കവര്‍ച്ചാ കേസുകളിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
കോഴിക്കോട്: നഗരത്തിലെ രണ്ട് പ്രധാന കവര്‍ച്ചാ കേസുകളിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. പൊക്കുന്ന് തയ്യില്‍ വീട്ടില്‍ മുഹമ്മദ് ആസിഖ് (25) ആണ് കസബ സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 28ന് കണ്ണങ്കണ്ടി ഷോറൂമിന് സമീപത്തുവെച്ച് മണി എക്‌സ്‌ചേഞ്ച് ജീവനക്കാരുടെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി 17,45,000 രൂപ തട്ടിയതിനും മെയ് മാസത്തില്‍ പുതിയപാലത്തുവെച്ച് ജ്വല്ലറി ജീവനക്കാരന്റെ വാഹനം തടഞ്ഞുനിര്‍ത്തി 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയതിനും നേതൃത്വം നല്‍കിയത് ആസിഖാണെന്ന് പൊലിസ് പറഞ്ഞു.
പുതിയബസ്സ്റ്റാന്‍ഡിന് സമീപം കണ്ണങ്കണ്ടി ഷോറൂമിന് സമീപത്തുവച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സമറൂദ് മണിഎക്‌സ്‌ചേഞ്ചിലെ ജീവനക്കാരായ പ്രതാപനെയും അബ്ദുല്‍ കരീമിനെയും ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ജീവനക്കാരെ ആക്രമിച്ച ശേഷം ഇവരുടെ സ്‌കൂട്ടറിന്റെ ബോക്‌സില്‍ നിന്നു പണം കൈക്കലാക്കി മൂന്നംഗ സംഘം രക്ഷപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികള്‍ വലയിലായത്.
മലപ്പുറം ജില്ലയില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയവരെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടെ മഞ്ചേരി പൊലിസ് അബ്ദുല്‍ ലത്വീഫ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് ആസിഖിനെക്കുറിച്ചുള്ള വിവരം പൊലിസിന് ലഭിച്ചത്. സ്‌പെയ്‌സ് മാളിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ആസിഖ്. ഇവിടെ മണി എക്‌സചേഞ്ച് ജീവനക്കാരനായ പ്രതാപന്‍ കളക്ഷന് വരാറുള്ളത് ആസിഖ് നിരീക്ഷിക്കുകയും തുടര്‍ന്ന് അബ്ദുല്‍ ലത്വീഫുമായി ചേര്‍ന്ന് കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആസിഖിന്റെ നിര്‍ദേശ പ്രകാരം ലത്വീഫും കൂട്ടാളികളും ദിവസങ്ങളോളം നഗരത്തില്‍ തങ്ങി പ്രതാപന്‍ പണം കൊണ്ടുപോകുന്നത് സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച മുതലില്‍ നിന്ന് രണ്ടു ലക്ഷം രൂപ തനിക്ക് ലഭിച്ചതായി ആസിഖ് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
വിശദമായ ചോദ്യം ചെയ്യലിലാണ് പുതിയപാലത്തെ മെന്‍ഡോര്‍ സ്വര്‍ണാഭരണ നിര്‍മാണശാലയിലേക്ക് കൊണ്ടുപോയ സ്വര്‍ണം കവര്‍ന്നതും താനാണെന്ന് ആസിഖ് സമ്മതിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണാഭരണ നിര്‍മാണശാലയിലെ ജീവനക്കാരനായിരുന്ന താരിഖിനെ പുതിയപാലത്തുവെച്ച് തടഞ്ഞു നിര്‍ത്തി ക്വാളിസ് കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നെന്നും ആസിഖ് പൊലിസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കസബ എസ്.ഐ സൈതലവി, എ.എസ്.ഐ സജി ഷിനോബ്, അനീഷ്, മനോജ് അത്തോളി എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."