പായല്‍ വിഴുങ്ങി ആനോത്ത് പുഴ
പൊഴുതന: നൂറുകണക്കിന് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തി പൊഴുതന ആനോത്ത് പുഴയെ പായല്‍ വിഴുങ്ങുന്നു. പായല്‍മൂടിയ പുഴയില്‍ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു.
വൈത്തിരി മുതല്‍ ആനോത്ത് വരെയുള്ള കുടുംബങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് ഈ പുഴയിലെ വെള്ളം. വൈത്തിരി, പന്ത്രണ്ടാംപാലം, മുത്താരിക്കുന്ന്, ആനോത്ത് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളാണ് ഈ പുഴയെ ആശ്രയിക്കുന്നത്. വേനല്‍ കനത്തതോടെ വെങ്ങപ്പള്ളി, ചുണ്ടേല്‍ പ്രദേശങ്ങളിലെ ആളുകളും ഒഴിവ് ദിവസങ്ങളില്‍ അലക്കാനടക്കം ഈ പുഴയിലെത്തുന്നുണ്ട്.
എന്നാല്‍ പായല്‍ മൂടിയതോടെ പുഴയില്‍ വെള്ളം കുറഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതും ആളുകള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. മാലിന്യം പുഴയില്‍ തള്ളുന്നതും പുഴയുടെ നിലനില്‍പിന് ഭീഷണിയായി മാറുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത്തരത്തില്‍ ആദ്യമായി പുഴയില്‍ പായല്‍ മൂടിയത്.
ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പുഴ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പായല്‍ മുക്തമാക്കി. പിന്നീട് പായലിന്റെ ആക്രമണം അത്രകണ്ട് ഭീകരമായിരുന്നില്ല. എന്നാല്‍ ഇത്തവണ പായല്‍ പുഴയെ പൂര്‍ണമായും വിഴുങ്ങിയിരിക്കുകയാണ്.
പായല്‍ നിറഞ്ഞതോടെ രണ്ടാഴ്ച മുന്‍പ് ആനോത്ത് ചെക്ക് ഡാമിന്റെ ഷെട്ടര്‍ തുറക്കുകയും നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തില്‍ ഒന്നര കിലോമീറ്ററോളം പുഴ വൃത്തിയാക്കുകയും ചെയ്തു. പിന്നീട് ഷെട്ടറിട്ട് വെള്ളവും നിറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്കകം പായല്‍ പുഴയില്‍ ശക്തമായി. ഇപ്പോള്‍ പുഴ പൂര്‍ണമായും പായല്‍ മൂടിയിരിക്കുകയാണ്. വേനലിനൊപ്പം പായല്‍ കൂടി മൂടിയതോടെ പുഴയിലെ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ആനോത്ത് പാലം മുതല്‍ ഒരു കിലോമീറ്ററോളം പായല്‍ പെരുകി വെള്ളം മലിനമായിരിക്കുകയാണ് ഇപ്പോള്‍.
നല്ല ഒഴുക്കുണ്ടായിരുന്ന പുഴ ഇപ്പോള്‍ നിശ്ചലമാണ്. മുഴുവന്‍ പായല്‍ മൂടി വെള്ളം കാണാത്ത സ്ഥിതിയാണുള്ളത്. പായല്‍ കൊണ്ട് പുഴയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വെള്ളവും കുറഞ്ഞിരിക്കുകയാണ്. ഇത് സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളെയും ബാധിക്കുന്നുണ്ട്. കിണറുകളില്‍ വെള്ളം കുറഞ്ഞ് വരികയാണ്. വേനല്‍ കനക്കുന്നതോടെ ഇത് ശക്തമാകാനാണ് സാധ്യത.
വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതിനാലും പായല്‍ മൂടിയതിനാലും വെള്ളത്തിനു മുകളില്‍ ഇപ്പോള്‍ മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്നുണ്ട്. മുന്‍പ് വിനോദ സഞ്ചാരികള്‍ കയാക്കിങും മറ്റും നടത്തിയിരുന്ന പുഴയാണ് ഇന്ന് നിശ്ചലമായി പായല്‍ മൂടികിടക്കുന്നത്. ആനോത്ത് പാലത്തിനു സമീപം ചെക്ക് ഡാം ഡാം ഉള്ളത് കൊണ്ടാണ് നിലവിലെ വെള്ളം തന്നെ നിലനില്‍ക്കുന്നത്. ധാരാളം മത്സ്യ സമ്പത്തുണ്ടായിരുന്ന പുഴയില്‍ ഇപ്പോള്‍ മീനുകളും നാമമാത്രമായി.
ഇതും പായല്‍ ആക്രമണം കൊണ്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫിഷറീസ് വകുപ്പ് വര്‍ഷം തോറും ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടിട്ടിരുന്ന പുഴയില്‍ മത്സ്യ സമ്പത്തും കുറഞ്ഞത് ആശങ്കയുളവാക്കുന്നുണ്ട്. പുഴയില്‍ പായല്‍ കെട്ടിക്കിടക്കുന്നത് പരിഹരിക്കാന്‍ സത്വര നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ പുഴ ഈ സമയത്ത് വൃത്തിയാക്കുന്നത് പ്രദേശത്തെ കുടിവെള്ള സ്രോതസുകളെ ബാധിക്കുമെന്ന് ഒരുവിഭാഗം നാട്ടുകാര്‍ പറയുന്നു.
കാരണം പുഴ വൃത്തിയാക്കണമെങ്കില്‍ ചെക്ക്ഡാം തുറന്ന് വിടണം. എന്നാല്‍ ഡാം തുറന്ന് വിട്ട് പുഴ വൃത്തിയാക്കിയാല്‍ ഈ കത്തുന്ന വേനലില്‍ വെള്ളം ഡാമില്‍ എത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ഡാമില്‍ വെള്ളമില്ലാതായാല്‍ പ്രദേശത്തെ നൂറ് കണക്കിന് വീടുകളിലെ കിണറിലെ വെള്ളത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
എന്തായാലും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വൈത്തിരി മലയില്‍ നിന്നും സുഗന്ധഗിരി മലയില്‍ നിന്നും ഉല്‍ഭവിക്കുന്ന നീരുറവകള്‍ കൂടിച്ചേര്‍ന്നാണ് ആനോത്ത് പുഴയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."