മുസ്‌ലിംലീഗിന്റെ നക്ഷത്രപ്പോരാളികള്‍
എതിര്‍പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പ്രാപ്തിയുള്ള നക്ഷത്രപ്പോരാളികള്‍ ഏതൊരു രാഷ്ട്രീയസംഘടനയുടെയും അഭിമാനമാണ്. വോട്ടിങ്‌നിലയില്‍ മുന്നണികള്‍ തമ്മില്‍ നേരിയ വ്യത്യാസംമാത്രമുള്ള കേരളത്തില്‍ താരപരിവേഷമാണിവര്‍ക്ക്. ഉറച്ചമണ്ഡലങ്ങള്‍പോലും ചിലവന്മരങ്ങളുടെ തോല്‍വിയിലൂടെ നഷ്ടപ്പെട്ടു പാര്‍ട്ടി പകച്ചുനില്‍ക്കുമ്പോള്‍ രക്ഷയ്‌ക്കെത്തുന്നത് ഇവരാണ്.
എതിര്‍പാര്‍ട്ടിയുടെ സീറ്റുകള്‍ അത്യധ്വാനത്തിലൂടെ പിടിച്ചെടുത്തു സ്വന്തംപാര്‍ട്ടിക്കു സീറ്റു കൂട്ടിക്കൊടുക്കുന്ന ഇവര്‍ പാര്‍ട്ടിയുടെ ജീവനാഡിയാണ്. ചിലര്‍ ക്ഷണിച്ചുവരുത്തുന്ന തിരിച്ചടികള്‍ക്കിടയിലും സംഘടനയുടെ ഭാവി ഇവര്‍ പ്രത്യാശാനിര്‍ഭരമാക്കുന്നു. സ്വന്തംപാര്‍ട്ടിക്കാര്‍ വലിയ ആദരവോടെ കാണുന്ന ഇവരെ എതിര്‍പാര്‍ട്ടിക്കാര്‍ കാണുന്നതു വന്‍വെല്ലുവിളിയായാണ്.
മുസ്‌ലിംലീഗിനുമുണ്ട് സുശക്തമായൊരു നക്ഷത്രപ്പോരാളിസംഘം. ഇടതുമുന്നണിയുടെ സിറ്റിങ്‌സീറ്റുകള്‍ പിടിച്ചെടുക്കാന്‍ അപാരവൈദഗ്ധ്യമുള്ള ഇവര്‍ക്ക് അവിടെ തുടര്‍മത്സരങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനും കഴിയുന്നുവെന്നതു കാണിക്കുന്നതു ജനം ഇവര്‍ക്കു നല്‍കുന്ന സ്വീകാര്യതയും അംഗീകാരവുമാണ്.
ഡോ. എം.കെ മുനീര്‍, കെ.എം ഷാജി, മഞ്ഞളാംകുഴി അലി, വി.കെ ഇബ്രാഹിംകുഞ്ഞ്, അഡ്വ. എന്‍ ശംസുദ്ദീന്‍, സി മോയിന്‍കുട്ടി, പാറയ്ക്കല്‍ അബ്ദുല്ല എന്നിവരാണു ലീഗിന്റെ നക്ഷത്രപ്പോരാളികള്‍.
നക്ഷത്രപ്പോരാളികളെക്കൊണ്ടു ലീഗിനു നേട്ടംമാത്രമേയുണ്ടായിട്ടുള്ളൂ. ലീഗിന്റെ ഒരു സിറ്റിങ് സീറ്റുപോലും അവര്‍ നഷ്ടപ്പെടുത്തിയിട്ടില്ല. ഇടതിന്റെ സിറ്റിങ്‌സീറ്റുകളാണ് അവര്‍ മത്സരിച്ചുജയിച്ച് പാര്‍ട്ടിക്കു സ്വന്തമാക്കിക്കൊടുക്കുന്നത്. അവര്‍ പാര്‍ട്ടിക്കുചെയ്തുകൊടുക്കുന്ന സേവനം ഉദാത്തമാണ്, സമാനതകളില്ലാത്തതാണ്. 2011 ലെ തെരഞ്ഞെടുപ്പു പ്രകടനത്തെയപേക്ഷിച്ച് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിനു ഭൂരിപക്ഷം വര്‍ധിപ്പിച്ചു നിലമെച്ചപ്പെടുത്താനായ ആറുമണ്ഡലങ്ങളില്‍ പി.കെ ബഷീറിന്റെ ഏറനാടൊഴിച്ചു മറ്റ് അഞ്ചും ഈ നക്ഷത്രപ്പോരാളികളുടേതാണ്.
ലീഗിന്റെ നക്ഷത്രപ്പോരാളികളില്‍ പ്രമുഖനാണ് എം.കെ മുനീര്‍. നിയമസഭയിലേയ്ക്കു മത്സരിക്കാന്‍ പാര്‍ട്ടി മുനീറിനു സീറ്റുനല്‍കിയത് ആറുതവണ. അതില്‍ മൂന്നുതവണയും ഇടതിന്റെ സിറ്റിങ് സീറ്റുകള്‍. 1991 ല്‍ കോഴിക്കോട് രണ്ട്, 2006 ല്‍ മങ്കട, 2011 ല്‍ കോഴിക്കോട് സൗത്ത് എന്നിവ. 1991 ല്‍ 3883 വോട്ടിന് കോഴിക്കോട് രണ്ട് ഇടതില്‍നിന്നു പിടിച്ചെടുത്ത് നിയമസഭയിലേയ്ക്കുള്ള കന്നിയങ്കം. 1996 ലും 2001 ലും മുനീറിന്റെ സീറ്റ് മലപ്പുറമായിരുന്നു. 2001 ലെ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷംനേടിയ സ്ഥാനാര്‍ഥിയായി മുനീര്‍ മലപ്പുറത്തും തിളങ്ങി.
2006 ല്‍ പാര്‍ട്ടി മുനീറിനെ നിയോഗിച്ചത് 2001 ല്‍ കെ.പി.എ മജീദിനെ തോല്‍പ്പിച്ച് അവിടെ ജയിച്ച അലിയില്‍നിന്നു മങ്കട തിരിച്ചുപിടിക്കാനാണ്. ആ ദൗത്യത്തില്‍ വിജയിക്കാനായില്ലെങ്കിലും ജയിച്ച സ്ഥാനാര്‍ഥിയായ മഞ്ഞളാംകുഴി അലിയെ ലീഗിലേയ്ക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കി മുനീര്‍ മങ്കടയെ ലീഗിന്റെ അക്കൗണ്ടില്‍ത്തന്നെ ചേര്‍ത്തു. ആ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ മുനീറിന്റെ തോല്‍വിയായിരുന്നു പിന്നീട് അലി ലീഗിലേയ്ക്കു വരുന്നതിനും അടുത്തതെരഞ്ഞെടുപ്പില്‍ മങ്കടയും പെരിന്തല്‍മണ്ണയും ഒന്നിച്ചു ലീഗിനു തിരിച്ചുകിട്ടുന്നതിനും നിമിത്തം. 2006 ല്‍ 14093 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ജയിച്ച കോഴിക്കോട് രണ്ട് പിന്നീട് കോഴിക്കോട് സൗത്ത് എന്ന പേരിലായി. 2011 ല്‍ ഈ മണ്ഡലം 1376 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുനീര്‍ പിടിച്ചെടുത്തു. 2016 ല്‍ ഭൂരിപക്ഷം അഞ്ചിരട്ടിയോളം വര്‍ദ്ധിപ്പിച്ച് 6327 ആക്കി.
കെ. എം. ഷാജിയാണ് ലീഗിന്റെ മറ്റൊരു നക്ഷത്രപ്പോരാളി. കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ നെടും തൂണായ പ്രകാശന്‍മാസ്റ്ററെ തോല്‍പ്പിച്ചാണു ഷാജി അഴീക്കോട് പിടിച്ചെടുത്തത്. 493 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചതെങ്കിലും മണ്ഡലം അഴീക്കോടായതിനാല്‍ അതിനു മാധുര്യമേറി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാജിയെ നേരിടാന്‍ സി.പി.എം രംഗത്തിറക്കിയത് മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാറിനെ. തെരഞ്ഞെടുപ്പില്‍ ഷാജിക്ക് വന്‍ജയം. ഭൂരിപക്ഷം 2287. ലീഗ്പ്രവര്‍ത്തകര്‍ക്ക് ഇന്നു വലിയ ആവേശമാണ് ഷാജി. സി.പി.എമ്മിനെ അതിന്റെ കോട്ടക്കകത്ത് കേറിച്ചെന്നാണ് അദ്ദേഹം മലര്‍ത്തിയടിച്ചത്.
ഒരുവെടിക്കു രണ്ടുപക്ഷിയെന്നു കേട്ടിട്ടുണ്ടാകാം, എന്നാല്‍ ഒരുമത്സരത്തില്‍ രണ്ടുവിജയമെന്നതോ അങ്ങനെയൊന്ന് കേരളക്കാരെ പരിചയപ്പെടുത്തിയ സാരഥിയാണ് മഞ്ഞളാംകുഴി അലി. 2011 ല്‍ പെരിന്തല്‍മണ്ണയില്‍ മത്സരിച്ച് ആ മണ്ഡലത്തിനു പുറമെ മങ്കടയില്‍ കൂടി യു.ഡി.എഫ് ജയം സാധ്യമാക്കിയ വ്യക്തിയാണ് അലി. ആ വിജയങ്ങള്‍ ഇത്തവണയും ആവര്‍ത്തിച്ചു. ഏതു പ്രതികൂലഘടകവും സരസമായി മിറകടക്കാനുളള അപൂര്‍വചാരുത അലിക്കുണ്ട്.
1996 ല്‍ ലീഗിനു നഷ്ടപ്പെട്ട മട്ടാഞ്ചേരി 2001 ല്‍ തിരിച്ചുപിടിച്ച വി.കെ ഇബ്രാഹിംകുഞ്ഞ് തെരഞ്ഞെടുപ്പുരാഷട്രീയത്തിലെ ശ്രദ്ധേയനായ പോരാളിയാണ്. 2006 ലെ തെരഞ്ഞെടുപ്പില്‍ ലീഗിനു വന്‍തിരിച്ചടി നേരിട്ടപ്പോഴും മട്ടാഞ്ചേരിയില്‍ അദ്ദേഹം ഉജ്ജ്വലവിജയം നേടി. മണ്ഡലപുനര്‍നിര്‍ണയത്തിനുശേഷം കളമശ്ശേരിയില്‍ കഴിഞ്ഞതവണയും ഇത്തവണയും മിന്നുന്ന ജയം.
മണ്ണാര്‍ക്കാട് മണ്ഡലം കഴിഞ്ഞതവണ തിരിച്ചുപിടിച്ച അഡ്വ. എന്‍. ശംസുദ്ദീന്‍ ഇത്തവണ ഉയര്‍ന്ന ഭൂരിപക്ഷത്തിന് അതുനിലനിര്‍ത്തി. ശംസുദ്ദീനെ തോല്‍പിക്കണമെന്ന രീതിയില്‍ ഒരു മുസ്ലിയാര്‍ നടത്തിയ ആഹ്വാനം അദ്ദേഹത്തിന് ഉപകാരമായി പരിണമിച്ചു. കുറ്റ്യാടി സീറ്റ് ഇടതില്‍നിന്നു പിടിച്ചെടുത്ത പാറയ്ക്കല്‍ അബ്ദുല്ല ഒരു പുതിയ താരോദയത്തെ സൂചിപ്പിക്കുന്നു. സി.പി.എമ്മിന്റെ എല്ലാശക്തിയും ഒരുമിച്ചുകൂടിയ കുറ്റ്യാടിയില്‍ അബ്ദുല്ല നേടിയ വിജയം കോഴിക്കോട് ജില്ലയിലെ യു.ഡി.എഫിന്റെ ചരിത്രത്തില്‍ പ്രോജ്വലമായൊരു നാഴികക്കല്ലാണ്. തിരുവമ്പാടിയിലെ മോയിന്‍കുട്ടി ഇഫക്റ്റും നക്ഷത്രപ്പോരാളിയുടെ പ്രതിഫലനമാണ്.
ഒരോ പാര്‍ട്ടിയും അതിന്റെ നക്ഷത്രപ്പോരാളികള്‍ക്കു വലിയപരിഗണനയാണു നല്‍കാറുള്ളത്. സീറ്റ് നിഷേധിക്കാറില്ല. മണ്ഡലം മാറ്റുകയാണെങ്കില്‍പ്പോലും രണ്ടുതവണ ആലോചിക്കും. മറ്റാരെങ്കിലും മത്സരിച്ചാല്‍ ആ സീറ്റ് നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് കാരണം. ഉദാഹരണത്തിന് 1991 ല്‍ കോഴിക്കോട് രണ്ട് ഇടതില്‍നിന്നു പിടിച്ചെടുത്ത മുനീറിനെ 1996 ലെ തെരഞ്ഞെടുപ്പില്‍ അവിടെനിന്നു പിന്‍വലിച്ചു മലപ്പുറത്തു സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ലീഗിന് കോഴിക്കോട് രണ്ട് നഷ്ടപ്പെട്ടു. തിരുവമ്പാടി നല്‍കുന്ന ചിത്രവും വ്യത്യസ്തമല്ല. പെരിന്തല്‍മണ്ണയില്‍നിന്ന് അലിയെ പിന്‍വലിച്ചാലറിയാം അവിടുത്തെ ഊഷരതയുടെ തീക്ഷ്ണത.
നക്ഷത്രപ്പോരാളികളിലൂടെ നേടുന്ന മണ്ഡലങ്ങളില്‍ സംഘടനാസംവിധാനം ശക്തിപ്പെടുത്താനും അങ്ങനെ അവിടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മറ്റാരു മത്സരിച്ചാലും ജയിക്കാവുന്ന സാഹചര്യം സൃഷ്ടിക്കാനും സംഘടനാനേതൃത്വത്തിനു കഴിഞ്ഞാല്‍ പാര്‍ട്ടിക്കതു കൂടുതല്‍ ഗുണകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."