കുടിവെള്ളത്തില്‍ വര്‍ഗീയത കലര്‍ത്തിയ ബി.ജെ.പി എം.പിക്കും നേതാക്കള്‍ക്കുമെതിരേ കേസ്
കുറ്റിപ്പുറം: കുടിവെള്ള വിവാദ വിഷയത്തില്‍ വര്‍ഗീയ പ്രചാരണം നടത്തിയ ബി.ജെ.പി എം.പിക്കെതിരേയും സാമൂഹിക മാധ്യമങ്ങള്‍ വഴി നുണയും വര്‍ഗീയ സന്ദേശങ്ങളും പ്രചരിപ്പിച്ച പ്രാദേശിക ബി.ജെ.പി നേതാക്കള്‍ക്കെതിരേയും കുറ്റിപ്പുറം പൊലിസ് കേസെടുത്തു. മതമൈത്രിക്ക് പേരുകേട്ട മലപ്പുറം ജില്ലയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ബി.ജെ.പിയുടെ കര്‍ണാടകയില്‍നിന്നുള്ള ചിക്മംഗുളൂരു എം.പി ശോഭ കരന്ദലജെ ശ്രമിച്ചുവെന്ന് കാണിച്ച് സുപ്രിം കോടതി അഭിഭാഷകനും കുറ്റിപ്പുറം സ്വദേശിയുമായ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്.
പൈങ്കണ്ണൂര്‍ ചെറുകുന്ന് കോളനിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന രീതിയിലാണ് ശോഭ കരന്ദലജെ ട്വിറ്റര്‍ വഴി വര്‍ഗീയ പ്രചാരണം നടത്തിയത്. ശോഭയുടെ ചുവട് പിടിച്ച് ബി.ജെ.പി നേതാക്കളും സാമൂഹിക മാധ്യമങ്ങളില്‍ നുണപ്രചാരണം അഴിച്ചുവിട്ടിരുന്നു.
സേവാഭാരതി പ്രവര്‍ത്തകരെ ഇറക്കി പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്ന ചിത്രമെടുത്തു നാടൊട്ടുക്കും പ്രചാരണം നടത്തുകയായിരുന്നു. പഞ്ചായത്തിന്റെ കുടിവെള്ള വിതരണം മുടങ്ങിയതോടെ പ്രദേശവാസിയായ ഒരാള്‍ സ്വന്തം പറമ്പിലെ കിണറില്‍നിന്ന് ജലക്ഷാമം അനുഭവിക്കുന്നവരുടെ വീടുകളിലേക്ക് താല്‍ക്കാലികമായി കുടിവെള്ളം കൊണ്ടുപോകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പതിനഞ്ചോളം കുടുംബങ്ങള്‍ ഈ കുടിവെള്ളം വര്‍ഷങ്ങളായി ഉപയോഗിക്കുന്നുണ്ടെ ആരെയും ഇന്നുവരെ വെളളമെടുക്കുന്നതില്‍നിന്ന് വിലക്കിയിട്ടില്ലെന്ന് സ്ഥലം ഉടമ അഷ്‌റഫ് വെളേരി അറിയിച്ചു.
മോട്ടോര്‍ തകരാറിലായതിനാല്‍ എട്ട് മാസത്തോളമായി ചെറുകുന്ന് കോളനി അടക്കമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിക്കിടക്കുകയാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ വര്‍ഗീയ മുതലെടുപ്പ് നടത്തുന്ന ബി.ജെ.പി നിലപാടില്‍ സി.പി.എം കുറ്റിപ്പുറം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
ജലനിധി പദ്ധതി യുടെ പേരില്‍ ചെറുകിട കുടിവെള്ള പദ്ധതികളെ ശ്രദ്ധിക്കാതെ പോയതും തിരുന്നാവായ റെയില്‍വേ ലൈനിനടിയിലെ ചോര്‍ച്ച കാരണം ജല വിതരണം നിറുത്തിയതുമാണ് പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയത്.
പ്രചരിക്കപ്പെട്ടപോലെ കുടിവെള്ളം തടയുന്ന യാതൊരു പ്രശ്‌നവും ഇവിടെ ഉണ്ടായിട്ടില്ലെന്നും വെള്ളക്ഷാമം കാരണം ഉപയോഗം പരിമിതപ്പെടുത്തണമെന്ന അഭിപ്രായം മാത്രമാണ് വെള്ളം നല്‍കുന്ന വ്യക്തി പറഞ്ഞതെന്നും കോളനി നിവാസികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."