റേഷന്‍ വിതരണം താറുമാറായി; ആദിവാസി ഊരുകള്‍ പട്ടിണിയിലേക്ക്
തിരുവനന്തപുരം: റേഷന്‍ വിതരണ പ്രതിസന്ധിയെ തുടര്‍ന്ന് ആദിവാസി ഊരുകള്‍ പട്ടിണിയിലേക്ക്. എഴുപതിനായിരം ആദിവാസി കുടുംബങ്ങളിലെ നാലര ലക്ഷത്തോളം വരുന്നവരാണ് ഈ മാസത്തെ റേഷന്‍ വിഹിതം കിട്ടാതെ വലയുന്നത്. ഭക്ഷ്യ സാധനങ്ങള്‍ ഊരുകളില്‍ എത്തിക്കുന്ന പട്ടികജാതി പ്രമോട്ടര്‍മാരും വെട്ടിലായി.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച് ഉണ്ടായ ആശയക്കുഴപ്പമാണ് പൊതുവിതരണം തകിടം മറിച്ചത്. ഇതിന്റെ അനന്തരഫലമാണ് ആദിവാസികള്‍ അനുഭവിക്കുന്നത്. വടക്കന്‍ ജില്ലകളിലെ ആദിവാസി മേഖലകളില്‍ വിതരണം ഭാഗികമായി നടന്നെങ്കിലും അതും ഫലവത്തായില്ല.
പട്ടികവര്‍ഗക്കാര്‍ക്ക് ഭക്ഷ്യസഹായ പദ്ധതി പ്രകാരം ഒരോ മാസമാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. പി.വി.ടി.ജി വിഭാഗത്തില്‍പ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് 25 കിലോ അരി, രണ്ട് കിലോ വന്‍പയര്‍, രണ്ടു കിലോ ചെറുപയര്‍, രണ്ടു കിലോ റാഗി, ഒരു ലിറ്റര്‍ വെളിച്ചെണ്ണ, രണ്ടു കിലോ പഞ്ചസാര, അരക്കിലോ ചായപ്പൊടി എന്നിവയാണ് നല്‍കുക.
ഇതാണിപ്പോള്‍ തകിടം മറിഞ്ഞിരിക്കുന്നത്. പട്ടികവര്‍ഗവകുപ്പ് സപ്ലൈകോയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി പ്രമോട്ടര്‍മാര്‍ വഴിയാണ് എത്തിക്കുന്നത്.
എന്നാല്‍ ഈ മാസത്തെ ഭക്ഷ്യധാന്യ വിതരണം മിക്കയിടങ്ങളിലും നടന്നിട്ടില്ലെന്ന് പ്രമോട്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നു.
അതിനിടെ അരിവിതരണത്തില്‍ ക്രമക്കേടുണ്ടെന്നും ആരോപണമുണ്ട്. വിതരണത്തിന് നിശ്ചയിച്ച മാനദണ്ഡം സംബന്ധിച്ചും വ്യക്തതയില്ല. അനര്‍ഹരായവര്‍ക്കാണ് അരിയില്‍ അധികവും വിതരണം ചെയ്തത്.
പ്രമോട്ടര്‍മാര്‍ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഊരുകളിലെ താമസക്കാരില്‍ പലരും വിതരണത്തില്‍ വീഴ്ച പറ്റിയെന്ന് ആരോപിക്കുന്നു. ഇതിനിടെ ആദിവാസി ക്ഷേമ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ചും നിരവധി പരാതികളാണ് ഉയരുന്നത്.
സംസ്ഥാനത്തെ ഭവനരഹിതരായ 43859 പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്കായി അനുവദിച്ച ഭവന നിര്‍മാണ ഫണ്ട്, ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി, വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ പുനരധിവാസത്തിന് അനുവദിച്ച തുക, ആശിക്കും ഭൂമി പദ്ധതിത്തുക തുടങ്ങിയവയുടെ വിനിയോഗം സംബന്ധിച്ചാണ് മിക്ക ജില്ലകളിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."