ഒരുവകുപ്പിന് രണ്ടുമന്ത്രി: മന്ത്രിസഭയില്‍ പുതിയ വിവാദം
തിരുവനന്തപുരം: പുതിയ മന്ത്രിസഭയില്‍ ഒരുവകുപ്പിന് രണ്ട് മന്ത്രിമാരെ നല്‍കിയത് വിവാദമാകുന്നു. മ്യൂസിയം, മൃഗശാല വകുപ്പിനെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാക്കിയത്. മ്യൂസിയം കടന്നപ്പള്ളി രാമചന്ദ്രനും മൃഗശാല, കെ. രാജുവിനും നല്‍കിയാണ് വകുപ്പിനെ വെട്ടിമുറിച്ചത്. വകുപ്പിലെ ഭരണകക്ഷി യൂനിയനും പ്രതിപക്ഷ യൂനിയനും പരാതികളുമായി സംഘടനകളില്‍ കലാപമുയര്‍ത്തിക്കഴിഞ്ഞു.
യു.ഡി.എഫ് മന്ത്രിസഭയില്‍ ഒരു വകുപ്പും മൂന്നു മന്ത്രിമാരുമായിരുന്നുവെന്ന് കുറ്റം പറഞ്ഞിരുന്നവര്‍ അധികാരത്തിലെത്തിയപ്പോള്‍ അതേ മാര്‍ഗം സ്വീകരിച്ചതിലുള്ള അതൃപ്തിയാണ് ഭരണകക്ഷി യൂനിയനിലെ ജീവനക്കാര്‍ക്കുള്ളത്. വകുപ്പുതലത്തില്‍ മ്യൂസിയം, മൃഗശാല ഡയറക്ടര്‍ രണ്ടു മന്ത്രിമാരെയും കണ്ടു പരാതി അറിയിച്ചിട്ടുണ്ട്. നിലവില്‍ രണ്ടു വകുപ്പുകളാക്കേണ്ട അവസ്ഥയില്ലെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്. എന്നാല്‍ എല്‍.ഡി.എഫില്‍ മന്ത്രിപദം പങ്കുവച്ചപ്പോള്‍ സി.പി.ഐ, കോണ്‍ഗ്രസ് എസ് എന്നീ ഘടകകക്ഷികളെ തൃപ്തിപ്പെടുത്താനായാണ് വകുപ്പിനെ മുറിച്ചത്. മൃഗശാല സി.പി.ഐക്കും, മ്യൂസിയം കോണ്‍ഗ്രസ് എസിനും നല്‍കുകയായിരുന്നു. ചില ഐ.എ.എസ്-ഐ.എഫ്.എസ് ലോബികളുടെ പ്രവര്‍ത്തനമാണ് വകുപ്പിനെ രണ്ടാക്കി മുറിച്ചത് എന്നും ആരോപണമുണ്ട്.
വനംവകുപ്പിന്റെ കീഴില്‍ മൃഗശാലയേയും, സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ മ്യൂസിയത്തേയും എത്തിക്കുകയെന്നതായിരുന്നു ഈ ലോബികളുടെ ലക്ഷ്യം. ഒരു വകുപ്പിനെ രണ്ടാക്കുമ്പോള്‍ എടുക്കേണ്ടിയിരുന്ന സ്വാഭാവിക നടപടികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് ജീവനക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഒരുമാസത്തിനു മുന്‍പ് ഒരു വകുപ്പില്‍ ജോലിചെയ്തിരുന്നവര്‍ പെട്ടെന്ന് രണ്ടു വകുപ്പിലായിരിക്കുകയാണ്. ജീവനക്കാരെ നിയമിക്കുന്നതിലും, ഫണ്ടുകള്‍ ചെലവഴിക്കുന്നതിലും, കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിലും രണ്ടു വകുപ്പുകള്‍ രണ്ടുവഴിക്ക് കാര്യങ്ങള്‍ നീക്കേണ്ട അവസ്ഥയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."