രഞ്ജി ട്രോഫി: ഹിമാചലിന് 296 റണ്‍സ് ലീഡ്
നദൗന്‍ (ഹിമാല്‍ പ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ ഹിമാചല്‍ പ്രദേശ് മികച്ച നിലയില്‍. ഒന്നാം ഇന്നിങ്സില്‍ 11 റണ്‍സിന്റെ നേരിയ ലീഡുണ്ടായിരുന്ന ഹിമാചല്‍ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാമിന്നിങ്സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഹിമാചല്‍ 296 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ഒരു റണ്‍സുമായി രാഘവ് ധവാന് ആണ് ക്രീസിലുള്ളത്. 85 റണ്‍സെടുത്ത ഋഷി ധവാന് പുറത്തായതോടെ മൂന്നാംദിനം കളി അവസാനിപ്പിക്കുകയായിരുന്നു.
ഹിമാചലിന് വേണ്ടി അങ്കിത് കല്‍സി (64), പ്രശാന്ത് ചോപ്ര (41), അങ്കുഷ് ബൈന്‍സ് (21), അമിത് കുമാര്‍ (21) മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫാണ് മികച്ച ലീഡിലേക്ക് നീങ്ങിയ ഹിമാചലിനെ തകര്‍ത്തത്. ബേസില്‍ തമ്പി രണ്ട് വിക്കറ്റും സന്ദീപ് വാര്യര്‍, വിനൂപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഹിമാചലിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 297 റണ്‍സ് പിന്തുടര്‍ന്ന കേരളം 286ന് പുറത്താവുകയായിരുന്നു. മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച കേരളം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതാണ് തകര്‍ച്ചക്ക് കാരണം. അഞ്ചിന് 268 റണ്‍സെന്ന നിലയിലായിരുന്ന കേരളം 18 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന അഞ്ചു വിക്കറ്റുകളും കൈവിട്ടത്. 127 റണ്‍സെടുത്ത ഓപ്പണര്‍ പൂനം രാഹുലാണ് കേരളത്തിന്റെ ടോപ്സ്കോറര്‍. സഞ്ജു സാംസണ് 50 റണ്‍സെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത അര്പിത് ഗുലേറിയയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഋഷി ധവാനുമാണ് കേരളത്തെ എറിഞ്ഞുവീഴ്ത്തിയത്.
നേരത്തേ ആറു വിക്കറ്റെടുത്ത എം.ഡി നിധീഷാണ് ഹിമാചലിനെ ആദ്യ ഇന്നിങ്സില്‍ 300 റണ്‍സിനുള്ളില്‍ എറിഞ്ഞൊതുക്കിയത്. അങ്കിത് കല്‍സിയുടെ (101) സെഞ്ചുറിയാണ് ഹിമാചലിന് കരുത്തായത്. 202 പന്തില്‍ 12 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അങ്കിതിന്റെ ഇന്നിങ്സ്. ഋഷി ധവാനാണ് (58) ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍. നിഖില്‍ ഗങ്ടയും പങ്കജ് ജെയ്സ്വാളും 28 റണ്‍സ് വീതമെടുത്തു പുറത്തായി. 24 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 88 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നിധീഷ് ആറു വിക്കറ്റുകള്‍ നേടിയത്. സന്ദീപ് വാര്യര്‍ക്കും ബേസില്‍ തമ്പിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."