സിനിമാ രംഗത്ത് സൂക്ഷ്മ പരിശോധന നടത്തണം: പിണറായി
തലശ്ശേരി: സിനിമാ രംഗത്തേക്കു വിവിധ മേഖലകളില്‍ കടന്നുവരുന്നവരെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അത്തരം സൂക്ഷ്മ പരിശോധനയ്ക്കു പൊലിസിനെ ആശ്രയിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം സമൂഹത്തില്‍ നല്ലവരാണെന്നു പറയാന്‍ കഴിയില്ല. അധോലോക ബന്ധമുള്ളവര്‍ മുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ രംഗത്ത് ചിലപ്പോള്‍ പ്രവേശിക്കുന്നുണ്ട്.
കേരളത്തിലെ സിനിമാരംഗത്തെ അധോലോകത്തിനു കീഴ്‌പെടുത്താനാവില്ല.നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഴുവന്‍ പേരെയും പൊലിസ് പിടികൂടി. എന്നാല്‍ ഈ മേഖലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ അനാവശ്യമായി മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണതയും കാണുന്നുണ്ട്. ഇതു നിര്‍ഭാഗ്യകരമാണ്.
ആരുടെയെങ്കിലും ഭാവനയ്ക്കനുസരിച്ച് ഒരാളെ കുറ്റവാളിയെന്നു വിളിക്കാന്‍ പാടില്ല. സാങ്കല്‍പിക കുറ്റവാളികള്‍ക്കു പുറകെ പോകാന്‍ പൊലിസ് തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'വിശ്വാസപൂര്‍വം മന്‍സൂര്‍' എന്ന ചിത്രത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മം ബംഗ്ല ഹൗസില്‍ നിര്‍വഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."