'തനിമയോടെ ശൈശവം': മാതൃകയായി അത്താണിക്കല്‍ ജി.എം.എല്‍.പി സ്‌കൂള്‍
മലപ്പുറം: 'പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം' കേരളത്തിന് മാതൃകയാവുകയാണ് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അത്താണിക്കല്‍ ജി.എം.എല്‍.പി സ്‌കൂള്‍. തനിമയോടെ ശൈശവം എന്ന ശീര്‍ഷകത്തില്‍ ലോകോത്തര അക്കാദമിക് നിലവാരത്തിലേക്കുയര്‍ത്താന്‍ വൈവിധ്യമാര്‍ന്ന കര്‍മപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 'അത്താണിക്കല്‍ വസന്തം' എന്നപേരിലാണ് പദ്ധതി. ഇത് ഒരു നാടിന്റെ കൂട്ടായ്മയും സംസ്‌കൃതിയിലേക്കുള്ള തിരിച്ചുവരവുമാണ്. മാതൃഭാഷയും ഇംഗ്ലീഷും ഒരുപോലെ പ്രാപ്തമാക്കി ഓരോ കുട്ടിക്കും ദ്വിഭാഷാപ്രാവണ്യം നേടിക്കൊടുക്കും. എല്ലാ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കും. പ്രകൃതിസൗഹൃദമായൊരു കാംപസായിരിക്കും ഒരുക്കുക. സ്‌കൂളിന്റെ നിലവിലുളള പഠനവിഭവങ്ങള്‍ക്ക് പുറമെ ആവശ്യമായവ കണ്ടെത്തും. ഭാഷാപഠനത്തിന് വിദഗ്ധരായ അധ്യാപകരുടെ സഹായം ഉറപ്പാക്കും.
1923 ല്‍ തുടക്കം കുറിച്ച അത്താണിക്കല്‍ ജി.എം.എല്‍.പി സ്‌കൂള്‍ ഒരു പ്രദേശത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും നിലനില്‍ക്കുന്ന സ്മാരകമാണ്. സ്‌കൂള്‍ ഇതുവരെയും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് സ്ഥലം വാങ്ങി നല്‍കിയത്. കെട്ടിട നിര്‍മാണത്തിന് പി ഉബൈദുളള എം.എല്‍.എ പണം വകയിരുത്തി. അടുത്ത അധ്യയന വര്‍ഷത്തോടെ പുതിയ സൗകര്യങ്ങള്‍ ലഭ്യമാവും. സ്‌കൂളിനോട് ചേര്‍ന്ന് ബാക്കിവരുന്ന സ്ഥലം വാങ്ങിയെടുക്കാന്‍ രക്ഷിതാക്കളും നാട്ടുകാരും കൂട്ടായി പ്രയത്‌നിക്കുന്നു. ഇതിനു വേണ്ടി 50 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ആയിരത്തോളം ജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഓരോരുത്തരും സ്‌കൂളിന് സ്വയം സമര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ മഞ്ചേരി സ്പ്രിങ്‌സ് കോണ്ടിനന്റല്‍ സ്‌കൂള്‍ സ്ഥാപകന്‍ 'സയ്യിദ് ബി ദുജ' മെന്ററായി സേവനം ചെയ്യുന്നു. വികാരഭരിതമായ സ്‌നേഹസംഗമത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം നടന്നു. പി ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.വി ഇബ്രാഹീം.എം.എല്‍.എ അധ്യക്ഷനായി. എസ്.എം.സി ചെയര്‍മാന്‍ പി.എ സലാം, പൂര്‍വ വിദ്യാര്‍ഥിയും പുതുച്ചേരി ജിപ്മര്‍ മെഡിക്കല്‍ കോളജ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. ബിജു പൊററക്കാട്, പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുമയ്യ, കെ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ഷാഹിന ടീച്ചര്‍, പിലാക്കാടന്‍ ആയിഷ, എ.ഇ.ഒമാരായ ജയപ്രകാശ്, ഹുസൈന്‍ മാസ്റ്റര്‍, ബി.പി.ഒ രാമകൃഷ്ണന്‍, സയ്യിദ് ബി.ദുജ, പിലാക്കല്‍ ഇസ്മാഈല്‍, എന്‍.പി അബുഹാജി,സന്ദീപ് കൃഷ്ണന്‍,ഇ.കെ ദാമോദരന്‍, ജംഷീല്‍ അബൂബക്കര്‍, പ്രൊഫ. എം മൊയ്തീന്‍ കുട്ടി, ഡോ. യു മൊയ്തീന്‍ കുട്ടി, സി ഹംസ, എന്‍ അബ്ബാസലി, നെച്ചിയില്‍ ബാവ, ദാമോദരപണിക്കര്‍, ഉമ്മര്‍കുട്ടി മാസ്റ്റര്‍, ഹരിശങ്കര്‍, ഉണ്ണിമൊയ്തീന്‍, ഹെഡ്മിസ്ട്രസ് എം ഹഫ്‌സത്ത് ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."