അനില്‍കുമാറിന്റെ മരണം; രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു: സി.പി.എം
മാനന്തവാടി: തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനില്‍കുമാറിന്റെ കുടുംബത്തെ ഉപയോഗിച്ച് കോണ്‍ഗ്രസും കര്‍മസമിതിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അല്‍പ്പത്തരമാണെന്ന് സി.പി.എം മാനന്തവാടി ഏരിയാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അനില്‍കുമാറിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. അനില്‍കുമാര്‍ സി.പി.എം തലപ്പുഴ നാല്‍പ്പത്തിനാലിലെ ബ്രാഞ്ച് അംഗമായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടുള്ളത്. കുറ്റക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പൊലിസും സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തില്‍ പാര്‍ട്ടി ഒരുനിലക്കും ഇടപെട്ടിട്ടില്ല. പാര്‍ട്ടി തലത്തിലും അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അതിനുസരിച്ചുള്ള നടപടികളുണ്ടാകും. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിന് ആരും എതിര് നിന്നിട്ടില്ല. ഇതുസംബന്ധിച്ച് ആരും ഒരറിയിപ്പും പാര്‍ട്ടിക്ക് നല്‍കിയിട്ടുമില്ല. പാര്‍ട്ടിയേയും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്കിനേയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു.
പൊതുയോഗത്തിന് പൊലിസ് അനുമതി നിഷേധിച്ചതായി പരാതി
മാനന്തവാടി: ആത്മഹത്യ ചെയ്ത ബാങ്ക് ജീവനക്കാരന്‍ പി.എം അനില്‍കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച കര്‍മസമിതിക്ക് പൊതുയോഗത്തിന് അനുമതി നിഷേധിച്ചതായി പരാതി. കര്‍മസമിതി തലപ്പുഴ 44ല്‍ ഇന്ന് വൈകിട്ട് നടത്താന്‍ നിശ്ചയിച്ച പരിപാടിക്കാണ് പൊലിസ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ ദിവസമാണ് പൊതുയോഗം നടത്താന്‍ അനുമതി തേടി കര്‍മസമിതി പൊലിസിന് അപേക്ഷ നല്‍കിയത്. എന്നാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കാത്തതാണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്നാണ് പൊലിസ് അറിയിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ അനുമതി നിഷേധിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കര്‍മസമിതിയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."