ഹജ്ജ് 2017; പുണ്യ ഭൂമിയിലേക്കുള്ള ആദ്യ ഇന്ത്യന്‍ വിമാനം ജൂലൈ 25 ന്
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ സഊദി ഭരണകൂടം കൂടുതല്‍ കാര്യക്ഷമമാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി സഊദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി ശില്പശാല സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ ഇരുപത്തി നാലിനാണു ( ദുല്‍ ഖഅദ് 1 ) സഊദിയില്‍ ഇറങ്ങുക. അവസാന ഹജ്ജ് വിമാനം ഓഗസ്റ്റ് ഇരുപത്തി ആറിനായിരിക്കുമെന്നും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ ഇരുപത്തി അഞ്ചിന് മദീനയിലെത്തും. സംസ്ഥാന ഹജ്ജ് കമ്മറ്റി വഴിയുള്ള ആദ്യ വിമാനം ഓഗസ്റ്റ് എട്ടിനാണ് ജിദ്ദയിലെത്തുക. ഈ വര്‍ഷം 2,60,000 വിദേശ തീര്‍ത്ഥാടകരുടെ വര്‍ദ്ധനവാണ് ഉണ്ടാവുക. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഹറം വികസന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് മുന്‍കാലങ്ങളില്‍ വെട്ടിക്കുറച്ച തീര്‍ത്ഥാടകരുടെ ക്വാട്ട സല്മാന് രാജാവിന്റെ നിര്‍ദേശ പ്രകാരം ഈ വര്‍ഷം പുനഃസ്ഥാപിച്ചതു മൂലമാണ് കൂടുതല്‍ വിദേശ ഹാജിമാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 169 രാജ്യങ്ങളില്‍ നിന്നായി 13,25,372 വിദേശ തീര്‍ത്ഥാടകരും 5,37,537 ആഭ്യന്തര തീര്‍ത്ഥാടകരും ഹജ്ജ് നിര്വഹിച്ചിരുന്നതായാണു ഔദ്യോഗിക കണക്കുകള്‍. വിദേശ തീര്‍ത്ഥാടകര്‍ക്കായി അമ്പത്തി എട്ട് വിമാന കമ്പനികളാണ് ഹാജിമാര്‍ക്കായി സര്‍വ്വീസ് നടത്തിയത്.
ഹജ്ജ് വിമാനസര്‍വീസ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജിദ്ദ ഹില്‍ടണ്‍ ഹോട്ടലില്‍ സിവില്‍ എവിയേഷന്‍ ജനറല്‍ അതോറിറ്റി സംഘടിപ്പിച്ച ശില്പശാലയില് സര്‍ക്കാര്‍, സ്വകാര്യവകുപ്പ് പ്രതിനിധികള്‍, ഏജന്‍സി പ്രതിനിധികള്‍, മക്ക, മദീന എമിറേറ്റ്സ് പ്രതിനിധികള്‍, ഹജ്ജ്,ഉംറ മന്ത്രാലയ ഉദ്യോഗസ്ഥര്‍, മക്ക വികസന അതോറിറ്റി ഉദ്യോഗസ്ഥര്‍, വിവിധ വിമാനക്കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."