മഞ്ചേരിയിലെ തുടര്‍ച്ചയായ അക്രമം: പ്രതികളെ ഇനിയും പിടികൂടിയില്ല
മഞ്ചേരി: മഞ്ചേരിയിലെ തുടര്‍ച്ചയായ അക്രമങ്ങളിലെ പ്രതികളെ കണ്ടെത്താനാകാതെ പൊലിസ്. ഒരാഴ്ചക്കിടെ മൂന്ന് അക്രമങ്ങളാണ് മഞ്ചേരി നഗരത്തില്‍ ഉണ്ടായത്. അഞ്ചിന് വൈകിട്ട് മഞ്ചേരി കിഴക്കെതല പുളിക്കത്തൊടി മൂസക്കുട്ടിയുടെ മകന്‍ സൈതലവി (34)യെ ആറംഗ സംഘം കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. തലനാരിഴക്കാണ് സൈതലവി അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ സംഭവത്തില്‍ പ്രതികളെ പിടികൂടാനായില്ല. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സൈതലവിയെ 2014 ലും ഒരു സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കേസുണ്ട്. ഈ കേസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതാണ് വീണ്ടും അക്രമത്തിന് കാരണമെന്ന് എസ്.ഡി.പി.ഐ മഞ്ചേരി മണ്ഡലം കമ്മിറ്റി ആരോപിച്ചിരുന്നു.
തൊട്ടടുത്ത ദിവസമാണ് ഇരുട്ടിന്റെ മറവില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈന്റെ വീട് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ വീട്ടു ഉപകരണങ്ങളും വാഹനങ്ങളും തകര്‍ന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ഹുസൈന്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ശബരിമല പ്രശ്‌നത്തില്‍ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ അതിക്രമങ്ങള്‍ തുടര്‍ക്കഥകളാവുന്നതിനിടെയാണ് മഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീട് ആക്രമിക്കപ്പെട്ടത്.
ഇതിനിടെയാണ് കഴിഞ്ഞദിവസം ഉച്ചക്ക് പയ്യനാട് സംഘ്പരിവാര്‍ പ്രവര്‍ത്തകനായ കറുത്തേടത്ത് അര്‍ജു(27)നെ ബൈക്കിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. വീടിനടുത്തുള്ള വിശ്രമ കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന അര്‍ജുനിനെ രണ്ടു ബൈക്കുകളിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ആക്രമികള്‍ സഞ്ചരിച്ച ഒരു ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതുവരെ ആക്രമികളെ കുറിച്ചുള്ള ഒരുതുമ്പും പൊലിസിന് ലഭിച്ചില്ല. മൂന്ന് സംഭവങ്ങളിലും പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നത് പൊലിസിന്റെ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആക്രമികളെ പിടികൂടാനാകാത്തത് മറ്റ് ആക്രമണങ്ങളിലേക്ക് നയിക്കുമോയെന്ന ആശങ്കയിലാണ് നഗരവാസികള്‍.
നാല് ദിവസത്തിനുള്ളില്‍ എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമത്തിന് ഇരയായത് ഭീതിയോടെയാണ് നാട്ടുകാര്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."