കൃഷിഭൂമിയിലെ വന്യ മൃഗശല്യം സംഘടിതമായി പ്രതിരോധിക്കും: കര്‍ഷകക്കൂട്ടായ്മ
മൂവാറ്റുപുഴ:കൃഷിഭൂമിയില്‍ രൂക്ഷമാകുന്ന വന്യമൃഗശല്യം സംഘടിതമായി പ്രതിരോധിക്കുന്നതിനു ഇന്നലെ മൂവാറ്റുപുഴയില്‍ ചേര്‍ന്ന രാഷ്ട്രീയേതര കര്‍ഷകസംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചതായി ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കൃഷിയും കര്‍ഷകരും നാടിന്റെ നട്ടെല്ലാണ്.
വന്യമൃഗങ്ങളുടെ ശല്യം മൂലം കര്‍ഷകര്‍ വലിയപ്രതിസന്ധിയിലാണ്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതുമൂലം പൊറുതിമുട്ടി കര്‍ഷകര്‍ ആത്മഹത്യചെയ്യുകയാണ്.പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍,പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യാനാകുന്നില്ല. നിരവധിപ്പേര്‍ ഇതിനോടകം കൃഷി ഉപേക്ഷിച്ചു.കര്‍ഷകരുടെ കൈവശമുള്ള ആയിരകണക്കിനു ഹെക്ടര്‍ സ്ഥലം വന്യമൃഗങ്ങളുടെ ശല്യംമൂലം കൃഷിചെയ്യാതെ തരിശായി കിടക്കുകയാണ്.കൃഷിഭൂമി കര്‍ഷകന്റേതാണ്. കൃഷി ഭൂമിക്കും കൃഷിക്കും സര്‍ക്കാര്‍ പരിരക്ഷ ഉറപ്പാക്കണം. ഇതിനു സത്വരനടപടിയുണ്ടായില്ലെങ്കില്‍ കര്‍ഷകര്‍ സംഘടിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകും. നിലവിലുള്ള നിയമങ്ങള്‍ വന്യജീവികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതും മനുഷ്യര്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയുണ്ടാക്കുന്നതുമാണ്. ഈ നിയമങ്ങളില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്.കൃഷി നശിപ്പിച്ചാല്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല.ഇതിനു മാറ്റമുണ്ടാകണം.വനം സ്വാഭാവിക വനമേഖലയായി തന്നെ നില നിറുത്തണം.വന ഭൂമി കുത്തക കമ്പനികള്‍ക്ക് പാട്ടത്തിന് കൊടുക്കുന്ന നടപടി അവസാനിപ്പിക്കണം.ഇതുവഴി സ്വാഭാവിക വനം നശിക്കുകയാണ്. ഇതോടെ വന്യമൃഗങ്ങള്‍ തീറ്റയും വെള്ളവും തേടി നാട്ടിലേക്കിറങ്ങുകയാണ്.കാട്ടുതീ വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ഇതുആസൂത്രിതമാണ്. ഇതിനെതിരെ അന്വേഷണമുണ്ടാകണം. വനപാലകര്‍ പ്രദേശവാസികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം.ഉപയോഗശൂന്യമായ റെയില്‍പാളങ്ങള്‍ ഉപയോഗിച്ച് ഉറപ്പുള്ള സംരക്ഷണവേലി കെട്ടി കൃഷിയിടങ്ങളും ജനവാസമേഖലയും സുരക്ഷിതമാക്കണം.നിലവിലുള്ള സംരക്ഷണമാര്‍ഗങ്ങള്‍ അപര്യാപ്തമാണ്. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന് കര്‍ഷകസംഘടനകളുടെ പ്രതിനിധികളായ മാനുവല്‍ തോമസ്,ജോയി കണ്ണംചിറ,പ്രഫ.ചാക്കോ കാളാംപറമ്പില്‍, അഡ്വ.വി.ടി.പ്രദീപ്കുമാര്‍,ഡോ.ജോസുകുട്ടി.ജെ.ഒഴുകയില്‍ എന്നിവരടങ്ങുന്ന അഞ്ചംഗകമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.അടുത്തമാസം യോഗം ചേര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട രൂപരേഖ തയാറാക്കും.
സംസ്ഥാനത്തെ 16-ല്‍പരം കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 60-ാളം പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. ഷെവ.അഡ്വ.വി.സി.സെബാസ്റ്റ്യന്‍,വി.ടി.പ്രദീപ്, ജോയി കണ്ണംചിറ,ഡോ.ജോസുകുട്ടി ജെ.ഒഴുകയില്‍, ഫാ.ജോസഫ് പൗവത്ത്,ഡോ.എം.സി.ജോര്‍ജ്,ജിനറ്റ് ചാലക്കുടി, ടോമി കഞ്ഞിക്കുഴി, ജോസ് എടപ്പാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."