ഉയിഗുര്‍ തടങ്കല്‍ കേന്ദ്രങ്ങളുടെ സന്ദര്‍ശനത്തിന് രാഷ്ട്രപ്രതിനിധികളെ ക്ഷണിച്ച് ചൈന
ബെയ്ജിങ്: ഷിന്‍ജിയാങ്ങിലെ ഉയഗുര്‍ മുസ്‌ലിം തടങ്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ 12 രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കു ചൈനീസ് ക്ഷണം. ഷിന്‍ജിയാങ്ങിലെ സാമൂഹിക, സാമ്പത്തിക പുരോഗതികള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നയതന്ത്ര പ്രതിനിധികളെ ക്ഷണിക്കുന്നതെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.
റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍, തജികിസ്ഥാന്‍, ഇന്ത്യ, പാകിസ്താന്‍, ഇന്തോനേഷ്യ, മലേഷ്യ, അഫ്ഗാനിസ്ഥാന്‍, തായിലാന്‍ഡ്, കുവൈത്ത് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയാണ് ക്ഷണിച്ചതെന്നു വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക മാര്‍ക്കറ്റുകള്‍, കര്‍ഷകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, ഫാക്ടറികള്‍, തൊഴില്‍ അധിഷഠിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, പ്രദേശവാസികള്‍ എന്നിവരോട് സംഭാഷണം നടത്തും. മേഖലയിലെ വികസനം അവരെ ബോധ്യപ്പെടുത്തും. തൊഴിലധിഷഠിത കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ നിയമം, ചിത്രരചന ഉള്‍പ്പെടെയുള്ള പരിശീനങ്ങളാണ് നല്‍കുന്നതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ഉയിഗുര്‍ വിഭാഗങ്ങളില്‍ തടങ്കല്‍ കേന്ദ്രങ്ങളെ തൊഴില്‍ അധിഷഠിത കേന്ദ്രങ്ങളെന്നാണ് ചൈനീസ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ ഉയിഗുര്‍ വിഭാഗത്തെ തടങ്കിലിലിട്ട് ക്രൂരമായ പീഡനങ്ങളാണ് നടത്തുന്നതെന്നും മതപരിവര്‍ത്തനമാണ് ഇത്തരം കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മനുഷ്യാവകാശ സംഘടനകള്‍ക്ക് പുറമെ യു.എന്‍ അന്വേഷണ സംഘവും കണ്ടെത്തിയിരുന്നു.
തടങ്കല്‍ കേന്ദ്രങ്ങള്‍ക്കെതിരേ ചൈനക്കുമേല്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ സമ്മര്‍ദം ഉയര്‍ന്നിരുന്നു. ഷിന്‍ജിയാങ് അധികൃതര്‍ക്കെതിരേ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ യു.എസിന്റെ പരിഗണനയിലാണ്. ഇതിനിടെയാണ് പ്രദേശത്തേക്ക് സന്ദര്‍ശനത്തിനായി ചൈനീസ് സര്‍ക്കാര്‍ വിദേശ പ്രതിനിധികളെ ക്ഷണിക്കുന്നത്.
ഇവര്‍ക്ക് പുറമെ വിദേശ മാധ്യമപ്രവര്‍ത്തകരെയും പ്രദേശം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. തടങ്കല്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു ശേഷം ആദ്യമായാണ് വിദേശ പ്രതിനിധികള്‍ക്ക് പ്രദേശം സന്ദര്‍ശിക്കാന്‍ അനുമതിനല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."