ജലം ജീവനാണ്
നമ്മുടെ നാട് അതീവ വരള്‍ച്ചയിലേക്കു നീങ്ങുകയാണ്. നാട്ടിന്‍പുറങ്ങളിലെ ജലാശയങ്ങളെല്ലാം വറ്റിക്കൊണ്ടിരിക്കുന്നു. ഭരണതലങ്ങളിലുള്ളവരും സന്നദ്ധസംഘടനകളും ദുരിതമകറ്റാന്‍ പല പദ്ധതികളുമായി കടന്നുവരുന്നുണ്ട്. കുടിവെള്ളത്തിനു സ്വര്‍ണത്തേക്കാള്‍ വിലയുണ്ടെന്നു മനസിലാക്കേണ്ട സന്ദര്‍ഭമാണിത്.
മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും അത്യന്താപേക്ഷിതമാണു ജലം. ഇനിയൊരു മഹായുദ്ധമുണ്ടാവുമെങ്കില്‍ അതു ജലത്തിനുവേണ്ടിയാവുമെന്നു പറയപ്പെടുന്നു. ജലം അത്രമേല്‍ കിട്ടാക്കനിയായി മാറിയിരിക്കുന്നു. 115 വര്‍ഷത്തിനിടയിലെ അതിരൂക്ഷമായ വരള്‍ച്ചയാണു വരാന്‍ പോകുന്നതത്രേ. ജനസംഖ്യ കൂടുകയും ജലം കുറയുകയും ചെയ്യുന്ന സ്ഥിതിയാണു വരാന്‍പോകുന്നത്. ഉള്ള ജലാശയങ്ങള്‍ മലിനമാണ്. അതിനാല്‍ ഉത്തരവാദിത്വം വളരെയാണ്.
കേരളത്തില്‍ മഴലഭ്യത വര്‍ഷംതോറും കുറയുന്നതിനാല്‍ ഭൂഗര്‍ഭജലം ഉള്‍വലിയുകയാണ്. ജലോപയോഗത്തിലെ നമ്മുടെ തെറ്റായ സമീപനമാണ് ഇതിനെല്ലാം കാരണം. പണ്ടു മഴവെള്ളം സംരക്ഷിക്കാന്‍ പല നടപടികളും എടുക്കുമായിരുന്നു. പറമ്പുകളില്‍ വരമ്പു കെട്ടിതിരിച്ചു പെയ്യുന്ന ഓരോ തുള്ളിയും ഭൂഗര്‍ഭത്തിലേയ്ക്ക് ഇറക്കിവിടുമായിരുന്നു. ഇന്നു പെയ്യുന്ന മഴവെള്ളമത്രയും നിമിഷങ്ങള്‍കൊണ്ടു ഒഴുക്കിവിടുകയാണ്. ഒരു തുള്ളിപോലും നിലത്തേയ്ക്ക് ഇറങ്ങാന്‍ അനുവദിക്കുന്നില്ല.
മനുഷ്യന്‍ പ്രകൃതിയോടു കാണിക്കുന്ന കൊടുംക്രൂരതയാണു കാലാവസ്ഥാവ്യതിയാനത്തിനും മഴക്കുറവിനും വരള്‍ച്ചയ്ക്കും കാരണം. സ്വന്തം ആവാസവ്യവസ്ഥയ്ക്കു ഭീഷണിയാവുന്ന വിധത്തിലാണു പ്രകൃതിചൂഷണം. പ്രകൃതിയെ തകര്‍ക്കാത്ത വികസനമാണു സമൂഹത്തിനാവശ്യം. ഒപ്പം മഴവെള്ളസംരക്ഷണത്തിനു പദ്ധതികളും ആവിഷ്‌കരിക്കണം.
ഒന്നോ രണ്ടോ തുള്ളിയല്ലേ സാരമില്ലെന്നു പറഞ്ഞു പാഴാക്കുന്നതിനു മുന്‍പ് ഒന്നു ചിന്തിക്കുക. ഒരുമിനുട്ടില്‍ അഞ്ചുതുള്ളി പോയാല്‍ ഒരു ദിവസം രണ്ടുലിറ്ററാണു പാഴാക്കുന്നത്. അങ്ങനെ പത്തുപേര്‍ പാഴാക്കിയാല്‍ എത്ര വരും. ഓരോ ദിവസവും നമ്മുടെ വീടുകളില്‍ പാഴാക്കിക്കളയുന്ന വെള്ളത്തിന്റെ അളവെത്രയെന്നു ചിന്തിച്ചിട്ടുണ്ടോ.
മൊത്തം മഴയുടെ അളവില്‍ 26 ശതമാനം കുറവുണ്ടായെന്നും വരള്‍ച്ചയുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് കുടിവെള്ളം കൂടുതല്‍ മലിനമാക്കപ്പെടുന്നതും കേരളത്തിലാണെന്നാണു റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 36 ശതമാനം ജലസ്രോതസ്സും മലിനമാണത്രേ. ജില്ലാതലങ്ങളില്‍ 54 ശതമാനവുമായി കോഴിക്കോടാണു മുന്നില്‍. ജലസ്രേതസ്സുകളില്‍ മാലിന്യം വലിച്ചെറിയുന്ന ശൈലി മാറ്റണം. മാലിന്യസംസ്‌കരണം ശാസ്ത്രീയമാക്കണം.
പ്രകൃതിസംരക്ഷണത്തിനു പ്രായോഗിക മാതൃക കാണിച്ച മതമാണ് ഇസ്്‌ലാം. ഇസ്്‌ലാമിന്റെ ഒരാശയവും പ്രകൃതിവിരുദ്ധമല്ല. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രവിസര്‍ജ്ജനം നടത്തരുതെന്നു പ്രവാചകന്‍ പഠിപ്പിച്ചതിനര്‍ഥം ജലം മലിനമാക്കരുതെന്നാണ്. വെള്ളം കൃഷിയിടത്തില്‍ കെട്ടിനിര്‍ത്തിയ സ്വഹാബി അയല്‍ക്കാര്‍ക്ക് അതു കൊടുക്കാതിരുന്നപ്പോള്‍ നബി (സ) ശകാരിച്ച സംഭവവും ഓര്‍ക്കുക. പ്രകൃതിവിഭവങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനായാണു പടച്ചവന്‍ സൃഷ്ടിച്ചതെന്നാണ് അതിനര്‍ഥം.
ജലം ജീവനാണ്. ജലമില്ലെങ്കില്‍ നമ്മളില്ലെന്ന പച്ചപരമാര്‍ത്ഥം വിസ്മരിച്ചുകളയരുത്. മനുഷ്യശരീരത്തിലെ 70 ശതമാനവും ജലമാണ്. ഭൂമിയുടെ മുക്കാല്‍ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ്. ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് ഇളക്കംതട്ടാതെ പരിപാലിച്ചുപോരുന്നത് അല്ലാഹുവിന്റെ കരുണയുടെ ഏറ്റവും വലിയ പ്രതീകമായ മഴയും ജലാശയങ്ങളുടെ സംവിധാനവുമാണെന്നതില്‍ സംശയമില്ല. വെള്ളം ഈ ഭൂമിയിലേക്കിറക്കിയത് അവന്റെ വലിയ അനുഗ്രഹംതന്നെയാണ്.
ജലമില്ലാതാകുന്നിടത്തു ജീവനും ഇല്ലാതാകും. മറ്റെല്ലാറ്റിനും പകരമായി ശാസ്ത്രം പലതും കണ്ടുപിടിച്ചിട്ടുണ്ട്. വെള്ളത്തിനു പകരം മറ്റൊന്നുംകണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടുപിടിക്കാനും കഴിയില്ല. ഇവിടെയാണ് അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നതു പ്രസക്തമാവുന്നത്: 'പറയുക, നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. നിങ്ങള്‍ക്കു വെള്ളം വറ്റിപ്പോയാല്‍ ആരാണ് ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്നു തരിക. (67: 30)
വെള്ളം പാഴാക്കുന്നതിന്റെ ഗൗരവം ഇളംതലമുറയെ ബോധ്യപ്പെടുത്തണം. അവര്‍ക്കു കൂടുതല്‍ വെള്ളത്തില്‍ കുളിക്കാനും മറ്റുമായിരിക്കും ഇഷ്ടം. ഈ വരള്‍ച്ചക്കാലത്തു വെള്ളത്തിന്റെ അളവു കുറയ്ക്കാനായാല്‍ അത്രയും നന്ന്. എങ്കിലേ വരള്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനാവൂ.
അയല്‍ക്കാരനു കുടിവെള്ളമില്ലാത്തപ്പോള്‍ ചെടി നനച്ചും വീടുകഴുകിയും കിണര്‍ വറ്റിക്കരുത്. അയല്‍പക്കം ഊട്ടിയുറപ്പിക്കാനും വഷളാക്കാനും പറ്റിയ സമയമാണ് ഈ വരള്‍ച്ചക്കാലം. ഉള്ള വെള്ളം അയല്‍പക്കക്കാര്‍ക്കുകൂടി കൊടുത്തു മാതൃകകളാവണം. അതാണു മതം നമ്മെ പഠിപ്പിക്കുന്നത്.
മുസ്്‌ലിംങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളം വിശ്വാസത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമാണ്. ആരാധനയ്ക്കും ശുദ്ധിക്കും വെളളം അത്യാവശ്യമാണ്. എന്നാല്‍, ജലമുപയോഗിക്കുന്നതിലും കണിശത പുലര്‍ത്തിയിട്ടുണ്ട് ഇസ്്‌ലാമും നബി (സ) യും. 'നദിയില്‍ വച്ചാണു നിങ്ങള്‍ അംഗശുദ്ധി വരുത്തുന്നതെങ്കിലും അമിതമാകരുതെന്നു' പഠിപ്പിച്ചു തിരുനബി. വെള്ളത്തിന്റെ കാര്യത്തില്‍ അത്രത്തോളം ജാഗ്രത പുലര്‍ത്തിയ മതത്തിന്റെ അനുയായികളാണു നാം.
വെള്ളം തനിക്കുമാത്രം മതിയെന്ന നിലപാടു മാറ്റി എല്ലാ ജീവജാലങ്ങള്‍ക്കും ഉപയോഗപ്രദമാവാന്‍ കഴിയുന്ന രൂപത്തില്‍ കുറച്ചുപയോഗിക്കണം. ഉപയോഗശൂന്യമായി കിടക്കുന്ന ജല സ്രോതസുകള്‍ ശുദ്ധീകരിച്ചു സംരക്ഷിക്കണം. കുളിക്കാനും കഴുകാനും ധാരാളം വെള്ളമുപയോഗിക്കുന്ന മലയാളി വെള്ളം കുടിക്കുന്നതില്‍ വളരെ പിറകോട്ടാണെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്. ചൂടുകാലത്ത് അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ക്രിയാത്മകമായ ബോധവല്‍ക്കരണത്തോടുകൂടി നാട്ടിന്‍പുറങ്ങളില്‍ മലിനമായും കാടുപിടിച്ച് ഉപയോഗ ശൂന്യമായ ജല സ്രോതസുകളെ വീണ്ടെടുക്കാനും വരള്‍ച്ചയുടെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുടിവെള്ളമെത്തിക്കാനും എസ്.കെ.എസ്.എസ്.എഫ് ഈ വരള്‍ച്ചക്കാലത്തു സംസ്ഥാന വ്യാപകമായി മുന്നിട്ടിറങ്ങുകയാണ്. വെള്ളത്തിന്റെ മൂല്യത്തെക്കുറിച്ചു സാമൂഹ്യാവബോധം വളര്‍ത്തുകയാണു ലക്ഷ്യം. ജലാശയങ്ങള്‍ സംരക്ഷിക്കാനുള്ള കര്‍മപരിപാടികള്‍ സംഘടനയ്ക്കു മുന്‍പിലുണ്ട്.
ജലം=ജീവന്‍ എന്ന സന്ദേശവുമായി കേരളീയ സമൂഹത്തിനാവശ്യമായ ജലസാക്ഷരതാ യജ്ഞമാണു സംഘടന നടത്തുന്നത്. ലോകജലദിനമായ മാര്‍ച്ച് 22 നു ശാഖാ തലങ്ങളില്‍ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കും. ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍,പൊതുജനങ്ങള്‍ക്കിടയില്‍ ഗ്രൂപ്പ് ക്വിസ് മത്സരങ്ങള്‍,ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടത്തും. കഴിഞ്ഞവര്‍ഷത്തെപ്പോലെ ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ സംഘടനയുടെ സന്നദ്ധവിഭാഗമായ വിഖായയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണവും ദൗത്യമായി ഏറ്റെടുക്കുകയാണ്.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."