അമിത് ഷാക്കെതിരേ വെല്ലുവിളിയുമായി ശിവസേന; മറാത്താ മണ്ണില്‍ ബി.ജെ.പിയെ 'കുഴിച്ചുമൂടും'
മുംബൈ: സഖ്യമില്ലെങ്കില്‍ തോല്‍പ്പിക്കുമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തിനെതിരേ വെല്ലുവിളിയുമായി ശിവസേന.
മഹാരാഷ്ട്രയില്‍ ശിവസേനയെ തോല്‍പ്പിക്കാമെന്നാണ് വ്യാമോഹമെങ്കില്‍ ബി.ജെ.പിയെ മറാത്താ മണ്ണില്‍ കുഴിച്ചു മൂടുമെന്ന ഭീഷണിയുമായി ശിവസേനയുടെ മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയുമായ രാംദാസ് കദം രംഗത്തെത്തി.
നിലവില്‍ മഹാരാഷ്ട്ര നിയമസഭയിലും കേന്ദ്രത്തിലും ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ശിവസേന. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളാണ് ശിവസേനയ്ക്ക് ലഭിച്ചിരുന്നത്. മറാത്താ മണ്ണില്‍ ശക്തമായ സ്വാധീനമുള്ളതുകൊണ്ട് ബി.ജെ.പിയെ താഴെയിറക്കാന്‍ പോലും ശിവസേനക്ക് ഇവിടെ കഴിയും.
ഇക്കഴിഞ്ഞ അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ നില പരുങ്ങലിലായിരുന്നു.
ഇക്കാര്യം മഹാരാഷ്ട്രയിലും ഉണ്ടാകുമെന്ന കാര്യം മറക്കരുത്. തങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ ബി.ജെ.പിയെ മറാത്താ മണ്ണില്‍ കുഴിച്ചുമൂടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് രാംദാസ് കദം മുന്നറിയിപ്പു നല്കി.
കഴിഞ്ഞ ഞായറാഴ്ച നാഗ്പൂരില്‍ നടന്ന പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചക്കിടയിലാണ് ശിവസേനയെ പ്രകോപിപ്പിക്കുന്ന രീതിയില്‍ അമിത്ഷായുടെ പരാമര്‍ശം ഉണ്ടായത്.
സഖ്യത്തിനു തയാറായിട്ടില്ലെങ്കില്‍ ശിവസേനയെ തോല്‍പിക്കുമെന്നായിരുന്നു അമിത്ഷാ പറഞ്ഞിരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്ക ജാതിക്കാരിലെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ രംഗത്ത് 10 ശതമാനം സംവരണം തെരഞ്ഞെടുപ്പു തന്ത്രം മാത്രമാണെന്ന് രാം ദാസ് കദം പറഞ്ഞു.
നേരത്തെ തന്നെ മഹാരാഷ്ട്രയില്‍ മറാത്ത, ദന്ഗാര്, മുസ്്ലിം വിഭാഗങ്ങള്ക്കെല്ലാവര്ക്കും സംവരണമുണ്ട്. ഇതിനു പുറമെ മറ്റ് ആര്‍ക്കുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സംവരണം കൊണ്ടുവന്നത്.
തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള തട്ടിപ്പുമാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."