ ഒരു കെട്ടുമായാണ് ചിത്രത്തില്‍ യുവാവ്. വെടിവെപ്പ് ആരംഭിച്ചപ്പോള്‍ ബാറിലെ മേശക്കടിയില്‍ പതുങ്ങി ഇരിക്കുകയായിരുന്നു ആദ്യം. തോക്കിലെ ഉണ്ടകള്‍ അവസാനിച്ചെന്ന ധാരണയിലാണ് അക്രമിയെ പിടികൂടാന്‍ താന്‍ മുതിര്‍ന്നത്. പക്ഷെ കണക്കൂകൂട്ടല്‍ തെറ്റി. ഒമ്പത് തവണ അക്രമി തന്റെ നേര്‍ക്ക് വെടിയുതിര്‍ത്തു. പിന്നെ ആശുപത്രി കിടക്കുന്നത് മാത്രമാണ് ഓര്‍മ്മയില്‍. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ഇയാന്‍ പറഞ്ഞു.
ഹൈദരാബാദുകാരനായ ശ്രീനിവാസ് കുച്ചിബോട്‌ല(32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അലോക് മഡസാനി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 51കാരനായ മുന്‍ സൈനികനാണ് അദം പുരിന്‍ടനാണ് ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ' എന്റെ രാജ്യത്ത് നിന്ന് പുറത്തു പോകൂ' എന്ന് ആക്രോശിച്ചു കൊണ്ടാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."