മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കിഫ്ബി പദ്ധതിയില്‍ ക്രമക്കേട്; ഇന്‍കെലിനെ മാറ്റി
വി.എസ് പ്രമോദ്
തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍നിന്നും (കിഫ്ബി) മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ഉള്‍പ്പെടെ അനുവദിച്ച പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി. കിഫ്ബിയുടെ തന്നെ പരിശോധനകള്‍ക്കായുള്ള സാങ്കേതിക വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലായിരുന്നു ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട്, ധര്‍മ്മടം ബീച്ചുകളുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ സ്ഥാനത്തുനിന്നും ഇന്‍കെലിനെ ഒഴിവാക്കി.
മുഴിപ്പിലങ്ങാട്, ധര്‍മ്മടം ബീച്ചുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 233.71 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതും കിഫ്ബിയുടെതന്നെ സാങ്കേതിക സമിതി പരിശോധന നടത്തിയതും. വിശദമായ പരിശോധനയില്‍ ആരോപണങ്ങള്‍ ശരിയാണെന്നു തെളിയുകയായിരുന്നു. തുടര്‍ന്നാണ് സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ സ്ഥാനത്തുനിന്നും ഇന്‍കെലിനെ നീക്കിക്കൊണ്ട് ടൂറിസം ഡയരക്ടര്‍ ഉത്തരവിട്ടത്.
കിഫ്ബി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം സര്‍ക്കാര്‍ തലത്തിലാണ് ഇന്‍കെലിനെ ഒഴിവാക്കുന്നതിന് നയപരമായ തീരുമാനമെടുത്തത്. ഇന്‍കെലിന്റെ സ്ഥാനത്തേക്ക് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെ(കെ.ഐ.ഐ.ഡി.സി) പുതിയതായി സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളിന്റെ ചുമതല നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.
വിദേശ
മലയാളികള്‍ക്കും
ഓഹരിയുള്ള കമ്പനി
സംസ്ഥാന സര്‍ക്കാരിനുപങ്കാളിത്തമുണ്ടെങ്കിലും വിദേശ മലയാളി വ്യവസയികള്‍ക്ക് കൂടുതല്‍ ഓഹരിയുള്ള കമ്പനിയാണ് ഇന്‍കെല്‍. 2018-19 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നായി 3474 കോടി രൂപയുടെ പദ്ധതികള്‍ ഇന്‍കെലിന് ലഭിച്ചിരുന്നു. അതിനിടെ മുന്‍പ് ഇത്തരത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് ഇന്‍കെല്‍ ഒരു സമിതിയെ പരിശോധനക്കായി നിയമിച്ചിരുന്നു. ഈ സമിതി കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും തീരുമാനിച്ചിരുന്നു. പക്ഷേ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടന്ന ക്രമക്കേടുകളില്‍ കുറ്റക്കാരായവര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചില്ല. മാത്രമല്ല പുതിയ പദ്ധതിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്‍കെലിന് ഒരുവര്‍ഷത്തേക്ക് നിര്‍മാണ പദ്ധതികള്‍ നല്‍കരുതെന്ന് കിഫ്ബി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന് 22 ശതമാനം മാത്രവും ഡയരക്ടര്‍മാര്‍ക്ക് 43 ശതമാനത്തിലധികവും ഓഹരികളുള്ള ഇന്‍കെലിന് സര്‍ക്കാര്‍ നല്‍കിയ വന്‍കിട പദ്ധതികള്‍ പലതും പാതിവഴിയിലാണ്. 1073 കോടിയുടെ കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."