യു.പി: ആറ് സീറ്റുകള്‍ വേണമെന്ന് ആര്.എല്‍.ഡിയുടെ സമ്മര്‍ദ്ദം
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ആറ് സീറ്റുകളുടെ അവകാശ വാദവുമായി രാഷ്ട്രീയ ലോക് ദള്‍(ആര്.എല്‍.ഡി). സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലുള്ള തങ്ങള്‍ക്ക് ആറ് സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ഇന്നലെ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ആര്.എല്‍.ഡി ഉപാധ്യക്ഷന്‍ ജയന്ത് ചൗധരി കൂടിക്കാഴ്ച നടത്തി. മഹാസഖ്യത്തിലെ അംഗമായ തങ്ങള്‍ക്ക് സംസ്ഥാനത്ത് ആറ് സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് ആര്.എല്‍.ഡിയുടെ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ മസൂദ് അഹമ്മദും വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാര്‍ട്ടി സ്വാധീന മേഖലകളായ ബാഗ്പത്, മഥുര, മുസാഫര്‍ നഗര്‍, ഹത്രാസ്, അംരോഹ, ഖെയ്റാന എന്നീ സീറ്റുകളാണ് തങ്ങള്‍ക്കു വേണ്ടതെന്നാണ് ആര്.എല്‍.ഡി പറയുന്നത്. നിലവില്‍ ഖെയ്റാനയെ പ്രതിനിധീകരിക്കുന്നത് ആര്.എല്‍.ഡിയുടെ തബാസും ഹസനാണ്.
ബി.എസ്.പി-എസ്.പി പിന്തുണയോടെയാണ് ഇവിടെ ആര്.എല്‍.ഡി വിജയിച്ചിരുന്നത്. ജയന്ത് ചൗധരിയും അഖിലേഷും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞ സാഹചര്യത്തില്‍ ബി.എസ്.പി അധ്യക്ഷ മായാവതിയുമായി ചര്‍ച്ച നടത്തി സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തുമെന്ന് മസൂദ് അഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."