വടക്കനാട് കൊമ്പനൊപ്പം മറ്റൊരു കൊമ്പനും
സുല്‍ത്താന്‍ ബത്തേരി: ചെറിയ ഒരു ഇടവേളക്കു ശേഷം വടക്കനാട്, വള്ളുവാടി പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു.
വടക്കനാടിനോട് തൊട്ടടുത്ത പ്രദേശമായ വള്ളുവാടിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ കാട്ടുകൊമ്പന്‍ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. വള്ളുവാടി അയിനാട്ടു ജോര്‍ജിന്റെ ഇരുപത്തി അഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഏഴോളം തെങ്ങുകളും അയല്‍വാസികളായ പുന്നക്കാട്ടില്‍ മേരിയുടെ അഞ്ചോളം തെങ്ങുകളും കൊല്ലിവയല്‍ മത്തായിയുടെ ആറ് തെങ്ങുകളുമാണ് കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത്. കൂടാതെ നിരവധി കര്‍ഷകരുടെ വാഴ, കമുക് തുടങ്ങിയവയും കാട്ടാന നശിപ്പിച്ചു. വള്ളുവാടിയില്‍ കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകരുടെ കൃഷിയിടങ്ങള്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ താല്‍ക്കാലിക ചുമതലയുള്ള അജിത് കെ. രാമന്‍ സന്ദര്‍ശിക്കുകയും കൊമ്പനെ തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പും നല്‍കി. സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം ജനപ്രധിനിധികളും കര്‍ഷകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ആനയെ തുരത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ ഉറപ്പു നല്‍കിയത്.
പ്രധാനമായും ആനകള്‍ വനത്തില്‍ നിന്നും നാട്ടിലേക്ക് കടക്കുന്ന കടവുകള്‍ക്കു സമീപം നിലവിലുള്ള വാച്ചര്‍മാര്‍ക്ക് പുറമെ കൂടുതല്‍ വാച്ചര്‍മാരെ വിന്യസിപ്പിക്കും. കൂടാതെ ഇരുപത്തിനാലു മണിക്കൂറും വനപാലകര്‍ പ്രദേശത്തു പട്രോളിങ് ഏര്‍പ്പെടുത്തും.
താത്തൂര്‍ സെക്ഷന്‍ ഫോറസ്റ്റും വാടക്കനാട് സെക്ഷന്‍ ഫോറസ്റ്റും ബത്തേരി റെയ്ഞ്ചിലെ ഉദ്യോഗസ്ഥരും ഈ ഉദ്യമത്തില്‍ പങ്കാളികളാകുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഡി.എഫ്.ഓ ചുമതലയുള്ള അജിത് കെ. രാമന്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചര്‍ വി.ഡി ശ്രീകുമാര്‍, ബത്തേരി ബ്ലോക്ക് മെംബര്‍ എ.കെ കുമാരന്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍ കുമാര്‍, കര്‍ഷക സംഗം ജില്ലാ സെക്രട്ടറി കെ. ശശാങ്കന്‍, ടി.കെ ശ്രീജന്‍, ഫാദര്‍ വര്‍ഗീസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ആനയെ തുരത്താനാണ് തീരുമാനം. വടക്കനാട് പ്രദേശത്തു ഭീതി പരത്തുന്ന വടക്കനാട് കൊമ്പനെ ഒരു മാസത്തിനകം മയക്കു വെടി വെച്ച് പിടികൂടുമെന്നും അതിന്റെ മുന്നോടിയായി മുത്തങ്ങയിലുള്ള രണ്ടു കുങ്കിയാനകളെയും ഉടന്‍ വാടക്കനാട് എത്തിക്കുമെന്നും തമിഴ്‌നാട്ടില്‍ നിന്നും കുങ്കിയാനകളെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതായും അജിത് കെ. രാമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."