നടിയെ ആക്രമിച്ച സംഭവം: ഇന്ത്യന്‍ മാധ്യമങ്ങളുടെ രീതിയെ വിമര്‍ശിച്ച് പാക് മാസിക
കറാച്ചി: കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുടെ രീതിയെ വിമര്‍ശിച്ച് പാക് മാസികയില്‍ ലേഖനം. പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് 1970 മുതല്‍ കറാച്ചി ആസ്ഥാനമായി ദി ഡോണ്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെറാള്‍ഡ് മാസിക പറയുന്നു.
സി.പി.എമ്മിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ചാനലും മുഖ്യധാരാ പത്രമായ ടൈംസ് ഓഫ് ഇന്ത്യയും സംഭവം റിപ്പോര്‍ട്ട് ചെയ്ത രീതിയെയാണ് ഹെറാള്‍ഡ് വിമര്‍ശിക്കുന്നത്. വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ പത്രങ്ങളായ ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയെയും പാകിസ്താനില്‍ ഏറ്റവും പ്രചാരമുള്ളതെന്ന് അവകാശപ്പെടുന്ന മാസിക പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ നേരത്തെയും പീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സമാന രീതി പിന്തുടര്‍ന്നിട്ടുണ്ടെന്നും മാസിക പറയുന്നു. ഈ മാസം 19 ന് ഡല്‍ഹിയിലെ ഹുവാസ് ഖാസ് ഗ്രാമത്തില്‍ 20 കാരി പീഡിപ്പിക്കപ്പെട്ടപ്പോഴാണ് ടൈംസ് ഓഫ് ഇന്ത്യ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത്.
ഇരയെ തിരിച്ചറിയുന്ന രീതിയില്‍ മാധ്യമങ്ങള്‍ അയല്‍വാസിയുടെ പേരു കൊടുക്കുന്ന പ്രവണതയുണ്ട്. എന്‍.സി.ആര്‍ ബിയുടെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷം 35,000 പീഡനക്കേസുകളാണ് രാജ്യത്തുണ്ടായത്. മാധ്യമങ്ങളുടെ ഇത്തരം രീതികള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228 എ വകുപ്പ് പ്രകാരം നിയമവിരുദ്ധമാണെന്നും ഹെറാള്‍ഡ് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."