വസന്തോത്സവത്തിന് നാളെ തിരിതെളിയും
തിരുവനന്തപുരം: നഗരത്തിന് പൂക്കാലം സമ്മാനിച്ച് വസന്തോത്സവത്തിന് നാളെ കനകക്കുന്നില്‍ തിരിതെളിയും. നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വസന്തോത്സവം ഉദ്ഘാടനം ചെയ്യും.
ജനുവരി 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള നടക്കുന്നത്. പതിനായിരത്തിലധികം ഇനം പൂക്കളാണ് അനന്തപുരിയില്‍ പൂക്കാലം തീര്‍ക്കാന്‍ എത്തുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സിംപീഡിയം ചെടികളുടെ ശേഖരം, ജവഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ചകള്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയാറാക്കുന്ന ജലസസ്യങ്ങള്‍, ടെറേറിയം എന്നിവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ വര്‍ണക്കാഴ്ചകളാകും. സെക്രട്ടേറിയറ്റ്, മ്യൂസിയം മൃഗശാല, കാര്‍ഷിക കോളജ്, ജവഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, കേരള വന ഗവേഷണ കേന്ദ്രം, കിര്‍ത്താഡ്‌സ്, നിയമസഭാ മന്ദിരം, കേരള സര്‍വകലാശാല ബോട്ടണി വിഭാഗം, പൂജപ്പുര ആയുര്‍വേദ ഗവേഷണ കേന്ദ്രം എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും നഴ്‌സറികളും വ്യക്തികളും വസന്തോത്സവത്തില്‍ സ്റ്റാളുകള്‍ ഒരുക്കും.
വിവിധതരം ജ്യൂസുകള്‍, മധുര പലഹാരങ്ങള്‍, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍, ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍, മലബാര്‍ കുട്ടനാടന്‍ രുചികള്‍, കെ.ടി.ഡി.സിയുടെ രാമശേരി ഇഡ്‌ലി മേള എന്നിങ്ങനെയുള്ള ഭക്ഷ്യമേളയും വസന്തോത്സവത്തിന് മാറ്റുകൂട്ടും. സൂര്യകാന്തിയിലാണ് ഭക്ഷ്യമേള നടക്കുന്നത്. സ്റ്റാളുകള്‍ക്കു പുറമേ വ്യാപാര സംബന്ധമായ സ്റ്റാളുകളും സര്‍ഗാലയയുടെ ക്രാഫ്റ്റ് വില്ലേജിന്റെ പ്രത്യേക സ്റ്റാളും സര്‍ഗോത്സവത്തില്‍ ഉണ്ടാകും. വസന്തോത്സവത്തിനെത്തുന്നവര്‍ക്കുള്ള പാസുകള്‍ കനകക്കുന്നിന്റെ പ്രധാന കവാടത്തിന് സമീപം കേരളസ്റ്റേറ്റ് കോഓപ്പറേറ്റിവ് ബാങ്ക് തുറക്കുന്ന പ്രത്യേക കൗണ്ടറുകള്‍ വഴി ലഭിക്കും.
അഞ്ചു വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. അഞ്ചു മുതല്‍ 12 വയസ് വരെയുള്ളവര്‍ക്ക് 20 രൂപയും 12നു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. 50 പേര്‍ അടങ്ങുന്ന സ്‌കൂള്‍ കുട്ടികളുടെ സംഘത്തന് 500 രൂപ നല്‍കിയാല്‍ മതി. സ്റ്റേറ്റ് കോഓപ്പറേറ്റിവ് ബാങ്കിന്റെ നഗരത്തിലെ ഒന്‍പത് ശാഖകള്‍ വഴിയും ടിക്കറ്റുകള്‍ ലഭിക്കും. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് മേളയിലേക്കു പ്രവേശനം അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."