ചെറുകുളത്തെ തടയണയില്‍ വെള്ളമില്ല; കുടിവെള്ളക്ഷാമവും രൂക്ഷം
മഞ്ചേരി: ചെറുകുളം പള്ളിപ്പടിയില്‍ നൂറുകണക്കിനു കര്‍ഷകര്‍ ആശ്രയിക്കുന്ന തടയണ കൊടിയ വേനലിന്റെ പിടിയിലമര്‍ന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രദേശത്തെ കര്‍ഷകരുടെയും മറ്റും ആശ്രയമായിരുന്ന ഈ തടയണ പൂര്‍ണമായും വറ്റി വരണ്ടിരിക്കുകയാണ്. പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്.
തൃക്കലങ്ങോട് പഞ്ചായത്ത് നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മിച്ച ഈ തടയണയില്‍ നിന്നു വെള്ളം ഉപയോഗിച്ചാണ് പരിസരത്തുള്ള നെല്ല്, വാഴ തുടങ്ങിയ കൃഷിയിനങ്ങള്‍ പുഷ്ടിപ്പെട്ടിരുന്നത്.വലിയ തുക ലോണെടുത്തും അല്ലാതെയും കൃഷിയിറക്കിയവരും പാട്ടത്തിനു കൃഷിചെയ്തു ജീവിക്കുന്നവരുമായ പ്രദേശത്തെ നൂറുകണക്കിനു കര്‍ഷകര്‍ തങ്ങളുടെ കൃഷിയിലേക്കു വെള്ളത്തിന് എന്തു ചെയ്യുമെന്ന ആശങ്കയിലായിരിക്കുകയാണിപ്പോള്‍.
ചെറുകുളത്തും പരിസരങ്ങളിലും കമുങ്ങുകളില്‍ കാണുന്ന വ്യാപകമായ മഞ്ഞളിപ്പും കര്‍ഷകര്‍ക്കു ആശങ്ക പരത്തിയിട്ടുണ്ട്. കൃഷിയിനങ്ങള്‍ നശിച്ചുതുടങ്ങുന്നത് ഭൂഗര്‍ഭ ജലത്തിന്റെ സാനിധ്യം കുറഞ്ഞുവരുന്നതു മൂലമാണന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
തടയണയില്‍ വെള്ളമുണ്ടായിരുന്ന വേനല്കാലങ്ങളില് പരിസരത്തെ കിണറുകളിലും വെള്ളം സുലഭമായി ലഭിച്ചിരുന്നു. എന്നാല്‍ ഇത് വറ്റിവരണ്ടതോടെ കിണറുകളിലും വെള്ളമില്ലാത്ത സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ക്കു മാത്രമല്ല , മറ്റു ജീവജാലങ്ങളും ഭീഷണിയെ നേരിടുകയാണ്.
ഇതുകൂടാതെ ചെറുകുളത്ത് കഴിഞ്ഞ നാലുപതിറ്റാണ്ടായി വെള്ളം ലഭിച്ചിരുന്ന എലിക്കോട് മലയിലെ അമൂല്യ നീരുറവയും ഇത്തവണ വറ്റിവരണ്ടു. ചെറുകുളം ജുമുഅത്ത് പള്ളിയിലേക്ക് എലിക്കോട് മലയുടെ താഴ്വാരത്തെ ഈ കുഴിയില്‍ നിന്നാണ് വെള്ളമെത്തിച്ചിരുന്നത്.
മലയുടെ ചെരുവില്നിന്നു ഏകദേശം നൂറു മീറ്റര്‍ അകലെയുള്ള പള്ളിയിലേക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം എത്തിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം നാലു പതിറ്റാണ്ടായെന്നും ഈ വെള്ളം പള്ളിയുടെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവരികയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."