ഹര്‍ത്താലിനിടയില്‍ പിണറായി വിജയന്‍ ഇന്ന് മംഗളൂരുവില്‍; നിരോധനാജ്ഞ പ്രഖ്യാപിച്ചു
മംഗളൂരു: ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മംഗളൂരുവില്‍. വാര്‍ത്താ ഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിടനിര്‍മാണോദ്ഘാടനവും സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയും പിണറായി ഉദ്ഘാടനം ചെയ്യും.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന സംഘപരിവാര്‍ ഭീഷണിയുടെ പശ്ചാതലത്തില്‍ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറു മുതല്‍ ഞായര്‍ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേരള മുഖ്യമന്ത്രിക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ എം.ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ നിന്നുള്ള സി.പി.എം നേതാവായ പിണറായി വിജയന് മംഗളൂരുവില്‍ പ്രസംഗിക്കുന്നത് തടയാനായി സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബി.ജെ.പിയും ഹര്‍ത്താലിനെ പിന്തുണച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."