'ജലനിധിയുടെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുന്നു'
പുല്‍പ്പള്ളി: മുന്‍ പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ ജലനിധി പദ്ധതിയുടെ മറവില്‍ ഇപ്പോഴത്തെ ഭരണസമിതി ജനങ്ങളെ ദുരിതത്തിലാക്കുകയും കൊള്ളയടിക്കുകയുമാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2013-ല്‍ ആരംഭിച്ച പദ്ധതികൊണ്ട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന 4000-കുടുംബങ്ങള്‍ക്ക് ജലമെത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ പുതിയ ഭരണസമിതിയുടെ കഴിവുകേടു കൊണ്ട് ജനങ്ങള്‍ക്ക് പദ്ധതിയിലുളള വിശ്വാസം നഷ്ടപ്പെടുകയും ഇപ്പോഴത് 2400ല്‍ താഴെ മാത്രമാവുകയും ചെയ്തു. ജലനിധി പദ്ധതിക്കു കീഴില്‍ ആറ് പദ്ധതികളായിരുന്നു വിഭാവനം ചെയ്തിരുന്നത്. പുല്‍പ്പള്ളി ടൗണിലെ റോഡുകള്‍ മുഴുവന്‍ തലങ്ങുംവിലങ്ങും കുത്തിപ്പൊളിക്കാതെ നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് വളരെ കുറച്ചുമാത്രം റോഡ് പൊളിച്ച് പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിന് ശ്രമിക്കാതെ ടൗണിലെ റോഡ് അനാവശ്യമായി കുത്തിപ്പൊളിക്കുകയായിരുന്നു. 46-ലക്ഷം രൂപയാണ് റോഡ് പുനസ്ഥാപിക്കുന്നതിനായി അനാവശ്യമായി ചിലവഴിക്കുന്നത്. യു.ഡി.എഫ് മെമ്പര്‍മാര്‍ ഇതിന് വിയോജിപ്പ് ഭരണസമിതിയോഗത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ടൗണിലെത്തുന്ന ജനങ്ങളുടെയും വ്യാപാരികളുടെയും ദുരിതമകറ്റാന്‍ റോഡ് വെട്ടിപ്പൊളിച്ച സ്ഥാനത്ത് കോണ്‍ക്രീറ്റൊ, ടാറിങോ ഉടന്‍ നടത്തണം. അല്ലാത്തപക്ഷം പഞ്ചായത്തിലെ പ്രതിപക്ഷമെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നിരാഹാരസമരം തുടങ്ങുമെന്ന് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ എം.ടി കരുണാകരന്‍, പുഷ്‌കല രാമചന്ദ്രന്‍, രജനി ജോസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."