ദേശീയ പണിമുടക്കിന് സമ്മിശ്ര പ്രതികരണം; ബാങ്കിങ് മേഖല സ്തംഭിച്ചു
ന്യൂഡല്‍ഹി: പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ നടത്തിയ രണ്ടു ദിവസത്തെ(48 മണിക്കൂര്‍) ദേശീയ പണിമുടക്കിന് സമ്മിശ്ര പ്രതികരണം. പലയിടത്തും ബാങ്കുകള്‍, പൊതു ഗതാഗതം, സര്‍ക്കാര്‍-സ്വകാര്യ ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു.
ഭാരതീയ മസ്ദൂര്‍ സംഘ് ഒഴികെയുള്ള 10 തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുത്തത്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടി, തൊഴില്‍ പരിഷ്‌കരണ നിയമങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയ നടപടി തുടങ്ങിയ കാര്യങ്ങളില്‍ പ്രതിഷേധിച്ചാണ് ദേശീയ പണിമുടക്ക് നടത്തിയത്. അസം, ഒഡിഷ, മണിപൂര്‍, മേഘാലയ, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നുവെന്ന് ഹിന്ദ് മസ്ദൂര്‍ സഭാ ജന. സെക്രട്ടറി ഹര്‍ഭജന്‍ സിങ് സിദ്ധു അവകാശപ്പെട്ടു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും പണിമുടക്കിനു നല്ല പ്രതികരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മാണ്ഡി ഹൗസില്‍നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ തൊഴിലാളി മാര്‍ച്ചില്‍ 4,000 തൊഴിലാളികള്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പണിമുടക്ക് ഇന്നലെ ബംഗാളില്‍ പലയിടത്തും കലാപത്തിന് ഇടയാക്കി. ജനജീവിതം തടസപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് 357 പുരുഷന്മാരെയും 34 സ്ത്രീകളെയും അറസ്റ്റ് ചെയ്തതായി ബംഗാള്‍ പൊലിസ് പറഞ്ഞു.
നാദിയ, ഈസ്റ്റ് ബര്‍ദ്വാന്‍, സൗത്ത് 24 പര്‍ഘാനാസ് ജില്ലകളിലെ ചില റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞു. പാളങ്ങള്‍ ഉപരോധിച്ചും വൈദ്യുതി ലൈനുകളില്‍ തടസമുണ്ടാക്കിയും പലയിടത്തും ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തുകയായിരുന്നു.
പ്രതിഷേധക്കാരെ റെയില്‍വേ സംരക്ഷ സേന അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായത്. ചില ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഗോവയിലും ജനജീവിതം തടസപ്പെട്ടു. സര്‍ക്കാര്‍-സ്വകാര്യ ബസുകള്‍, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ സര്‍വിസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു.
കേരളത്തില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐയുടെ ട്രഷറി ബ്രാഞ്ചിനുനേരെ ആക്രമണമുണ്ടായി. ട്രെയിന്‍ ഗതാഗതവും കേരളത്തില്‍ പലയിടത്തും തടസപ്പെട്ടു. എന്നാല്‍ പലയിടത്തും വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു.
രാജ്യവ്യാപകമായി ബാങ്കിങ് മേഖല പൂര്‍ണമായും സ്തംഭിച്ചു. ബാങ്ക് ജീവനക്കാരുടെ ഏഴ് യൂനിയനുകളാണ് സമരത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."