കുറ്റവാളി 'മാറി'യാല്‍ വിധി മാറ്റാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ ജയിലില്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവുകള്‍ പരിഷ്കരിക്കല്‍ സാധ്യമാകില്ലെന്നും ഇത്തരം നീക്കങ്ങളുണ്ടായാല്‍ സമാന കേസുകളില്‍ തുടര്‍ച്ചയായി നടപടിയെടുക്കേണ്ടിവരുമെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ.
പത്തു വര്‍ഷം മുന്‍പ് ഉത്തര്‍പ്രദേശിലെ അല്‍മോറയില്‍ 10 മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഷബ്നം, സലീം എന്നിവരുടെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന ഹരജിയില്‍ വിധി പ്രസ്താവിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
2010ല്‍ സെഷന്‍സ് കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ച തീരുമാനം മൂന്നു വര്‍ഷത്തിനു ശേഷം അലഹബാദ് ഹൈക്കോടതിയും 2015ല്‍ സുപ്രിം കോടതിയും ശരിവച്ചിരുന്നു.
കുറ്റകൃത്യം നടക്കുമ്പോള്‍ വിദ്യാഭ്യാസമില്ലാത്തവനായിരുന്ന പ്രതി സലീം ഇപ്പോള്‍ ബിരുദം നേടി ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയാണെന്നും ഇതു പ്രതിയുടെ ശിക്ഷാ ഇളവിന് മാനദണ്ഡമാക്കണമെന്നുമാണ് സലീമിന്റെ അഭിഭാഷകന് ആനന്ദ് ഗ്രോവ്രര് വാദിച്ചത്.
കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ ഇത്തരം കൊലപാതകം ചെയ്തവരെ വിട്ടയച്ചാല്‍ നീതിന്യായ വ്യയവസ്ഥ പിന്നെന്തിനാണിവിടെ എന്നും വധശിക്ഷ നടപ്പാക്കല്‍ സുപ്രിം കോടതിക്ക് വളരെ പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."