മുംബൈ ഭീകരാക്രമണം പാകിസ്താന്റെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണം പാകിസ്താന്റെ അറിവോടെയായിരുന്നു എന്നതിന് ശക്തമായ തെളിവുനല്‍കി മുന്‍ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
2008 നവംബര്‍ 26ന് രാത്രി എട്ടുമണിക്കും ഒന്‍പത് മണിക്കും ഇടയിലാണ് ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയത്. ഭീകരാക്രമണം നടക്കുമ്പോള്‍ തീവ്രവാദ വിരുദ്ധ നടപടികള്‍ക്ക് ഉത്തരവാദിത്തപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ക്കായി പാകിസ്താനിലുണ്ടായിരുന്നു എന്ന് മുന്‍ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥനായ ആര്‍.വി.എസ് മണി വെളിപ്പെടുത്തി.
എന്നാല്‍ ഭീകരാക്രമണ സമയത്ത് പാകിസ്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തന്ത്രപരമായി വിനോദ സഞ്ചാര കേന്ദ്രമായ മുറെ ഹില്ലിലേക്ക് തന്ത്രപൂര്‍വം മാറ്റിയെന്നും മണി പറയുന്നു.
ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് ചര്‍ച്ചകള്‍ക്കായി പാകിസ്താനില്‍ ഉണ്ടായിരുന്നത്. നവംബര്‍24 ന് അവര്‍ അവിടെയെത്തി. 25 ന് ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ച് ഇന്ത്യയിലെത്തേണ്ടിയിരുന്ന സംഘത്തിന്റെ മടക്കയാത്ര കാരണമൊന്നും കൂടാതെ പാകിസ്താന്‍ രണ്ടു ദിവസത്തേക്ക് നീട്ടിവച്ചു. ഇതേതുടര്‍ന്ന് നവംബര്‍ 27 നാണ് ആഭ്യന്തര സെക്രട്ടറിമാരുടെ സംഘം തിരികെ എത്തിയത്.
ഉദ്യോഗസ്ഥരെ അവിടെ തന്നെ പിടിച്ചുനിര്‍ത്തിയത് പാകിസ്താന്റെ തന്ത്രമാണ്. അവര്‍ക്ക് ഭീകരരുടെ പദ്ധതിയെ കുറിച്ച് അറിയാമായിരുന്നു. ചര്‍ച്ചകള്‍ വൈകിപ്പിച്ച് കൊണ്ട് ഒരു ദിവസം കൂടി പാകിസ്താനില്‍ തുടരാന്‍ ഉദ്യോഗസ്ഥരെ അറിയിച്ചത് അതുകൊണ്ടാണെന്നും മണി പറഞ്ഞു.
എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന് പറയാന്‍ കഴിയില്ലെന്നും മണി പറഞ്ഞു.
ഇന്ത്യയില്‍ സംഭവിക്കുന്നതെന്താണെന്നതുസംബന്ധിച്ച വിവരങ്ങള്‍ പാക് അധികൃതര്‍ ഇന്ത്യന്‍ സംഘത്തില്‍നിന്നു മറച്ചുവച്ചു. ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം പാകിസ്താന്‍ മരവിപ്പിച്ച് നിര്‍ത്തുകയായിരുന്നു.
മുറെ ഹില്ലില്‍ വച്ച് പാക് ഉദ്യോഗസ്ഥനല്ലാത്ത ഒരാളാണ് മുംബൈയിലെ ഭീകരാക്രമണത്തേപ്പറ്റി മധുകര്‍ ഗുപ്തയ്ക്ക് വിവരം നല്‍കിയത്. ഇതേതുടര്‍ന്ന് ഇദ്ദേഹം നിജസ്ഥിതി അറിയാന്‍ ആഭ്യന്തര സുരക്ഷാ പ്രത്യേക സെക്രട്ടറി എം.എല്‍ കുമാവത്തുമായി ബന്ധപ്പെട്ടെങ്കിലും പാക് ഏജന്‍സികള്‍ വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്ന ഭയത്താല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."