എങ്ങുമെത്താതെ തരിയോട്-കമ്പനിക്കുന്ന് കുടിവെള്ള വിതരണ പദ്ധതി
പടിഞ്ഞാറത്തറ: കനത്ത വരള്‍ച്ച വിളിപ്പാടകലെയെത്തിയിട്ടും കല്‍പ്പറ്റ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന വാട്ടര്‍ അഥോറിറ്റിയുടെ തരിയോട് കമ്പനിക്കുന്ന് ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തികള്‍ അനന്തമായി നീളുന്നു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍പെട്ട ഏഴു കോടി രൂപ ചെലവിലുള്ള കിണറിന്റെയും ടാങ്കിന്റെയും പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും 28 കോടിയോളം രൂപാ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാംഘട്ടത്തിലെ പ്രവൃത്തികളാണ് ഇനിയും ആരംഭിക്കാത്തത്. 2013ല്‍ ആരംഭിച്ച പദ്ധതിക്ക് പഞ്ചായത്തുതലത്തിലുള്ള ടാങ്ക് നിര്‍മാണമോ പൈപ്പിങ് ജോലികളോ ഇനിയും കരാര്‍ നല്‍കിയിട്ടില്ല.
കല്‍പ്പറ്റ ബ്ലോക്കില്‍പ്പെട്ട പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാവുന്ന പദ്ധതിയെന്ന നിലയിലാണ് 2013ല്‍ കേരളാ വാട്ടര്‍ അഥോറിറ്റി പുതിയ പദ്ധതി വിഭാവനം ചെയ്തത്. കടുത്ത വേനലിലും വെള്ളം ലഭിക്കുന്ന വിധത്തില്‍ തരിയോട് 13-ാം മൈലില്‍ ബാണാസുരഡാം റിസര്‍വോയറിനുള്ളില്‍ 28 മീറ്റര്‍ ആഴത്തില്‍ കിണര്‍ കുഴിച്ച് ഇവിടെ നിന്നും വെള്ളം തരിയോട് കമ്പനിക്കുന്നില്‍ നിര്‍മിച്ച ജലസംഭരണിയിലെത്തിച്ച് ശുദ്ധീകരിച്ച ചെയ്ത ശേഷം വിതരണത്തിനായി പഞ്ചായത്തുകളിലെ സംഭരണിയിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. അഞ്ചു പഞ്ചായത്തുകളിലും നിര്‍മിക്കുന്ന സംഭരണികളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് പൈപ്പ് മുഖേന വീടുകളിലും പൊതുവിടങ്ങളിലും കുടി വെള്ളമെത്തിക്കാനുമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. 78 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തികള്‍ 2014ല്‍ ആരംഭിക്കുകയും ഇപ്പോള്‍ ഏറെക്കുറെ പൂര്‍ത്തിയാവുകയും ചെയ്തു. തരിയോട് കമ്പനിക്കുന്നിലെ എട്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെയും ശുദ്ധീകരണ യൂണിറ്റിന്റെയും പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തിയായി.
ബാണാസുര ഡാംറിസര്‍വോയറില്‍ നിര്‍മിക്കുന്ന കിണറിന്റെയും പമ്പിങ് സ്റ്റേഷന്റെയും പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ കോട്ടത്തറ കുറുമ്പാലക്കോട്ടയിലും വെങ്ങപ്പള്ളി കോടഞ്ചേരിക്കുന്നിലും പുതുതായി നിര്‍മിക്കേണ്ട ജല സംഭരണ ടാങ്കുകളുടെ പ്രവൃത്തികള്‍, പൊഴുതന ഇടിയം വയലിലെയും പടിഞ്ഞാറത്തറ കാപ്പുകുന്നിലെയും തരിയോട് ചെന്നലോട്ടെയും നിലവിലുള്ള ടാങ്കുകള്‍ നവീകരണം, പടിഞ്ഞാറെത്തറ തെങ്ങുംമുണ്ടയില്‍ നിലവിലുള്ള പ്ലാന്റിലേക്ക് വെള്ളമെത്തിക്കാന്‍ പൈപ്പിങ് തുടങ്ങിയ പ്രവൃത്തികള്‍ ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. കിണറില്‍ നിന്നും തരിയോട് കമ്പനിക്കുന്നിലേക്കും പിന്നീട് അതാത് പഞ്ചായത്തുകളിലേക്കും പിന്നീട് ഗുണഭോക്താക്കള്‍ക്കും വെള്ളമെത്തിക്കാന്‍ പൈപ്പിങ് ജോലികള്‍ കരാര്‍നല്‍കാനും നടപടികളുണ്ടായിട്ടില്ല. രണ്ടാംഘട്ടത്തിലുള്‍പ്പെടുന്ന ഈ പ്രവൃത്തികള്‍ക്കെല്ലാമായി 28 കോടി രൂപയുടെ പ്രൊപ്പോസലാണ് വാട്ടര്‍ അഥോറിറ്റി നല്‍കിയത്. ഇത് പ്രകാരം കരാര്‍ നല്‍കി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഈ വേനലിലും കഴിയില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."