ഇന്ത്യ എല്ലാവരുടേതുമാണ്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമെന്ന് നിരന്തരം നാം ഉദ്‌ഘോഷിച്ചിരുന്ന ഇന്ത്യാമഹാരാജ്യം പുതിയൊരു റിപ്പബ്ലിക് ദിനത്തെക്കൂടി വരവേല്‍ക്കുകയാണ്. വൈവിധ്യത്തിലായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യം. വിവിധ മതങ്ങളും സംസ്‌കാരങ്ങളും ജാതികളും ഉപജാതികളും ഭാഷകളും ആഘോഷങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യം കൂടുതല്‍ കാലം മുന്നോട്ട് പോകുമോ എന്ന് ഈ രാജ്യം വൈദേശികാധിപത്യത്തില്‍നിന്ന് മോചിതമായ സമയത്ത് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, എല്ലാ വൈവിധ്യങ്ങളേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ മഹത്തായ ഭരണഘടന ഇന്ത്യയിലെ ജനങ്ങളെ ഒന്നായി ചേര്‍ത്തുനിര്‍ത്തി. 'നാനാത്വത്തില്‍ ഏകത്വം' എന്ന ദാര്‍ശനികാടിസ്ഥാനത്തിലുള്ള നമ്മുടെ മതേതരത്വ കാഴ്ചപ്പാടായിരുന്നു ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ തലയുയര്‍ത്തി നിര്‍ത്തിയത്. പടിഞ്ഞാറിന്റെ മതേതരത്വ പരികല്‍പ്പന മതനിരാസത്തിന്റേതാണെങ്കില്‍ ഭാരതത്തിന്റേത് തികച്ചും വിഭിന്നമായിരുന്നു. ഏകദൈവ വിശ്വാസികളോടും ബഹുദൈവ വിശ്വാസികളോടും മതമില്ലാത്തവനോടും യുക്തിവാദിയോടും രാഷ്ട്രം പുലര്‍ത്തുന്ന സമഭാവനയും തുല്യനീതിയുമായിരുന്നു ഈ രാജ്യത്തിന്റെ സവിശേഷത. ഒപ്പം മതം വിവേചനത്തിനുള്ള മാനദണ്ഡമാകില്ലെന്ന ഭരണഘടന നല്‍കുന്ന ഉറപ്പ് ഈ രാജ്യത്തെ ഉന്നതമായ സംസ്‌കാരമാക്കി. 70 വര്‍ഷത്തെ ഭരണഘടനയുടെ ചരിത്രത്തില്‍ 100ല്‍ കൂടുതല്‍ ഭേദഗതികള്‍ വിവിധ ഘട്ടങ്ങളിലായി നടന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന തത്ത്വങ്ങള്‍ക്കോ പൗരന്മാര്‍ക്ക് വകവെച്ചുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കോ പോറലേറ്റില്ല. എന്നാല്‍ ഭരണഘടനയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ 144 ഹരജികള്‍ സമര്‍പ്പിക്കപ്പെടുകയും അതില്‍ 142 ഉം ഭേദഗതിക്ക് പ്രതികൂലമായി വരികയും ചെയ്ത സവിശേഷ സാഹചര്യത്തിലാണ് പുതിയ റിപ്പബ്ലിക് ദിനാഘോഷമെന്നത് ഏറെ വിരോധാഭാസമാണ്.
രാജ്യത്തെ ബഹുഭൂരിഭാഗം പേരും ഇന്ന് തെരുവിലാണ്. വിദ്യാര്‍ഥികളും അധ്യാപകരും കുട്ടികളും സ്ത്രീകളും മതസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും തൊഴിലാളി യൂണിയനുകളുമെല്ലാം വ്യത്യസ്തങ്ങളായ പ്രക്ഷോഭ പരിപാടികളുമായി ഈ ഭേദഗതിയെ ചെറുത്തുതോല്‍പ്പിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമാധാനപരമായ സമരത്തിന് തുല്യമായ മറ്റൊരു സമരം ഈ നൂറ്റാണ്ടില്‍ ലോകത്തെവിടെയും കാണാനാവില്ലെന്നാണ് ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് അഭിപ്രായപ്പെട്ടത്. ലളിതമായിപ്പറഞ്ഞാല്‍ ദിവസം കഴിയുംതോറും രാജ്യത്ത് അരക്ഷിതാവസ്ഥ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നുകൊണ്ടിരിക്കുന്നു.
മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുക എന്ന ബ്രിട്ടിഷ് കുതന്ത്രമാണ് രാജ്യം സ്വതന്ത്ര്യമായി 70 വര്‍ഷങ്ങള്‍ക്കിപ്പുറം, ഭരണം കയ്യാളുന്ന അധികാരിവര്‍ഗ്ഗം പയറ്റിക്കൊണ്ടിരിക്കുന്നത്. ഹിന്ദുരാഷ്ട്രവാദം മുഖ്യ അജന്‍ഡയാക്കിയവര്‍ അധികാരത്തില്‍ സ്ഥാനമുറപ്പിച്ചത് മുതല്‍ ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിനും പൈതൃകത്തിനും ഉന്നതമായ ഭരണഘടനക്കും മരണമണി മുഴങ്ങിയിട്ടുണ്ട്. ഇന്ത്യ ആരുടേതാണെന്ന ചോദ്യത്തിന്റെ ലളിതമായ ഉത്തരം എല്ലാവരുടേതുമാണെന്നാണ്. പൊരുതി നിന്നവരുടേതൊക്കെയാണ് ഈ രാജ്യം. അപ്പോഴും ഒരു വിഭാഗം മാത്രം തങ്ങളുടെ ദേശക്കൂറും രാജ്യസ്‌നേഹവും തെളിയിക്കാന്‍ നിരന്തരം നിര്‍ബന്ധിപ്പിക്കപ്പെടുന്നു. സ്വാതന്ത്ര്യസമരവേളയില്‍ ബ്രിട്ടിഷുകാര്‍ക്ക് പാദസേവ ചെയ്ത ഒറ്റുകാരുടെ പിന്‍മുറക്കാര്‍ക്കാണ്, ഏറനാടിന്റെയും വള്ളുവനാടിന്റെയും മലമടക്കുകളില്‍ നെഞ്ച് വിരിച്ച് രാജ്യത്തിന് വേണ്ടി പോരാടി ധീരരക്തസാക്ഷിത്വം വരിച്ച ദേശാഭിമാനികളുടെ പിന്‍തലമുറക്കാര്‍ ദേശക്കൂറിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ നിരന്തരം നിര്‍ബന്ധിപ്പിക്കപ്പെടുന്നത് എന്നത് ഏറെ വിചിത്രമാണ്. ഒരു ഭാഗത്ത് തൊഴിലില്ലായ്മയും പട്ടിണിയും നിരക്ഷരതയും സാമ്പത്തിക മാന്ദ്യവും നാള്‍ക്കുനാള്‍ രൂക്ഷമായിരിക്കുമ്പോഴാണ് മറുഭാഗത്ത് ഒരു മതവിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് പുറം തള്ളാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അത്തരം പ്രശ്‌നങ്ങളെ ബോധപൂര്‍വ്വം തിരസ്‌ക്കരിച്ച് തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ കരുക്കള്‍ നീക്കുകയാണ്.
മാരകാര്‍ബുദമായ വര്‍ഗ്ഗീയത രാജ്യത്തെ രാഷ്ട്രീയമായും സാമൂഹികമായും മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷവര്‍ഗ്ഗീയത ഫാസിസമായി പരിവര്‍ത്തനപ്പെട്ടു. ക്ലാസിക്കല്‍ ഫാസിസത്തേക്കാള്‍ ഭീകരവും അപകടകരവുമായ രീതിയില്‍ ഹിന്ദുത്വ ഫാസിസം രാജ്യത്ത് നാള്‍ക്കുനാള്‍ വേരൂന്നുകയാണ്. ബാബരി ധ്വംസനം ഇന്ത്യയിലെ ഫാസിസത്തിന്റെ സൂചനയായിരുന്നെങ്കില്‍ ഗുജറാത്ത് കലാപം അവര്‍ ഫണം വിടര്‍ത്തി വന്നിരിക്കുന്നുവെന്നതിന്റെ വ്യക്തമായ പ്രഖ്യാപനമായിരുന്നു. പിന്നീടങ്ങോട്ട് ബീഫ് രാഷ്ട്രീയവും ഘര്‍വാപസിയുമെല്ലാം ഫാസിസം അങ്ങേയറ്റം ഗ്രസിച്ചതിന്റെ നേര്‍സാക്ഷ്യമാണ്.
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഒരു നീക്കവും ആകസ്മികമാണെന്ന് പറയാന്‍ കഴിയില്ല. അവരുടെ ചുവടുവയ്പ് കൃത്യമായ ആസൂത്രണത്തിന്റെയും ഗൂഢാലോചനയുടേയും ഫലമായിരുന്നു. അധികാരാരോഹണവും ഇത്തരം പദ്ധതികളുടെ ഭാഗമാണ്. പിന്നീടങ്ങോട്ട് ഓരോന്നോരോന്നായി വിലക്കെടുത്തുകൊണ്ടിരിക്കുകയാണ്. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ നിയമ ഭേദഗതി കൃത്യമായി ഗൃഹപാഠം ചെയ്തതിന്റെ ഫലമാണ്.
മതാടിസ്ഥാനത്തില്‍ പൗരത്വം വിതരണം ചെയ്യുന്നതിലൂടെ പൗരത്വ നിയമ ഭേദഗതി ഹിന്ദു ദേശത്തിന്റെ ഭൗമമണ്ഡല വിസ്തൃതി വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്. ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണസഭയിലെ 284 അംഗങ്ങള്‍ രണ്ടു വര്‍ഷവും 11 മാസവും 18 ദിനങ്ങളും ഒരുമിച്ചുകൂടി ഓരോ വകുപ്പിനെയും കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടത്തി കഠിനാധ്വാനത്തിലൂടെ രൂപപ്പെടുത്തിയതാണ് നമ്മുടെ ഭരണഘടന. തികഞ്ഞ മതനിരപേക്ഷതയുടെ ചൂളയില്‍ ചുട്ടെടുത്ത ഭരണഘടനയിലെ വകുപ്പുകളിലൊന്നിലും മതപരമായ വിവേചനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയില്ല. പൗരന്മാരെ മതം തിരിച്ച് വേര്‍തിരിക്കുന്ന പൗരത്വ നിയമ ഭേദഗതി മതനിരപേക്ഷതയെന്ന ഭരണഘടനയുടെ അടിവേരറുക്കുന്നതാണെന്നും ഭരണഘടനയെ എന്നെന്നേക്കുമായി ഉടച്ചുവാര്‍ക്കപ്പെടുകയാണെന്നുമാണ് രാജ്യത്തെ ബഹുഭൂരിഭാഗം പൗരന്മാരും നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നത്. ജാമിഅ മില്ലിയ്യയിലേയും ജെ.എന്‍.യുവിലേയും അലീഗഢിലേയും മറ്റു കാംപസുകളിലേയും വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതീക്ഷയുണ്ട്. ഭീതിയുടേയും നിസ്സംഗതയുടേയും മൂടുപടം ധരിച്ച് ഒതുങ്ങിക്കൂടുന്നതിന് പകരം പോരാട്ടത്തിന്റെയും സമരത്തിന്റെയും യുഗം അവസാനിച്ചിട്ടില്ലെന്ന് ആ വിദ്യാര്‍ഥികള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
സാമൂഹിക നീതിയും സമത്വവും പൗരാവകശാവുമെല്ലാം ഇന്ത്യയില്‍ പൂര്‍ണ്ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമായിട്ടില്ലെന്നത് വസ്തുതയാണ്. മൗലികാവകാശ നിഷേധവും ജാതീയതയുമെല്ലാം രാജ്യത്ത് വ്യാപകമാണ്. മുസ്‌ലിം, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിരന്തരം തങ്ങളുടെ ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടുന്നു. അരികുവത്കരണവും ഇരട്ട നീതിയും നീതിനിഷേധവുമെല്ലാം നിത്യസംഭവങ്ങളായി മാറുന്നു. ഒരു വിഭാഗം ജനങ്ങള്‍ പൗരത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സവിശേഷമായ ഈ സാഹചര്യത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും അത് വഴി നിര്‍മ്മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തി നമ്മുടെ രാഷ്ട്രനായകര്‍ സ്വപ്നം കണ്ട ഒരു യഥാര്‍ഥ ഇന്ത്യക്ക് വേണ്ടി കൈകോര്‍ക്കാനും ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ പുതുക്കാം. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രസക്ത സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് രാജ്യത്തിനകത്തും പുറത്തുമായി നൂറ് കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കുകയാണ്. സംഘടന ഈ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാന്‍ തുടങ്ങിയിട്ട് 14 വര്‍ഷമായി. ഓരോ വര്‍ഷവും ഈ കൂട്ടായ്മക്ക് പ്രസക്തി വര്‍ധിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."