തേങ്ങലടക്കി ചെങ്കോട്ടുകോണം; പ്രവീണിനും കുടുംബത്തിനും കണ്ണീരോടെ വിട
തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടേയും മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടില്‍ സംസ്‌കരിച്ചു. ചേങ്കോട്ടുകോണം സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലൈനിലെ രോഹിണിഭവനില്‍ പ്രവീണ്‍കുമാര്‍ കെ.നായര്‍ (39), ഭാര്യ ശരണ്യ ശശി(34), മക്കളായ ശ്രീഭദ്ര(9), ആര്‍ച്ച(7), അഭിനവ്(4) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് സംസ്‌കരിച്ചത്.
രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരം മെഡി.കോളേജില്‍ നിന്ന് അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണം കാരുണ്യം ലെയ്‌നിലുള്ള വീട്ടിലേക്ക് കൊണ്ടുവന്നത്. അന്ത്യാഞ്ജലി അര്‍പ്പിക്കാനും സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനുമായി ആയിരക്കണക്കിനു ബന്ധുക്കളും നാട്ടുകാരും ആണ് ഇവിടെയെത്തിയത്.
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. വീട്ടുവളപ്പിലൊരുക്കിയ ഒറ്റ കുഴിമാടത്തിലാവും പ്രവീണിന്റെ മൂന്ന് കുഞ്ഞ് മക്കളേയും അടക്കുക. കുട്ടികളുടെ കുഴിമാടത്തിന് ഇരുവശത്തുമായി പ്രവീണിനും ഭാര്യ ശര്യണയ്ക്കും ചിതയൊരുക്കും.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായിരുന്നു.
എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചയോടെ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച് രാത്രി ഏഴുമണിക്ക് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കൊണ്ടുവന്നത്. രാത്രി പതിനൊന്ന് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹങ്ങള്‍ കലക്ടര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
അതേസമയം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദു ലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇന്ന് ഉച്ചയ്ക്ക് 12.20ന് കരിപ്പൂരില്‍ എത്തിക്കും. അവിടെനിന്ന് രഞ്ജിത്ത് കുമാറിന്റെ ഭാര്യ വീടായ മൊകവൂരിലേക്ക് കൊണ്ടുപോകും.
മൊകവൂരില്‍ രഞ്ജിത്ത് കുമാര്‍ നിര്‍മിക്കുന്ന വീട്ടില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് അഞ്ച് മണിയോടെ കുന്ദമംഗലത്ത് എത്തിച്ച് ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജില്‍ പൊതു ദര്‍ശനം ഒരുക്കും. തുടര്‍ന്ന് കുന്ദമംഗലം ടൗണില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഇവരുടെ തറവാടായ പുനത്തില്‍ വീട്ടുവളപ്പില്‍ മൂന്ന് മൃതദേഹങ്ങളും സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."