അസംതൃപ്തരാവരുത്, അവന്‍ നമുക്കൊപ്പമുണ്ട്
നമ്മുടെ ജീവിതം കണ്ട ആനന്ദങ്ങള്‍, സന്തോഷങ്ങള്‍, രസങ്ങള്‍ എല്ലാമൊന്നാലോചിച്ചുനോക്കൂ. അവ എണ്ണിയാലൊടുങ്ങാത്തവയായിരിക്കാം. പക്ഷെ, ഒരു കാര്യമുണ്ട്. അവയെ കുറിച്ച് നാം ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു രസവും ആനന്ദവും അനുഭവപ്പെടുന്നില്ല. സംതൃപ്തമായ ഒരു ഓര്‍മ്മയായി മാത്രം അവ നില്‍ക്കുകയാണ്. മനസ്സ് ഉടക്കിനില്‍ക്കാവുന്ന ഒന്നും നമുക്കനുഭവപ്പെടുന്നില്ല. എന്നാല്‍ ജീവിതത്തില്‍ നാം നേരിട്ട ദുരന്തങ്ങളെ കുറിച്ചും പരീക്ഷണ-പരാജയങ്ങളെ കുറിച്ചുമെല്ലാം ആലോചിച്ചുനോക്കൂ. അവയെ കുറിച്ചാലോചിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നേരത്തെ സന്തോഷങ്ങളെ ആലോചിക്കുമ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രത്യേക വികാരം ഉണ്ടാകുന്നില്ലേ. അവ പലതും നമ്മെ ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നതുപോലെ, അവ ഇപ്പോഴും നമ്മെ ഗുണദോഷിക്കുന്നുണ്ട്.
ഇതു വ്യക്തമാക്കുന്നത് നമ്മുടെ ജീവിതത്തിന് പാഠങ്ങളും ഉപദേശങ്ങളും തിരിച്ചറിവുകളും എല്ലാം നല്‍കി ജീവിതത്തിന്റെ താളഭംഗങ്ങളെ വീണ്ടും താളപ്പെടുത്തുവാന്‍ നമ്മെ സഹായിച്ചതും സഹായിക്കുന്നതും ജീവിതത്തിലുണ്ടായ പരാജയങ്ങളും മറ്റുമാണ് എന്നതാണ്. ഇറക്കങ്ങള്‍ ഒരു കയറ്റത്തെ സൂചിപ്പിക്കുന്നതുപോലെ, സന്താപങ്ങള്‍ സന്തോഷത്തെ കൂടുതല്‍ ഹൃദയഹാരിയാക്കുന്നതുപോലെ, വേദനകളും വിഷമങ്ങളും പരാജയങ്ങളും നിരാശകളുമെല്ലാമാണ് നമ്മുടെ ജീവിത താളത്തെ ശരിപ്പെടുത്തുന്നത് എന്നാണ് ഈ തത്ത്വം നമ്മെ പഠിപ്പിക്കുന്നത്. ഇതു രണ്ടു കാര്യങ്ങള്‍ നമ്മെ -പ്രത്യേകിച്ചും വിശ്വാസി സമൂഹത്തെ തെര്യപ്പെടുത്തുന്നു. ഭൗതിക പ്രപഞ്ചത്തിലെ വിഷയങ്ങളുടെ പൊതുഘടനയുടെ സ്വഭാവവും ജീവിതത്തില്‍ പ്രതീക്ഷകള്‍ ആടിയുലയുന്ന സാഹചര്യത്തെ സമീപിക്കേണ്ട രീതിയും വ്യക്തമാക്കുന്നു. വിവിധ വെല്ലുവിളികള്‍ക്കു മുമ്പില്‍ കാല്‍ മുട്ടുകള്‍ വിറച്ചുനില്‍ക്കുന്ന മുസ്‌ലിംകള്‍ക്കും മതേതരവിശ്വാസികള്‍ക്കും പഠിക്കുവാനുള്ള വര്‍ത്തമാന പാഠങ്ങളാണ് ഇവ രണ്ടും.
ഉദ്ധൃത തത്ത്വത്തില്‍ നിന്നുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ വിജയ-പരാജയങ്ങളെ സമീപിക്കുന്നത്. ആ ഇടപെടല്‍ രണ്ടിടത്തുമുണ്ട്. അല്‍ ഹദീദ് അധ്യായത്തിന്റെ 23ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു: 'ഭൂമിയിലോ നിങ്ങളുടെ സ്വന്തത്തില്‍ നിന്നുതന്നെയോ ഉണ്ടാകുന്ന (ഏല്‍ക്കുന്ന) ഏതൊരു വിപത്തും അത് ഉണ്ടാകും മുമ്പുതന്നെ ഒരു ഗ്രന്ഥത്തില്‍ ഉണ്ടായേതീരൂ. അത് അല്ലാഹുവിന് എളുപ്പമാണ്. നിങ്ങള്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ ദുഃഖിക്കാതെയും കിട്ടിയതിന്റെ പേരില്‍ ആഹ്ലാദിക്കാതെയുമിരിക്കുവാന്‍ വേണ്ടിയാണത്'(53:23).
സൂക്ഷിച്ചുനോക്കിയാല്‍ ഈ ചിന്തയുടെ എല്ലാ വശങ്ങളും ഈ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു എന്നു കാണാം. അതു തുടങ്ങുന്നത് എല്ലാം സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ കരങ്ങളിലും അവനാല്‍ നിശ്ചയിച്ചുവെച്ചതും മാത്രമാണ് എന്നിടത്തുനിന്നാണ്. അതിനു മാത്രം അവന്‍ ശക്തനാണ് എന്നു ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ആയത്ത് പറയുന്നത് അതിന്റെ ന്യായമാണ്. എല്ലാം അല്ലാഹുവിന്റെ കരങ്ങളിലാണ് എന്നും നിങ്ങളുടെ സ്വാധീനത്തിന് ഉപരിയാണ് എന്നും ഉപദേശിക്കുന്നത് സന്തോഷമുണ്ടാകുമ്പോള്‍ നിങ്ങള്‍ മതിമറന്നുപോകാതിരിക്കുവാനും സന്താപമുണ്ടാകുമ്പോള്‍ അതീവ നിരാശയില്‍ മുഖം കുത്തിവീണുപോകാതിരിക്കുവാനും വേണ്ടിയാണ് എന്ന ന്യായം. ഇതോടെ നിലപാട് മറ്റൊരു ചിന്തക്കിടമില്ലാത്ത വിധം സമ്പൂര്‍ണ്ണമായിത്തീരുന്നു. സന്തോഷമുണ്ടാകുമ്പോള്‍ മതിമറന്നു സന്തോഷിക്കുവാന്‍ നാം മനുഷ്യര്‍ക്കു ന്യായമില്ല എന്നു ചുരുക്കം. കാരണം പരമമായി സന്തോഷത്തിന്റെ വിധാതാവ് നമ്മളല്ല, അത് നമ്മുടെ നിശ്ചയത്തിനു വിധേയമായി സംഭവിക്കുന്നതുമല്ല. അതിനാല്‍ സന്തോഷ പ്രകടനത്തിനു നിയന്ത്രണമുണ്ടായിരിക്കണം.
സന്താപം വരുമ്പോഴും അങ്ങനെയാണ്. അതു പരമമായി നമ്മുടെ കുറ്റം കൊണ്ടല്ല സംഭവിക്കുന്നത്. നമുക്ക് കൈ ഉണ്ടാകാമെങ്കിലും നിശ്ചയിക്കുന്നതും വിധിക്കുന്നതുമെല്ലാം അല്ലാഹുവാണ്. അതിനാല്‍ അറ്റമില്ലാത്ത നിരാശക്കു സാംഗത്യമില്ല. ഈ അടിസ്ഥാനത്തില്‍ വിഷയങ്ങളെ ഓരോന്നിനേയും സമീപിക്കണമെന്ന് വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിക അധ്യാപനങ്ങളും പഠിപ്പിക്കുമ്പോള്‍ അത് എത്തിച്ചേരുക ആധുനിക മനോവ്യാപാര ശാസ്ത്രങ്ങളില്‍ പറയുന്ന പോസിറ്റീവ് തിങ്കിങ് എന്ന അധ്യായത്തിലാണ്. ഒരു കാര്യത്തില്‍ പ്രതീക്ഷക്കു കോട്ടം തട്ടിയാല്‍ അതുണ്ടാക്കുന്ന അനുരണനങ്ങളെയല്ല അതുണ്ടാക്കാത്ത അനുരണനങ്ങളെയാണ് പരിഗണിക്കേണ്ടത്. ഏതു കാര്യവും അതു സന്തോഷമാണെങ്കിലും സന്താപമാണെങ്കിലും അവ ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്നാണ് ഉണ്ടാകുന്നത്. അവയിലെ എല്ലാ ഘടകങ്ങളും അനുകൂലമാവുമ്പോഴാണ് സന്തോഷമുണ്ടാകുന്നത്. പ്രതികൂലമാകുമ്പോള്‍ സന്താപവും. എന്നാല്‍ ഈ അര്‍ഥത്തില്‍ എല്ലാ കണ്ണികളും അനുകൂലമോ പ്രതികൂലമോ ആകുന്ന സാഹചര്യം ഈ ദുനിയാവില്‍ പ്രതീക്ഷിക്കുവാനാവില്ല. അതിനാല്‍ മതിമറന്ന ആഹ്ലാദവും അതിരുകടക്കുന്ന നിരാശയും നിരര്‍ഥകങ്ങളാണ്. ഈ തത്ത്വത്തിലേക്കു നമ്മുടെ മനസ്സിനെയും അവബോധത്തെയും കൊണ്ടുവരുവാന്‍ ആദ്യം വേണ്ടത് എല്ലാ കാര്യത്തിന്റെയും അധിപനും ഉടമയുമായ അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ്.
വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍ എന്നു ഖുര്‍ആന്‍ ആണയിടുന്നുണ്ട്. വിശ്വാസം എന്ന പരിച കൊണ്ട് സകല വെല്ലുവിളികളെയും നേരിടുകയും എല്ലാ വിജയത്തിന്റെയും പ്രജാപതികളായിത്തീരുകയും ചെയ്തതിന് നബിയുഗം സാക്ഷിയുമാണ്. ഹിജ്‌റ അഞ്ചില്‍ നടന്ന അഹ്‌സാബ് യുദ്ധം സൂറത്തുല്‍ അഹ്‌സാബില്‍ അന്നത്തെ എല്ലാ വികാരങ്ങളും ഒപ്പിയെടുത്തുകൊണ്ട് അല്ലാഹു അവതരിപ്പിക്കുന്നുണ്ട്. ആ വിവരണം വലംവെക്കുന്നത് വിശ്വാസം എന്ന കേന്ദ്രത്തെയാണ്. അല്ലാഹുവിന്റെ കാരുണ്യം ഒടുവില്‍ അവിടെ വന്നിറങ്ങുകയുണ്ടായി. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടുന്നതിനെ ഖുര്‍ആന്‍ ശക്തമായി വിലക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 'നബിയേ അങ്ങു പറയുക. സ്വന്തം ആത്മാക്കളോട് ദ്രോഹം കാണിച്ചുപോയ എന്റെ ദാസന്‍മാരേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി നിരാശരാകരുത്'. മാത്രമല്ല, നബി(സ) പറയുന്നതായി ഇമാം ബസ്സാര്‍(റ) ഇബ്‌നു അബ്ബാസ്(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു: 'അല്ലാഹുവില്‍ പങ്കുചേര്‍ക്കലും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടലുമാണ് വന്‍ കുറ്റങ്ങള്‍'
നിരാശയെയും അസംതൃപ്തിയെയും ദുഃഖത്തെയുമെല്ലാം ഈ അര്‍ഥത്തില്‍ അകറ്റിപ്പിടിക്കുമ്പോള്‍ അവിടെ പ്രതീക്ഷ തെളിയും. ആ പ്രതീക്ഷയാണ് സത്യത്തില്‍ വീണ്ടും മുന്നോട്ടുപോകുവാനുള്ള ഊര്‍ജം. ആ ഊര്‍ജം അവ്വിധം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ മുതല്‍ ഭാവിക്കുവേണ്ടിയുള്ള ഓരോ കുതിപ്പുകളുമായിരിക്കും തളരുക. പ്രതീക്ഷയെ പ്രോജ്ജ്വലിപ്പിക്കുന്ന ഈ തത്ത്വം ഇസ്‌ലാമിക സമൂഹത്തിനെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ ഏറ്റവും പ്രധാന ഘടകമാണ്. നബി(സ) അതു സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചിട്ടുണ്ട്. നബി(സ)യുടെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ സാഹചര്യം ഏതായിരുന്നുവെന്ന് ഒരിക്കര്‍ നബി(സ) തന്നെ ആയിശാ(റ)യോട് തുറന്നുപറഞ്ഞിട്ടുണ്ട്. അതു ത്വാഇഫില്‍ നിന്ന് ഉണ്ടായി പ്രതികൂല പ്രതികരണമായിരുന്നു.
ഇസ്‌ലാമിക സന്ദേശവുമായി അവിടെ എത്തിയ നബി തങ്ങളെ അന്നാട്ടുകാര്‍ വളരെ മോശമായിട്ടായിരുന്നു സമീപിച്ചത്. കല്ലെറിഞ്ഞും കൂക്കിവിളിച്ചും അവരും അവരുടെ കുട്ടികളും അടിമകളും പിന്നാലെ കൂടി ആട്ടി. ക്ഷീണിതനായി ഇരിക്കുന്ന നബി തങ്ങള്‍ക്കുവേണ്ടി പ്രതികാരം ചെയ്യുവാന്‍ തയാറായി ജിബ്‌രീല്‍(അ) വന്നുവെങ്കിലും നബി(സ) അപ്പോഴുണ്ടായ പ്രതികൂലതകളെ വകഞ്ഞുമാറ്റി അതിനുമപ്പുറത്തുള്ള അനുകൂലതകളെ പ്രതീക്ഷയാക്കി മനസ്സുകൊണ്ട് സ്വാംശീകരിച്ചു. 'അവരുടെ പിന്‍ഗാമികള്‍ ആരെങ്കിലും തന്നെയും ആദര്‍ശത്തേയും സ്വീകരിക്കുവാന്‍ തയാറായാല്‍ അതാണ് താന്‍ അഭിലഷിക്കുന്നത്' എന്ന് നബി(സ) പറഞ്ഞു. ഹിജ്‌റ യാത്രയില്‍ തന്നെ ഓടിപ്പിടിച്ച സുറാഖത്ത് ബിന്‍ മാലികുമായും ജൂതപ്രമാണിയായിരുന്ന അദിയ്യു ബിന്‍ ഹാത്വിമുമായും നബി(സ) പങ്കുവെച്ചതും ഈ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷയെ ജ്വലിപ്പിച്ചുതന്നെയായിരുന്നുവല്ലോ ഓരോരുത്തരും ഇസ്‌ലാമിന്റെ തണലിലെത്തിയതും.
എന്നാല്‍ നമ്മുടെ പുതിയ ലോകം ഈ തത്വത്തെ കേള്‍ക്കുന്നില്ല. കഴിഞ്ഞ ദിവസം പൗരത്വ വിഷയത്തെ പരമോന്നത നീതി പീഠം സമീപിച്ചതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ അതു പ്രകടമാണ്. പ്രധാന മാധ്യമങ്ങളും നെഗറ്റീവിറ്റിയുമായി ജീവിക്കുന്ന കുടില മനസ്‌കരും സ്‌റ്റേ കിട്ടിയില്ല എന്നു ഒറ്റവാക്കില്‍ വലിയ വായില്‍ വിളിച്ചുപറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ രണ്ടു സഭകളും പാസാക്കിയ ഈ നിയമത്തിന്‍മേല്‍ ഇനി ഒന്നും ചെയ്യാനില്ല എന്നും പറഞ്ഞ് കോടതി ഫയല്‍ തള്ളിയില്ല എന്നതോ സ്‌റ്റേ അനുവദിക്കണമെങ്കില്‍ ഇതു നിയമമായ സ്ഥിതിക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ വിശദീകരണം ലഭിക്കാതെ കഴിയില്ല എന്ന സാങ്കേതികതയോ ഗവണ്‍മെന്റ് പറഞ്ഞ ആറ് ആഴ്ച,നാലാഴ്ചയായി ചുരുക്കിയതോ ഭരണഘടന ബഞ്ചിനു വിടുക എന്ന ആശയം നിരാകരിക്കപ്പെട്ടില്ല എന്നതോ തുടങ്ങി കുറേ അനുകൂലതകള്‍ ഇവര്‍ പ്രധാനമായും ശ്രദ്ധിക്കുന്നില്ല.
നമുക്കിവിടെ പറയുവാനുള്ളത് നാം തളരരുത് എന്നും തളരുവാന്‍ മാത്രം ഒന്നും ഉണ്ടായിട്ടില്ല എന്നും ഉണ്ടായത് പ്രതീക്ഷ തന്നെയാണ് എന്നുമാണ്. ഒരു ഭാഗത്ത് പ്രക്ഷോഭങ്ങളും മറുഭാഗത്ത് പ്രതീക്ഷകളുമായി നാം കാത്തിരിക്കണം എന്നുതന്നെയാണ് ഈ സാഹചര്യം നമ്മോട് പറയുന്നത്. പ്രതീക്ഷകള്‍ക്കു മുമ്പില്‍ ഒരു വാതിലും കൊട്ടിയടക്കപ്പെട്ടിട്ടില്ല എന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."